ഉഴവൂര്‍ കോളജ് സുവര്‍ണ ജൂബിലി സമാപനം 18ന്
Tuesday, September 16, 2014 11:56 PM IST
ഉഴവൂര്‍: സെന്റ് സ്റീഫന്‍സ് കോളജ് സുവര്‍ണ ജൂബിലിയാഘോഷ സമാപനം 18നു നടത്തും. 18ന് ഉച്ചകഴിഞ്ഞു രണ്ടിനു കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജൂബിലി സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജോസ് കെ. മാണി എംപി, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, പൂര്‍വ വിദ്യാര്‍ഥി കൂടിയായ കൊട്ടാരക്കര എംഎല്‍എ അഡ്വ. ഐഷാപോറ്റി, മറ്റ് രാഷ്ട്രീയ, സാമുദായിക, സാസ്കാരിക നേതാക്കള്‍ തുടങ്ങി ഒട്ടനവധി വിശിഷ്ട വ്യക്തികളും പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കും.

കഴിഞ്ഞ ഒരു വര്‍ഷമായി ജൂബിലിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ സെമിനാര്‍, മാധ്യമസംവാദം, കോളജില്‍ സേവനം ചെയ്ത ഏവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കുടുംബസംഗമം, ആദ്യബാച്ച് ഉള്‍പ്പെടെയുള്ള പൂര്‍വ വിദ്യാര്‍ഥിസംഗമങ്ങള്‍, ജൂബിലി സ്മാരക ഇന്റര്‍ കൊളീജിയറ്റ് ഷട്ടില്‍ ടൂര്‍ണമെന്റ്, ആഗോള പ്രബന്ധമത്സരം, കലാസന്ധ്യ, അവയവദാന സെമിനാര്‍ തുടങ്ങി കോളജില്‍ നടത്തിയ സാംസ്കാരിക വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ക്കു പുറമെ ജൂബിലി സ്മാരക ബ്ളോക്ക്, ഇന്‍ഡോര്‍ സ്റേഡിയം ഇവയുടെ നിര്‍മാണവും ആരംഭിച്ചു കഴിഞ്ഞു.


ഉഴവൂര്‍ പ്രദേശത്തിന്റെ തന്നെ വളര്‍ച്ചയ്ക്കു നാന്ദികുറിച്ച സെന്റ് സ്റീഫന്‍സ് കോളജ് തങ്ങള്‍ക്ക് നേടിത്തന്ന നേട്ടങ്ങള്‍ എന്നും നന്ദിയോടെ സ്മരിക്കുന്ന ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കോളജിന്റെ മുഖഛായ തന്നെ മാറുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. ഇ. ഫ്രാന്‍സിസ് സിറിയക്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മേഴ്സി സിറിയക്, ബര്‍സാര്‍ ഫാ. പ്രിന്‍സ് കൈപ്പുരയിടത്തില്‍, പ്രഫ. സ്റീഫന്‍ മാത്യു, മനോജ് കെ. യശോദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.