കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്നു. വേണ്ടത്ര ജീവനക്കാരില്ലാതെ 340 ബസുകള്‍ കട്ടപ്പുറത്തായതോടെയാണ് കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്നത്. പ്രതിദിനം 18.5 ലക്ഷം കിലോമീറ്ററോളം സര്‍വീസ് നടത്തേണ്ട സ്ഥാനത്ത് 15.4 ലക്ഷം കിലോമീറ്ററാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നത്.

ദിവസം മൂന്നു ലക്ഷം കിലോമീറ്ററോളം സര്‍വീസ് റദ്ദാക്കുന്നതു കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. പുതിയ ഷാസികള്‍ വാങ്ങാതായതോടെ ബസിന്റെ ബോഡി നിര്‍മാണവും പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതോടെ ഈ രംഗത്തു പണിയെടുത്തിരുന്ന വിദഗ്ധ തൊഴിലാളികള്‍ക്കു പണിയില്ലാതെയുമായി.

സ്പെയര്‍പാര്‍ട്സിന്റെ ക്ഷാമവും ജീവനക്കാരുടെ കുറവും മൂലം ദിനംപ്രതി ആയിരത്തിലധികം ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസി റദ്ദാക്കുന്നത് എന്നാണു വിവരം. ഇതേത്തുടര്‍ന്ന് പ്രതിദിനം 2.7 ലക്ഷം കിലോമീറ്റര്‍ ഓട്ടമാണ് ശരാശരി കുറയുന്നത്. ഇതുമൂലം പ്രതിദിനം ഒന്നരക്കോടിയിലേറെ രൂപ വരുമാന നഷ്ടമാണു കണക്കാക്കുന്നത്. നവംബര്‍ ആദ്യവാരത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെയുള്ള 6215 ബസുകളില്‍ 700-ല്‍ അധികം ബസുകള്‍ സ്പെയര്‍ പാര്‍ട്സില്ലാതെ കട്ടപ്പുറത്താണ്.

കഴിഞ്ഞ 17 മാസത്തിനിടയില്‍ 625 ബസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി ബോഡി ചെയ്തു പുറത്തിറക്കിയത്. ശബരിമല സീസണായിട്ടും പുതിയ ബസുകള്‍ നിര്‍മിക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ബസ് ബോഡി നിര്‍മാണത്തിനു മാത്രമായി നിയമിച്ച ജീവനക്കാരില്‍ ഭൂരിഭാഗവും താത്കാലിക തൊഴിലാളികളായതിനാല്‍ ഇവര്‍ പിരിച്ചുവിടല്‍ ഭീഷണിയിലുമാണ്. ശബരിമല സീസണു മുന്നോടിയായി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണു തൊഴിലാളികളെ സ്ഥലം മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ബസ് ബോഡി നിര്‍മാണത്തിന് മാത്രമായി എടുത്ത തൊഴിലാളികളെ ജോലിയില്ലാത്ത മറ്റു ഡിപ്പോകളിലേക്കു മാറ്റിയത് എന്തിനാണെന്നു ജീവനക്കാര്‍ ചോദിക്കുന്നു. സര്‍വീസുകള്‍ വന്‍തോതില്‍ റദ്ദാക്കപ്പെടുന്നതിനാല്‍ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗത്തിലുള്ള എംപാനല്‍ ജീവനക്കാര്‍ തൊഴിലില്ലായ്മ ഭീഷണിയിലാണ്. കാലപ്പഴക്കം മൂലം ആയിരത്തോളം ബസുകള്‍ ഒഴിവാക്കുന്നതിനും കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ട്. ഇങ്ങനെ വന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.


1211.5 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ഇതുവരെയുള്ള കടബാധ്യത. ഇതില്‍ 1025 കോടി രൂപ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നു മാത്രം കടമെടുത്തതാണ്. പെന്‍ഷന്‍, ശമ്പളം മുതലായവ കൊടുക്കുന്നതിനുവേണ്ടിയാണ് കെഎസ്ആര്‍ടിസി കെടിഡിഎഫ്സിയില്‍ നിന്നു പണം പലിശയ്ക്കു വാങ്ങുന്നത്.

ഇതിനുപുറമേ എല്‍ഐസിയില്‍ നിന്ന് 65 കോടി രൂപയും ഹഡ്കോയില്‍ നിന്നു 96 കോടി രൂപയും കടമെടുത്തിട്ടുണ്ട്. കോ-ഓപ്പറേറ്റീവ് ബാങ്കുകളിലും കെഎസ്ആര്‍ടിസിക്കു കോടിക്കണക്കിനു രൂപ കടമുണ്ട്. ശരാശരി 60 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ മാസം തോറുമുള്ള നഷ്ടം. ഡീസല്‍ വില വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസിക്ക് മാസംതോറും ഉണ്ടാകുന്ന ശരാശരി നഷ്ടം 68 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ, ഇന്നു മുതല്‍ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ തിരുവനന്തപുരത്തു നിന്നും എറണാകുളത്തുനിന്നും അന്തര്‍ജില്ലാ സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.