ചങ്ങനാശേരി എസ്ബി കോളജിന്റെ പ്രവേശനകവാടം പൊളിക്കേണ്ടതില്ലെന്നു തീരുമാനം
കൊച്ചി: എംസി റോഡ് വികസനത്തിന്റെ പേരില്‍ ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജിന്റെ പ്രവേശന കവാടം പൊളിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയില്‍ നടന്ന മീഡിയേഷനില്‍ തീരുമാനമായി. റോഡ് വികസനത്തിനായി കോളജ് വിട്ടുകൊടുക്കുന്ന 34 സെന്റ് സ്ഥലത്തിനു നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് അധിക തുക നല്‍കാനും ധാരണയായിട്ടുണ്ട്. എസ്ബി കോളജിന്റെ സ്ഥലം കുറഞ്ഞ വിലയ്ക്ക് ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ചങ്ങനാശേരി അതിരൂപതയ്ക്കുവേണ്ടി ഫാ. മാത്യു ഫിലിപ് തയ്യില്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.

കേരള സ്റേറ്റ് ട്രാന്‍പോര്‍ട് പ്രോജക്ടിന്റെ ഭാഗമായി എംസി റോഡിനു വീതികൂട്ടുന്നതിനു കോളജിന്റെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍, ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്െടന്നും ഇതുവരെ നിയമം യാഥാര്‍ഥ്യമായിട്ടില്ലാത്തതിനാല്‍ നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.


ഹര്‍ജി പരിഗണിച്ച ജസ്റിസ് ബി.പി. റേ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി മീഡിയേഷനു വിടുകയുമായിരുന്നു. മീഡിയേഷനില്‍ മുമ്പ് നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി സ്ഥലവില സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. കോളജിനു മുമ്പിലെ പ്രവേശന കവാടം പൊളിച്ചുമാറ്റാതെ അലൈന്‍മെന്റില്‍ മാറ്റം വരുത്താനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് കോടതി തീര്‍പ്പാക്കുകയായിരുന്നു.