അടിസ്ഥാനസൌകര്യ വികസനം സംബന്ധിച്ച ആഗോളസമ്മേളനം ഇന്നു മുതല്‍ കൊച്ചിയില്‍
Sunday, January 6, 2013 11:14 PM IST
കൊച്ചി: അടിസ്ഥാനസൌകര്യ വികസനം സംബന്ധിച്ച ആഗോളസമ്മേളനം ഇന്നു മുതല്‍ ഒമ്പതു വരെ കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ആന്‍ഡ് വെസ്റേണ്‍ പസഫിക് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ (ഐഎഫ്എഡബ്ള്യുപിസിഎ) സഹകരണത്തോടെ ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 16 രാജ്യങ്ങളില്‍ നിന്നു നിര്‍മാണവ്യവസായവുമായി ബന്ധപ്പെട്ട 800 പ്രഫഷണലുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഫിലിപ്പീന്‍സിലെ മനിലയില്‍ തുടങ്ങിയ സമ്മേളനത്തിന്റെ 40-ാമത് എഡിഷനാണ് കൊച്ചിയിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുക. ഇന്നു രാവിലെ ഒന്‍പതു മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐഎഫ്എഡബ്ള്യുപിസിഎ പ്രസിഡന്റ് അജിത് ഗുലാബ്ചന്ദ് അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, മന്ത്രി കെ. ബാബു, ഇന്ത്യയിലെ ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ ഡേവിഡ് ഹോളി, മേയര്‍ ടോണി ചമ്മണി, ബിഎഐ ദേശീയ പ്രസിഡന്റ് ബി. സീനയ്യ, ക്രെഡായ് ദേശീയ പ്രസിഡന്റ് ലളിത്കുമാര്‍ ജയിന്‍, റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ സുബീര്‍ വിത്തല്‍ ഗോക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ സെഷനുകള്‍ നടക്കും. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്േടക് സിംഗ് അലുവാലിയ, നാഷണല്‍ ഇന്നൊവേഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ സാം പിട്രോഡ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


നിര്‍മാണമേഖലയിലെ യന്ത്രവത്ക്കരണം, ഇന്ത്യയിലെ ചരിത്രം കുറിച്ച പദ്ധതികള്‍, നിര്‍മാണമേഖലയിലെ സ്ത്രീനേതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. കേന്ദ്രമന്ത്രിമാരായ ഡി. പുരന്ദേശ്വരി, കമല്‍ നാഥ്, ശശി തരൂര്‍, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹികുഞ്ഞ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

നിര്‍മാണ വ്യവസായത്തിലെ അടിസ്ഥാന സൌകര്യങ്ങള്‍ക്ക് ആഗോള സഹകരണം ഉറപ്പാക്കുകയാണു സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഐഎഫ്എഡബ്ള്യുപിസിഎ സെക്രട്ടറി ജനറല്‍ എം.വി. ആന്റണി, ബിഎഐ സംസ്ഥാന അധ്യക്ഷന്‍ അലക്സ് പി. സിറിയക്, സംഘാടക സമിതി ചെയര്‍മാന്‍ കെ. ലെവ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സമ്മേളനത്തിന്റെ ഭാഗമായി ഇക്കോ സ്ട്രോക്സ് എന്ന പേരില്‍ ആലപ്പുഴ മാരാരി ബീച്ച് റിസോര്‍ടില്‍ പെയിന്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആറു രാജ്യങ്ങളില്‍ നിന്നായി 26 കലാകാരന്മാര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഇക്കോ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ നൂറില്‍പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.