വടി കൊടുത്ത് ആറന്മുളയില്‍ പോയി അടി വാങ്ങുന്നവര്‍
സാബു ജോണ്‍

തിരുവനന്തപുരം: വടി കൊടുത്ത് അടി ചോദിച്ചുവാങ്ങുക എന്നു കേട്ടിട്ടുണ്ട്. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം ചെയ്തത് അതാണ്. തങ്ങള്‍ ചെയ്ത തെറ്റു തിരുത്തിത്തരണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിനു ഭരണപക്ഷത്തുനിന്നു കണക്കിനുകിട്ടി.

മുല്ലക്കര രത്നാകരനായിരുന്നു അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി വിഷയം അവതരിപ്പിച്ചത്. വിമാന ത്താവളത്തിന്റെ പേരില്‍ അവിടെ നടക്കുന്ന നിയമലംഘനങ്ങളാണു മുല്ലക്കര അവതരിപ്പിച്ചത്. അതെല്ലാം നടന്നതു മുന്‍ സര്‍ക്കാരിന്റെ കാലത്താണെന്നും അതിനെല്ലാം ചൂട്ടുപിടിച്ചത് അവര്‍ തന്നെയാണെന്നുമായിരുന്നു റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ മറുപടിയുടെ സാരാംശം.

പണ്ടു നെടുമ്പാശേരി വിമാനത്താവളത്തിനെതിരേ സമരം നടത്തിയ കഥയും മന്ത്രി പറഞ്ഞു. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയാല്‍ അതു തന്റെ ശരീരത്തുകൂടിയായിരിക്കുമെന്നു പ റഞ്ഞ എസ്. ശര്‍മ പിന്നീടു വിമാനത്താവള കമ്പനിയുടെ വൈസ് ചെയര്‍മാന്‍ ആയിരുന്നില്ലേയെന്നു മന്ത്രി ചോദിച്ചു. താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്നു ശര്‍മ ആണയിട്ടു പറഞ്ഞു. തര്‍ക്കത്തിനില്ലെന്നു പറഞ്ഞ മന്ത്രി പക്ഷേ, പണ്ടു പത്രം വായിച്ചുള്ള ഓര്‍മ തെറ്റാണെന്നു സമ്മതിച്ചില്ല.

വാക്കൌട്ടിലേക്കു നീങ്ങുംമുമ്പു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ മനസു മാറ്റാന്‍ ഒരു ശ്രമം കൂടി നടത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ചില എംഎല്‍എമാര്‍ സമീപിക്കുകയും ചില നടപടികള്‍ സ്വീകരിക്കുകയും ചെയ്തു എന്നതു ശരിയാണെന്നു വിഎസ് സമ്മതിച്ചു. പിന്നീടു തണ്ണീര്‍ത്തടങ്ങളെയുമൊക്കെ ബാധിക്കുമെന്നു കണ്ടപ്പോള്‍ നിലപാടു മാറ്റിയത്രെ. ജനങ്ങള്‍ക്കു ദ്രോഹം ചെയ്യുമെന്നു ബോധ്യപ്പെട്ടാല്‍ പിന്നെ തീരുമാനം മാറ്റാതെ പറ്റുമോ? ഇന്നത്തെ സാഹചര്യത്തില്‍ വിമാനത്താവളത്തിന് അനുമതി കൊടുക്കേണ്ടതില്ലെന്നതാണു തങ്ങളുടെ നിലപാടെന്നു വിഎസ് പറഞ്ഞു.

പക്ഷേ, വിഎസിനുണ്ടായ ബോധ്യം ഉമ്മന്‍ ചാണ്ടിക്കില്ല. വിമാനത്താവളം വേണമെന്നാണു സര്‍ക്കാരിന്റെ നിലപാടത്രെ. മാത്രമല്ല, ഇതു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടു കൂടിയാണ്. അതുകൊണ്ടുതന്നെ മനസു മാറ്റത്തിനു യാതൊരു സ്കോപ്പുമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അപ്പോള്‍ പ്രതിപക്ഷനേതാവും നിലപാടു വ്യക്തമാക്കി. ആറന്മുളയില്‍ വിമാനത്താവളം വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്യുമെന്ന മുന്നറിയിപ്പോടെ വിഎസ് വാക്കൌട്ട് പ്രഖ്യാപിച്ചു.

ഉപധനാഭ്യര്‍ഥനയുടെ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കുപുറമേ മൂന്നു ബില്ലുകള്‍കൂടി ഇന്നലെ സഭയ്ക്കു പരിഗണിക്കേണ്ടിയിരുന്നു. ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷം കുറേ വിമര്‍ശനങ്ങളൊക്കെ നടത്തി. പക്ഷേ, ധനമന്ത്രി കെ.എം. മാണിക്കു തന്റെയും സര്‍ക്കാരിന്റെയും ഭരണത്തെക്കുറിച്ചു നല്ല മതിപ്പുണ്ട്. പരസ്യമായി വിമര്‍ശിച്ചാലും എം.എ. ബേബി എകെജി സെന്ററില്‍ പോയി അവലോകനത്തില്‍ പങ്കെടുക്കുമ്പോള്‍ ഭരണം നല്ലതാണെന്ന സത്യം ഉള്ളുതുറന്നൊന്നു പറയണമെന്ന അഭ്യര്‍ഥന മാത്രമേ മാണിക്കുണ്ടായിരുന്നുള്ളൂ.

ധനവിനിയോഗബില്ലിന്റെ ചര്‍ച്ച സജീവമായതു പ്രതിപക്ഷനേതാവിനു പിന്തുണയുമായി ഭരണപക്ഷം എത്തിയപ്പോഴാണ്. പാര്‍ട്ടിയില്‍ നിന്നു പാരവരുന്ന സാഹചര്യത്തില്‍ ആത്മാഭിമാനമുള്ള പ്രതിപക്ഷ നേതാവ് പോടാ പുല്ലേ എന്നു പറഞ്ഞു പദവി വലിച്ചെറിഞ്ഞു പുറത്തുവന്നാല്‍ ജനങ്ങള്‍ ഒപ്പമുണ്ടാകുമെന്നായിരുന്നു ബെന്നി ബഹനാന്റെ നിലപാട്. എന്നാല്‍, പിന്നാലെ എത്തിയ പി.സി. ജോര്‍ജിനു ബെന്നിയോട് ഇക്കാര്യത്തില്‍ യോജിപ്പില്ല. വിഎസിനെപ്പോലെ മഹാനായ നേതാവ് സ്ഥാനം വലിച്ചെറിയുന്നതു നോക്കി അപ്പുറത്തു പലരുമിരിപ്പുണ്ട് എന്നായിരുന്നു ജോര്‍ജിന്റെ കണ്െടത്തല്‍. അവര്‍ എന്തെങ്കിലും ചെയ്യട്ടെ, നമുക്കെന്താ എന്നു കെ. മുരളീധരന്‍ ചോദിച്ചെങ്കിലും ജോര്‍ജ് വഴങ്ങിയില്ല. വിഎസ് ശുദ്ധനായ നല്ല നേതാവാണെന്നായിരുന്നു ജോര്‍ജിന്റെ നിലപാട്. വിഎസ് പ്രതിപക്ഷനേതാവായി ഇരിക്കുന്നതു കാണാനാണു ജോര്‍ജിനിഷ്ടം. പക്ഷേ, മുഖ്യമന്ത്രിയാകരുതേ എന്നൊരു അഭ്യര്‍ഥനയുമുണ്ട്.


ഈ ചര്‍ച്ചയൊക്കെ നടക്കുമ്പോഴും ഒന്നും കേള്‍ക്കാത്ത മട്ടിലിരിക്കുകയായിരുന്നു പ്രതിപക്ഷനിര. ഇത്രയുമായപ്പോഴേക്കും എ.കെ. ബാലന്‍ എഴുന്നേറ്റു. ശുദ്ധനാണെങ്കില്‍ കേസുകളൊക്കെ പിന്‍വലിക്കരുതോ എന്നായി ബാലന്‍. അതു മക്കളുടെ പ്രശ്നമാണെന്നു ജോര്‍ജ് വിശദീകരിച്ചപ്പോള്‍ മാത്യു ടി. തോമസ് ഇടപെട്ടു. സഭയിലില്ലാത്തവരെക്കുറിച്ച് ആരോപണം ഉന്നയിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സ്പീക്കറുടെ വിലക്കു വരുന്നതിനു മുമ്പേ ജോര്‍ജ് പറഞ്ഞതു പിന്‍വലിച്ചു.

പിന്നാലെ പ്രസംഗിച്ച എം.എം. ബേബി ഇക്കാര്യങ്ങള്‍ക്കുള്ള മറുപടി ഒറ്റ വാചകത്തിലൊതുക്കി: പത്രങ്ങളില്‍ വരുന്ന അഭ്യൂഹങ്ങളെക്കുറിച്ചു പുറത്തു ചര്‍ച്ചചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന വിശദീകരണം. ഏതായാലും ഈ ചര്‍ച്ചയൊക്കെ കേട്ടുകുലുങ്ങാതിരിക്കുകയായിരുന്നു വിഎസ് സഭയിലെത്തുംമുമ്പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ത്രീസുരക്ഷാ ബില്ലില്‍ നാടകീയമായ സംഭവവികാസങ്ങളാണുണ്ടായത്. ബില്ലിന്റെ ഉള്ളടക്കത്തെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും പലരും സ്വകാര്യമായി വേദനിക്കുന്നുണ്െടങ്കിലും തുറന്നുപറയാന്‍ പേടിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍, ചര്‍ച്ച തുടങ്ങി വച്ച കെ. മുരളീധരന്‍ ബില്ലില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ പച്ചയ്ക്കുതന്നെ ചൂണ്ടിക്കാട്ടി. പുരുഷ പീഡനത്തിലേക്കു നയിക്കാവുന്ന നിരവധി വ്യവസ്ഥകള്‍ ബില്ലിലുണ്െടന്നു മുരളി പറഞ്ഞു. പുരുഷന്മാരെ ബോധപൂര്‍വം പ്രതിയാക്കാന്‍ പറ്റുന്ന നിരവധി വകുപ്പുകള്‍ ബില്ലിലുണ്ട്. സ്ത്രീയെ നോക്കി ചിരിച്ചാല്‍പ്പോലും പ്രതിയാകാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവരെ മോശമാക്കാന്‍ പറ്റുന്ന പഴുതുകള്‍ നിരവധിയുണ്ട്. - ഇങ്ങനെപോയി മുരളിയുടെ വിമര്‍ശനങ്ങള്‍. യുവാക്കളെ നല്ല വഴിക്കു നടത്താന്‍ ബോധവത്കരണമാണു വേണ്ടതെന്നു പറഞ്ഞ മുരളീധരന്‍ വസ്ത്രധാരണത്തിലുള്‍പ്പെടെ ശ്രദ്ധ വേണമെന്നും പറഞ്ഞു.പ്രതിപക്ഷത്തുനിന്നു പ്രസംഗിച്ചവര്‍ ഈ മേഖലയിലേക്കു കടന്നില്ല. ബില്ലിലെ സാങ്കേതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ വിമര്‍ശനം. ഭരണപക്ഷത്തുനിന്നു പ്രസംഗിച്ച ബെന്നി ബഹനാനും കുറവുകള്‍ ചൂണ്ടിക്കാട്ടി. ഏതായാലും മുരളീധരന്റെ പ്രസംഗം വഴിത്തിരിവായി. ഭരണപക്ഷത്തുനിന്നുതന്നെ പലരും മുരളിയെ പിന്താങ്ങാനുണ്ടായി. ഭരണപക്ഷ ബെഞ്ചുകളില്‍ കൂടിയാലോചനകള്‍ നടന്നു. ഏതായാലും ഒടുവില്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടു.

തത്കാലം ബില്‍ നീട്ടിവയ്ക്കാന്‍ തീരുമാനമായി. സബ്ജക്ട് കമ്മിറ്റിക്കു വിടുന്ന ബില്‍ എംഎല്‍എമാരുടെയും പൊതുജനങ്ങളുടെയുമൊക്കെ അഭിപ്രായം തേടിയശേഷം കുറ്റമറ്റതാക്കി മടക്കിക്കൊണ്ടു വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീസുരക്ഷയ്ക്കായി രാജ്യത്താദ്യമായി നിയമം കൊണ്ടുവന്നു എന്ന ഖ്യാതി കാത്തിരുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അല്‍പ്പം ഇച്ഛാഭംഗമുണ്ടായോ എന്നു സംശയം.

രണ്ടു വനിതാ എംഎല്‍എമാരെ പോലീസ് മര്‍ദിച്ച വിഷയത്തില്‍ നടപടി എന്തായി എന്നു പ്രതിപക്ഷനേതാവ് ഇന്നലെയും തിരക്കി. ഒരു ദിവസത്തെ സാവകാശം കൂടി ആഭ്യന്തരമന്ത്രി തേടി. വിഎസ് അക്ഷമ കാട്ടിയില്ല. ഒരു ദിവസംകൂടി കാത്തിരിക്കാന്‍ തന്നെയാണു പ്രതിപക്ഷത്തിന്റെ തീരുമാനം.