അതിവേഗ കോടതികൾ: സുപ്രീംകോടതിക്ക് അതൃപ്തി
Thursday, September 13, 2018 12:26 AM IST
ന്യൂഡൽഹി: ക്രമിനൽ നടപടികൾ നേരിടുന്ന എംപിമാർക്കും എംൽഎമാർക്കും എതിരായ കേസ് പരിഗണിക്കുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും ഹൈക്കോടതി രജിസ്ട്രാർമാരുടെയും നടപടിയിൽ സുപ്രീംകോടതിക്ക് അതൃപ്തി.
ഒക്ടോബർ പന്ത്രണ്ടോടെ ഇതു സംബന്ധിച്ച മുഴുവൻ വിവരങ്ങളും സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. ഇതുവരെ ഇതു സംബന്ധിച്ച വിവരം നൽകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹൈക്കോടതി രജിസ്ട്രാർ ജനറൽമാരും കേസിൽ അടുത്ത വാദം കേൾക്കുന്നതിനു മുൻപ് മുഴുവൻ വിവരങ്ങളും കോടതിയിൽ സമർപ്പിക്കണമെന്ന് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.
കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കുന്നുണ്ടോ എന്ന കാര്യം തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഡൽഹി രണ്ട് അതിവേഗ കോടതികൾ സ്ഥാപിച്ചു. ഓരോ അതിവേഗ കോടതികൾ സ്ഥാപിച്ച കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ എന്നിവ ഒരോന്നും. പ്രത്യേക കോടതികൾക്ക് കൈമാറിയ ഇത്തരം കേസുകളുടെ കൃത്യമായ എണ്ണം സുപ്രീംകോടതി മുൻപാകെ സമർപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് രഞ്ജൻ ഗൊഗോയി, നവീൻ സിൻഹ, കെ എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
രാജ്യത്തെ അതിവേഗ കോടതികളിൽ എംപിമാർക്കും എംഎൽഎമാർക്കുമെതിരേയുള്ള ക്രിമിനൽ കേസുകളുടെ കണക്കുകൾ നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്നും ഇതിൽ കോടതി ആശങ്ക പ്രകടിപ്പിക്കുകയാണെന്നും ഓഗസ്റ്റ് 30ന് കേസ് പരിഗണിക്കവേ ബെഞ്ച് വ്യക്തമാക്കിയിരുന്നു.