ഇറാനില്‍ വിമാനാപകടം : 66 പേര് കൊല്ലപ്പെട്ടു
Monday, February 19, 2018 12:55 AM IST
ടെഹ്റാന്: ഇറാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 66 പേര് മരിച്ചു. ടെഹ്റാനില്‍ നിന്ന് യാസൂജിലേക്കുള്ള യാത്രയ്ക്കിടെ ഇസ്ഫഹാനു സമീപം ദീന പര്‍വത മേഖലയിലാണ് ആസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനം അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിയുള്‍പ്പെടെ 60 യാത്രക്കാരും ആറു ജീവനക്കാരും മരിച്ചതായി എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.
ഇന്നലെ പ്രാദേശിക സമയം രാവിലെ അഞ്ചിനാണു മെഹ്റാബാദ് വിമാനത്താവളത്തില്‍ നിന്നു വിമാനം യാത്രതുടങ്ങിയത്. 45 മിനിറ്റ് പിന്നിട്ടപ്പോഴേക്കും റഡാറില്‍ നിന്നു വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. ഒരു പുല്‍മൈതാനിയില്‍ അടിയന്തര ലാന്‍ഡിംഗിനു ശ്രമിച്ചപ്പോഴാണു വിമാനം തകര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.ടെഹ്റാനില്‍ നിന്ന് 620 കിലോമീറ്റര്‍ അകലെയുള്ള സെമിറോം നഗരത്തിനോടു ചേര്‍ന്ന് പര്‍വത മേഖലയിലാണ് അപകടം.
ഏറെ വിദൂര മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. പര്‍വതപ്രദേശമായതിനാല്‍ ആംബുലന്‍സ് എത്തിക്കലും വെല്ലുവിളിയാണ്. മൂടല്‍മഞ്ഞു നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അപകടം. ഇതു രക്ഷാപ്രവര്‍ത്തനങ്ങളെ ദുഷ്കരമാക്കുന്നതായി ഇറാന് റെഡ്ക്രോസ് അറിയിച്ചു. ടെഹ്റാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസിമന്‍ എയര്‍ലൈന്‍സ് ഇറാനിലെ മൂന്നാമ ത്തെ വലിയ വിമാന കമ്പനിയാണ്. അപകടത്തില്‍പ്പെട്ട ഇവരുടെ എടിആര്‍ -72 ഇരട്ട എന്ജിന് വിമാനം 1993 ല്‍ നിര്‍മിച്ചതാണ്.