സഹോദരനുവേണ്ടി ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ പിഎസ്സി പരീക്ഷയെഴുതി
തൃശൂര്‍: സഹോദരനുവേണ്ടി വ്യാജ വിലാസത്തില്‍ ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ പരീക്ഷയെഴുതിയതു പിഎസ്സി വിജിലന്‍സ് വിഭാഗം കണ്െടത്തി. പരീക്ഷയില്‍ വിജയിച്ച് തൃശൂര്‍ എആര്‍ ക്യാമ്പില്‍ പോലീസ് കോണ്‍സ്റബിളായി ജോലി നോക്കുന്ന കൊല്ലം മുളവന പടപ്പക്കര വീട്ടില്‍ തോമസിനെതിരെയും പരീക്ഷയെഴുതിയ സഹോദരന്‍ ഫയര്‍ഫോഴ്സ് ജീവനക്കാരനായ സജിക്കെതിരെയും വെസ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2006 മാര്‍ച്ച് നാലിനു തൃശൂര്‍ പൂങ്കുന്നം ഗവ. സ്കൂളിലാണ് ഇരുവരും പരീക്ഷയെഴുതിയത്. അടുത്തടുത്ത് സീറ്റ് ലഭിക്കുന്നതിനുവേണ്ടി വ്യാജവിലാസം നല്കിയാണ് ഇവര്‍ അപേക്ഷ നല്‍കിയിരുന്നത്. സീറ്റ് അടുത്തു ലഭിക്കുകയും തോമസിനുവേണ്ടി സഹോദരന്‍ സജി പരീക്ഷയെഴുതുകയും ചെയ്തുവെന്നു പറയുന്നു. പരീക്ഷയില്‍ വിജയിച്ച് തൃശൂര്‍ എആര്‍ ക്യാമ്പില്‍ കോണ്‍സ്റബിളായി ജോലി ലഭിക്കുകയും ചെയ്തു.


ഇവര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് പിഎസ്സി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. പിഎസ്സിയുടെ നിര്‍ദേശപ്രകാരം കേസെടുക്കാന്‍ പോലീസിനോടു നിര്‍ദേശിക്കുകയായിരുന്നു.

ഇത്തരത്തില്‍ സംസ്ഥാനത്തു വ്യാപകമായി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നുണ്െടന്നാണ് പിഎസ്്സി വിജിലന്‍സ് വിഭാഗത്തിനു വിവരം കിട്ടിയിരിക്കുന്നത്. ഇതിനായി ഒരു സംഘംതന്നെ പ്രവര്‍ത്തിക്കുന്നുണ്െടന്നും സൂചനയുണ്ട്. രഹസ്യ പരാതികളെതുടര്‍ന്ന് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിവരികയാണ്. ഇനിയും പലരും കുടുങ്ങുമെന്നാണ് സൂചന.