എംവിആറുമായി കെ.സുധാകരന്‍ കൂടിക്കാഴ്ച നടത്തി
കണ്ണൂര്‍: യുഡിഎഫ് നേതൃത്വവുമായി അകന്നുകഴിയുന്ന സിഎംപി ജനറല്‍ സെക്രട്ടറി എംവിആറുമായി ബര്‍ണശേരിയിലെ വസതിയിലെത്തി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി ചര്‍ച്ച നടത്തി.

മുന്നണിയുമായി ബന്ധപ്പെട്ടു തനിക്കുള്ള പരാതികള്‍ എംവിആര്‍ സുധാകരനുമായി പങ്കുവച്ചു. പരാതികള്‍ക്ക് എത്രയുംവേഗം പരിഹാരമുണ്ടാക്കാന്‍ താന്‍ മുന്‍കൈയ്യെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതിന്റെ പേരില്‍ സിഎംപിക്കു മുന്നണിയില്‍ നിന്നും അവഗണന നേരിടുകയാണെന്നു എംവിആര്‍ പറഞ്ഞു. നേരത്തെ മുന്നണിക്കകത്തുണ്ടാക്കിയ ധാരണ പ്രകാരം പാര്‍ട്ടിക്കു നല്‍കുമെന്നു വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പറേഷന്‍ ഭാരവാഹിത്വങ്ങള്‍ ഇതുവരെ നല്‍കിയില്ലെന്നും എംവിആര്‍ പരാതിപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാവി കാര്യത്തില്‍ എംവിആറിനൊപ്പമാണ് കണ്ണൂരിലെ യുഡിഎഫ് എന്നു സുധാകരന്‍ പറഞ്ഞു.


മുന്നണിയില്‍ നിന്നുള്ളവര്‍ ഘടകകക്ഷിയായ സിഎംപിയെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന തോന്നലാണ് എംവിആറിനെ വിഷമത്തിലാക്കാന്‍ ഇടയാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജിന്റെ നിലവിലുള്ള അവസ്ഥ പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച എംവിആറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് പഴയ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശം അംഗീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.