ഭക്ഷ്യസുരക്ഷാ നിയമത്തില്‍ കേസെടുക്കുന്നതു രക്ഷപ്പെടാന്‍ പഴുതുകളിട്ട്
റിച്ചാര്‍ഡ് ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ കേസെടുക്കുന്നതു ഹോട്ടലുകാര്‍ക്കു രക്ഷപ്പെടാന്‍ പഴുതുകളിട്ട്. നിയമപ്രകാരമുള്ള സാമ്പിള്‍ ശേഖരണംപോലും സംസ്ഥാനത്തു നടക്കുന്നില്ല. നിലവില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാപകമായി സാമ്പിള്‍ ശേഖരിക്കുന്നുണ്െടങ്കിലും ഇതു നിയമാനുസൃതമല്ലാത്തതിനാല്‍ ആരും ശിക്ഷിക്കപ്പെടില്ല.

പുതിയ നിയമപ്രകാരം പ്രത്യേക കവറുകളിലാണു ഹോട്ടലുകളില്‍ നിന്നു ഭക്ഷ്യസാമ്പിളുകള്‍ ശേഖരിക്കേണ്ടത്. എന്നാല്‍, ഇവ സംസ്ഥാനത്തു സുലഭമല്ല. ഷവര്‍മയ്ക്കെതിരേ പരാതി ഉയര്‍ന്ന തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തില്‍നിന്നു മാത്രമാണ് ഇതുവരെ ഇത്തരത്തില്‍ നിയമാനുസൃതമായി സാമ്പിള്‍ ശേഖരിച്ചത്. നിയമം അനുശാസിക്കുന്നതു പ്രകാരമല്ല സാമ്പിള്‍ ശേഖരണം എന്നതിനാലാണ് എടുക്കുന്ന കേസുകളെല്ലാം തള്ളിപ്പോകുന്നത്.

ഗ്രില്‍ഡ് ചിക്കനില്‍ പുഴുവിനെ കണ്െടത്തിയതിനെത്തുടര്‍ന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ റസ്റോറന്റ് ഏതാനും ദിവസത്തിനുശേഷം തുറക്കാന്‍ വഴിയൊരുക്കിയതും ഇതുതന്നെയാണ്. നിയമാനുസൃതമായല്ല ഭക്ഷസുരക്ഷാ ഉദ്യോഗസ്ഥര്‍ സാമ്പിള്‍ ശേഖരിച്ചതെന്നു ചൂണ്ടിക്കാണിച്ചതോടെയാണു റസ്റോറന്റ് തുറന്നു പ്രവര്‍ത്തിക്കുന്നതിനു കോടതി അനുമതി നല്‍കിയത്.


നിയമത്തിനു ചുക്കാന്‍ പിടിക്കേണ്ട കമ്മീഷണറേറ്റിന്റെ രൂപീകരണവും പാതിവഴിയിലാണ്. കമ്മീഷണറെയും ഒരു ജോയിന്റ് കമ്മീഷണറെയും മാത്രമാണ് ഇതുവരെ നിയമിച്ചിട്ടുള്ളത്. ജീവനു ഹാനിവരുത്താതെയുള്ള കൃത്രിമം കാണിക്കല്‍ കുറ്റങ്ങളില്‍ നടപടിയെടുക്കേണ്ടത് അഡ്ജുഡിക്കേറ്റീവ് ഓഫീസറാണ്. എന്നാല്‍ ഈ ഉദ്യോഗസ്ഥനെപ്പോലും ഇനിയും നിയമിച്ചിട്ടില്ല. ഇതു മുതലെടുത്തു ഭക്ഷ്യോത്പന്നങ്ങളില്‍ മായംചേര്‍ക്കല്‍ വര്‍ധിച്ചിട്ടുണ്ട്. ജനപ്രീതിയാര്‍ജിച്ച കറിപൌഡര്‍ കമ്പനികള്‍പോലും 30 ശതമാനംവരെ മായം ചേര്‍ത്താണ് ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാനിയമത്തിനു കീഴില്‍ ഒരു വര്‍ഷത്തിനിടെ രണ്ടു കേസ് മാത്രമേ സംസ്ഥാനത്തു നിയമപരമായി എടുത്തിട്ടുള്ളുവെന്നാണു വിവരം. ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തയാറാകാത്തതിനാല്‍ മോശം ഭക്ഷണം വില്‍ക്കുന്നവര്‍ക്കും മായംചേര്‍ക്കുന്നവര്‍ക്കുംമെതിരേ നിയമനടപടിയെടുക്കാനാവുന്നില്ല. 2006ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ചട്ടം നിലവില്‍വന്നത് 2011 ഓഗസ്റ് നാലിനാണ്.