മുഖപ്രസംഗം: വിഘടനമല്ല, ഒരുമയാണു കരുത്ത്
Saturday, September 20, 2014 11:41 PM IST
സ്കോട്ലന്‍ഡ് ബ്രിട്ടന്റെ ഭാഗമായിത്തുടരും. ആവേശത്തോടെ നടന്ന ഹിതപരിശോധനയുടെഫലം ബ്രിട്ടന്റെ ഐക്യവും കരുത്തും കാത്തുസൂക്ഷിക്കാന്‍ പര്യാപ്തമാണെങ്കിലും ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ ഇവിടെ അവസാനിക്കണമെന്നില്ല. ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ 45 ശതമാനം പേര്‍ സ്വതന്ത്ര സ്കോട്ലന്‍ഡിനുവേണ്ടിയാണു വോട്ട് ചെയ്തത്. മുന്നൂറിലേറെ വര്‍ഷം നീണ്ടുനിന്ന സഖ്യത്തില്‍നിന്നു വേര്‍പെടാന്‍ സ്കോട്ലന്‍ഡിലെ പകുതിയോളം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന വസ്തുത അവഗണിക്കാന്‍ ബ്രിട്ടനു കഴിയില്ല. സ്കോട്ലന്‍ഡിലെ ഹിതപരിശോധനയും അതിന്റെ പിന്നിലെ രാഷ്ട്രീയവും ലോകസമൂഹം ഏറെ കൌതുകത്തോടെയും ആകാംക്ഷയോടെയുമാണു വീക്ഷിച്ചത്.

രണ്ടു വര്‍ഷത്തിലേറെയായി ഹിതപരിശോധനാഫലത്തെ സ്വാധീനിക്കാന്‍ സ്വാതന്ത്യ്രവാദികളും അതിനെ എതിര്‍ക്കുന്നവരും വ്യാപകമായ പ്രചാരണങ്ങളിലേര്‍പ്പെട്ടിരുന്നു. അവസാന നാളുകളില്‍ ഇരുകൂട്ടരും തങ്ങളുടെ പക്ഷത്തേക്ക് ആളെ ചേര്‍ക്കാന്‍ എല്ലാ തന്ത്രങ്ങളും പയറ്റി. ഒരു ഘട്ടത്തില്‍ സ്വാതന്ത്യ്രവാദികള്‍ വിജയിക്കുമോ എന്ന സന്ദേഹം ഉയര്‍ന്നപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ഉള്‍പ്പെടെയുള്ളവര്‍തന്നെ സജീവമായി രംഗത്തിറങ്ങി. ഹിതപരിശോധനാഫലം കാമറോണിനും ബ്രിട്ടനും ആശ്വാസം പകരുന്നുണ്െടങ്കിലും സ്കോട്ലന്‍ഡിനു കൂടുതല്‍ സ്വയംഭരണാധികാരവും ആനുകൂല്യങ്ങളും നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അടുത്ത വര്‍ഷം ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പു നടക്കും. അതിനുശേഷം സ്കോട്ലന്‍ഡിന്റെ കാര്യത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.

ബ്രിട്ടനിലെ പ്രകൃതിസമ്പത്തിന്റെ പ്രധാന ഉറവിടം സ്കോട്ലന്‍ഡാണ്. എണ്ണ, പ്രകൃതിവാതക നിക്ഷേപത്തിന്റെ സിംഹഭാഗവും സ്കോട്ലന്‍ഡിലാണ്. ബ്രിട്ടന്റെ രാഷ്ട്രീയ-സാമ്പത്തിക ശക്തിക്ക് അടിസ്ഥാനം സ്കോട്ലന്‍ഡിന്റെ സാമ്പത്തിക അടിത്തറയാണെന്നു പറയാം. എന്നാല്‍, അതിന്റെ പരിഗണന തങ്ങള്‍ക്കു ലഭിക്കുന്നില്ല എന്നാണു സ്കോട്ടുകളുടെ പരാതി. തങ്ങള്‍ക്കു രണ്ടാംതരം പൌരന്മാരുടെ പരിഗണനയേ ലഭിക്കുന്നുള്ളുവെന്ന ചിന്ത അവരില്‍ നല്ലൊരു ഭാഗത്തിനുണ്ട്. സ്കോട്ലന്‍ഡില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും അവിടെ ഏര്‍പ്പെടുത്തിയ ചില നികുതികളും സ്കോട്ടുകളില്‍ പരക്കേ അമര്‍ഷം ഉളവാക്കിയിരുന്നു. സ്കോട്ലന്‍ഡിന്റെ സ്വാതന്ത്യ്രത്തിനനുകൂലമായി ഇത്രയധികം വോട്ടുകള്‍ വീണതിനു പിന്നില്‍ ഇത്തരം വികാരങ്ങളുണ്ട്.

ഇംഗ്ളണ്ട്, വെയില്‍സ്, സ്കോട്ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവയും ബ്രിട്ടീഷ് ദ്വീപുകളും ചേര്‍ന്നതാണു യുണൈറ്റഡ് കിംഗ്ഡം. തെക്കന്‍ അയര്‍ലന്‍ഡ് ഏറെക്കാലം മുമ്പേ ബ്രിട്ടനെതിരേ തിരിഞ്ഞു. അവരുടെ പോരാട്ടം രക്തരൂഷിതമായി. 1919ല്‍ അവര്‍ ഐറിഷ് റിപ്പബ്ളിക്കായി പുറത്തുപോയി. പാശ്ചാത്യശക്തികളില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതു ബ്രിട്ടനാണ്. അമേരിക്കയുടെ പല അന്താരാഷ്ട്ര ഇടപെടലുകളിലും ബ്രിട്ടന്റെ പിന്തുണ ഇപ്പോഴും നിര്‍ണായകമാണ്. ഇത്തരമൊരു രാഷ്ട്രീയ, സൈനിക, സാമ്പത്തിക മുന്‍തൂക്കം ബ്രിട്ടനു നഷ്ടപ്പെടാമായിരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്.


ബ്രിട്ടനെപ്പോലൊരു രാജ്യത്തിന്റെ ശക്തിക്കും സ്വാധീനത്തിനും ഇടിവു തട്ടുന്നതിന്റെ ദോഷങ്ങള്‍ പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോളതലത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും സന്തുലിതാവസ്ഥ നിലനില്‍ക്കേണ്ടതുണ്ട്. ഭീകരവാദവും വിഘടനവാദവും ലോകമെമ്പാടും ശക്തിയാര്‍ജിച്ചുവരുന്നൊരു കാലഘട്ടത്തില്‍ അത്തരം ശക്തികളെ നിലയ്ക്കു നിര്‍ത്താന്‍ കെല്പുള്ളവരുടെ സാന്നിധ്യം വളരെ പ്രധാനമാണ്. ചില ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഉന്നത സ്വാധീനവും വലിയ സാമ്പത്തിക പിന്തുണയുമാണുള്ളത്. ആളും അര്‍ഥവും നല്‍കി അവയെ പ്രോത്സാഹിപ്പിക്കാന്‍ തയാറാകുന്നവര്‍ക്കു ലോകസമാധാനത്തെക്കുറിച്ചോ ജനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചോ യാതൊരു ചിന്തയുമുണ്ടാവില്ല. അവര്‍ക്കു സ്വാര്‍ഥതാത്പര്യങ്ങളാവും ഉണ്ടാവുക. അവരുടെ പിന്തുണയോടെ ലോകസമൂഹത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കു കഴിയുന്നു. ഭീകരരെ അല്പമെങ്കിലും നിലയ്ക്കു നിര്‍ത്താന്‍ കഴിയുന്നതു പ്രമുഖ ലോകരാഷ്ട്രങ്ങളുടെ ശക്തമായ ഭീകരവിരുദ്ധ നിലപാടുകളും അതിനായി അവര്‍ സ്വീകരിക്കുന്ന നടപടികളുമാണ്.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും വിഘടനവാദപ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിച്ചുവരുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അത്തരം ശക്തികള്‍ സജീവമാണ്. ഒരു രാജ്യത്തെ ഭരണസംവിധാനത്തെ ദുര്‍ബലമാക്കി നിര്‍ത്തിയാല്‍ മാത്രമേ ആ പ്രസ്ഥാനങ്ങള്‍ക്ക് അവിടെ അഴിഞ്ഞാടാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ അരാജകത്വം സൃഷ്ടിക്കാന്‍ അവര്‍ എല്ലാ മാര്‍ഗങ്ങളും അവലംബിക്കും. സ്കോട്ലന്‍ഡിലെ ജനതയുടെ ജനാധിപത്യമര്യാദയോ ഹിതപരിശോധനാഫലം അംഗീകരിക്കുന്നതില്‍ അവര്‍ കാട്ടുന്ന മാന്യതയോ മറ്റു രാജ്യങ്ങളിലെ വിഘടനപ്രസ്ഥാനങ്ങള്‍ കാട്ടിയെന്നിരിക്കില്ല. ഹിതപരിശോധനകളില്‍ അതതു രാജ്യങ്ങളിലെ ഭരണഘടനയും നിയമസംവിധാനങ്ങളും മാനിക്കപ്പെടേണ്ടതുണ്ട്.

ബാലറ്റിലൂടെ ജനഹിതം സംരക്ഷിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ബ്രിട്ടനും അത്തരമൊരു ജനാധിപത്യ പാരമ്പര്യമുണ്ട്. എന്നാല്‍, ലോകത്തെ പല രാജ്യങ്ങളിലും ജനാധിപത്യം ശക്തമല്ല. അതിന്റെ ദുരിതങ്ങള്‍ ആ രാജ്യങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്നു. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍പ്പോലും ഭരണകൂടങ്ങള്‍ ജനങ്ങളില്‍നിന്ന് അകന്നാല്‍ അത് അപകടകരമാകും. സ്കോട്ലന്‍ഡിലെ ജനഹിത പരിശോധനയുടെ ഫലം സുപ്രധാനമായ ചില പാഠങ്ങള്‍ ലോകത്തിനു നല്‍കുന്നു. ഏതു രാജ്യവും അതിന്റെ ജനതയെ ഒന്നായി കാണുകയും എല്ലാ പൌരന്മാരുടെയും സ്വാതന്ത്യ്രത്തെയും അവകാശങ്ങളെയും തുല്യതയോടെ പരിഗണിക്കുകയും ചെയ്യണമെന്ന അടിസ്ഥാനപ്രമാണമാണ് അവയില്‍ പ്രധാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.