ഇപിഎഫ്: ഉയര്‍ത്തിയ വേതനപരിധി പ്രാബല്യത്തില്‍
Wednesday, September 17, 2014 12:23 AM IST
കണ്ണൂര്‍: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് വരിക്കാരുടെ ഉയര്‍ന്ന വേതനപരിധി 6,500 രൂപയില്‍നിന്ന് 15,000 രൂപയാക്കി ഉയര്‍ത്തിയത് ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തിലായി. ഇതോടെ ഇപിഎഫ് പദ്ധതി ബാധകമാക്കിയിട്ടുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 15,000 രൂപ വരെ വേതനം പറ്റുന്ന എല്ലാ തൊഴിലാളികളും പിഎഫിന്റെ പരിധിയില്‍ വരുമെന്നു റീജണല്‍ പിഎഫ് കമ്മീഷണര്‍ കെ. മുത്തുശെല്‍വന്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള അംഗങ്ങളുടെയും പിഎഫ് വിഹിതം കണക്കാക്കാനുള്ള മാസവേതന പരിധി 15,000 രൂപവരെ ഉയര്‍ത്തിയിട്ടുണ്ട്. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പിഎഫ് വിഹിതം ഈ മാസം മുതല്‍ പുതുക്കിയ നിരക്കു പ്രകാരം അടയ്ക്കണം.

2014 സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രൊവിഡന്റ് ഫണ്ടില്‍ അംഗമാകുന്ന സമയത്തെ വേതനം 15,000 രൂപയില്‍ താഴെയുള്ളവര്‍ക്കു മാത്രമെ പിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കൂ. പുതുതായി എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗമാകുന്നവരുടെ മാസവേതനം 15,000 രൂപയില്‍ കൂടുതലാണെങ്കില്‍ തൊഴിലാളിയുടെയും തൊഴിലുടമയുടെയും മുഴുവന്‍ വിഹിതവും പ്രൊവിഡന്റ് ഫണ്ടില്‍ അടയ്ക്കേണ്ടതാണ്.


നിലവില്‍ 6,500 രൂപയില്‍ കൂടുതലുള്ള വേതനത്തില്‍ പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ അനുവദിച്ചിട്ടുള്ള അംഗങ്ങള്‍ക്ക് ഒരവസരം കൂടി നല്കും. ഇത്തരം അംഗങ്ങളുടെ 15,000 രൂപയില്‍ കവിയുന്ന വേതനത്തിന്റെ 1.16 ശതമാനം കൂടി അവരുടെ പിഎഫ് വിഹിതത്തില്‍നിന്നും അധികമായി നല്കണം. അതിനായി പ്രത്യേക സമ്മതപത്രവും നല്കണം. 2015 മാര്‍ച്ച് ഒന്നിനു മുമ്പായി ഓപ്ഷന്‍ സമര്‍പ്പിക്കണം.

ഇനി മുതല്‍ കുറഞ്ഞ അംഗത്വ പെന്‍ഷന്‍ 1,000 രൂപയായിരിക്കും. കഴിഞ്ഞ ഓഗസ്റ് 31 മുതല്‍ പിഎഫ് അംഗങ്ങള്‍ക്ക് യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍ (യുഎഎന്‍) ആരംഭിച്ചിട്ടുണ്ട്. ജോലി സ്ഥലം മാറിയാലും അതേ അക്കൌണ്ടില്‍ ഇടപാട് തുടരാനും ഉടമയുടെ ഒപ്പില്ലാതെ തന്നെ അംഗങ്ങള്‍ക്ക് അനുകൂല്യങ്ങള്‍ പിന്‍വലിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. 1005 യൂണിറ്റുകളെ യുഎഎന്‍ സംവിധാനവുമായി ബന്ധപ്പെടുത്തിയതായി പിഎഫ് കമ്മീഷണര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സുരേഷ് ബേബി, കെ. പ്രസന്ന കുമാര്‍, പി. മനോജ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.