യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം
Saturday, September 20, 2014 12:41 AM IST
ജോണി നെല്ലൂര്‍

യുഡിഎഫിന്റെ 2011 -ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തില്‍ ഉറച്ചുനിന്നുകൊണ്ടു ബിവറേജസ് ഔട്ട്ലറ്റുകള്‍ ഒന്നും പുതിയതായി തുടങ്ങേണ്ടതില്ല എന്നു തീരുമാനിച്ചു. ബാറുകളുടെ പ്രവര്‍ത്തനസമയം മൂന്നു മണിക്കൂര്‍ വെട്ടിക്കുറച്ചു. 2011-12 ല്‍ ടൂ സ്റാര്‍ ബാറുകള്‍ക്കും, 2012-13 ല്‍ ത്രീ സ്റാര്‍ ബാറുകള്‍ക്കും മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ എന്ന സുപ്രധാന തീരുമാനം ഗവണ്‍മെന്റ് കൈക്കൊണ്ടു. 21 വയസില്‍ താഴെയുള്ള യുവാക്കള്‍ക്കു മദ്യം നല്‍കാന്‍ പാടില്ല എന്ന നിയമവും പ്രാബല്യത്തിലാക്കി.

മദ്യവര്‍ജന പ്രസ്ഥാനങ്ങളുടെ ശക്തമായ ആവശ്യങ്ങള്‍ കണക്കിലെടുത്തു പുതിയ മദ്യഷാപ്പുകള്‍ അനുവദിക്കണമെങ്കില്‍ അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. പഞ്ചായത്ത് പ്രദേശങ്ങളില്‍ നിലവിലുള്ള ബാറുകളുടെ മൂന്നു കിലോമീറ്റര്‍ ദൂരത്തിലല്ലാതെയും മുനിസിപ്പല്‍, കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലല്ലാതെയും പുതിയ ബാറുകള്‍ക്ക് അനുമതി കൊടുക്കില്ലെന്ന ശക്തമായ തീരുമാനവും യുഡിഎഫ് കൈക്കൊണ്ടു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടു പുതിയ മദ്യഷാപ്പുകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കരുതെന്നു നിര്‍ദേശം നല്‍കി.

മദ്യ ഉപയോഗത്തിനെതിരേ ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സ്കൂള്‍തലത്തില്‍ തന്നെ മദ്യത്തിനും മയക്കുമരുന്നിനും എതിരെ വലിയ തോതില്‍ പ്രചരണ പരിപാടികള്‍ ഗവണ്‍മെന്റ് നേരിട്ടു സംഘടിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങളെല്ലാം കൈക്കൊണ്ടതു യുഡിഎഫിന്റെ പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ്. 2014-15 സാമ്പത്തികവര്‍ഷം 418 ബാറുകള്‍ക്കു സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ തയാറായില്ല. നിലവാരമില്ലാത്ത ബാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതിനെതിരെ ഉണ്ടായ സുപ്രീം കോടതിയുടെ പരാമര്‍ശത്തെതുടര്‍ന്നാണ് ഈ ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്.

312 ബാറുകള്‍ ലൈസന്‍സോടുകൂടി പ്രവര്‍ത്തിച്ചുവരുമ്പോള്‍ അടച്ചിട്ട ബാറുകള്‍ തുറക്കുന്നതു സംബന്ധിച്ചു നിരവധി ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അരങ്ങേറി. അടച്ചിട്ടവയില്‍ നിലവാരമുള്ള ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കിനല്‍കണമെന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകളില്‍ നിലവാരമില്ലാത്തവ അടച്ചുപൂട്ടണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഈ നിര്‍ദേശങ്ങളോട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരടക്കമുള്ള ഭൂരിപക്ഷം മന്ത്രിമാരും യുഡിഎഫിലെ ഒട്ടുമിക്ക കക്ഷിനേതാക്കളും അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചു. ഈ അവസരത്തിലെല്ലാം അടച്ചിട്ട 418 ബാറുകള്‍ക്ക് ഒരു കാരണവശാലും ലൈസന്‍സ് പുതുക്കി നല്‍കരുതെന്നു ശക്തമായ നിലപാട് സ്വീകരിച്ചു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉറച്ചുനിന്നപ്പോള്‍ അദ്ദേഹത്തിന്റെ ധീരമായ നിലപാടിന് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും വിവിധ മദ്യവര്‍ജന പ്രസ്ഥാനങ്ങളുടെയും നിരവധി മഹിളാ പ്രസ്ഥാനങ്ങളുടേയും സമ്പൂര്‍ണ പിന്തുണയും ഉണ്ടായി.

ഈ വിഷയം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കെപിസിസി നിയോഗിച്ച നാലംഗ സമിതിക്കും യോജിച്ച തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. മദ്യനയവുമായി ബന്ധപ്പെട്ടു കോടതികളുടെ വിവിധ പരാമര്‍ശങ്ങളും ഈ സമയത്തുണ്ടായി. സമഗ്രമായ ഒരു മദ്യനയം രൂപീകരിച്ചു കോടതിയെ അറിയിക്കണമെന്നു നിര്‍ദേശമുണ്ടായിട്ടും യുഡിഎഫിന് അതിനു കഴിഞ്ഞില്ല. ഈ സന്ദര്‍ഭത്തിലെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും വിവിധ ഘടകകക്ഷികള്‍ക്കിടയിലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പരസ്യമായി തന്നെ ഉയര്‍ന്നുവന്നു. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഓഗസ്റ് 21നു യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ചേരുകയും ഓരോ കക്ഷിയും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കൊടുവില്‍, മുഖ്യമന്ത്രി നേരത്തെ തയാറാക്കി കൊണ്ടുവന്ന ഒരു നോട്ട് അവിടെ വായിക്കുകയാണുണ്ടായത്.

418 ബാറുകള്‍ അടച്ചിടുകയും 312 ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അതു വിവേചനമാകുമെന്നുള്ളതുകൊണ്ടാണു തുറന്നു പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ അടച്ചുപൂട്ടണമെന്നും 2015 ഏപ്രില്‍ മുതല്‍ ഫൈവ് സ്റാര്‍ ബാറുകള്‍ മാത്രമേ കേരളത്തില്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു. അടഞ്ഞുകിടക്കുന്ന 418 ബാറുകള്‍ ഇനി തുറക്കില്ല എന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം കൂടി ഐ നോട്ടില്‍ അംഗീകരിക്കപ്പെട്ടു. ബാറുകള്‍ അടച്ചിടുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും നോട്ടില്‍ വ്യക്തമാക്കിയിരുന്നു.


മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്മേല്‍ യുഡിഎഫിലോ ഘടകകക്ഷികളിലോ മതിയായ ചര്‍ച്ചകള്‍ നടക്കാതെ പൊടുന്നനെ ഒരു തീരുമാനമായി മാറുകയായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടായത്. തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധനം കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നു എന്നു മത്സരബുദ്ധിയോടെ നേതാക്കള്‍ പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാലകള്‍ വര്‍ഷം തോറും 10 ശതമാനം വച്ച് അടച്ചുപൂട്ടുമെന്ന് മദ്യനയത്തില്‍ വ്യവസ്ഥ ചെയ്തു. പത്തു വര്‍ഷം കൊണ്ടു കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യത്തിലാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും പ്രഖ്യാപനമുണ്ടായി. എന്റെ കൂടി സാന്നിധ്യത്തിലെടുത്ത ഈ തീരുമാനത്തെ പരിപൂര്‍ണമായി പിന്തുണക്കുന്നു.

ഈ നയപ്രഖ്യാനത്തിനുശേഷം കേരളത്തിലെ മദ്യഉപയോഗവും വിതരണവുമായി ബന്ധപ്പെട്ടു വിശദമായ പഠനം നടത്താന്‍ എനിക്കു കഴിഞ്ഞു. ആ പഠനത്തില്‍ കണ്െടത്താന്‍ കഴിഞ്ഞ കാര്യങ്ങള്‍ ഒരു ചര്‍ച്ചയ്ക്കുവേണ്ടി തുറന്നെഴുതാന്‍ ആഗ്രഹിക്കുന്നു.

മദ്യനിരോധനം വമ്പിച്ച വിജയം എന്നു നേതാക്കള്‍ പറയുമ്പോഴും സംസ്ഥാനത്തെ 730 ബാറുകള്‍ അടച്ചിട്ടാല്‍ കുറവുവരുന്നത് 20 % ല്‍ താഴെ മാത്രം മദ്യഉപഭോഗമാണ്. സര്‍ക്കാരിന്റെ വിലപ്പനകേന്ദ്രങ്ങളിലൂടെ 80 ശതമാനത്തിലേറെ മദ്യവില്പനയാണു നടക്കുന്നത്. ബാറുകള്‍ അടച്ചിട്ടതുകൊണ്ടുമാത്രം മദ്യത്തിന്റെ ലഭ്യത കുറയുന്നില്ല. ആവശ്യക്കാരനു മദ്യം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നുകിടക്കുന്നു. ബാറുകളില്‍ പോയി അല്‍പം മദ്യം കഴിച്ചു ശാന്തരായി വീട്ടില്‍ പോയിരുന്നവരില്‍ മഹാഭൂരിപക്ഷവും പ്രത്യേക ദൂതന്മാരെ സര്‍ക്കാര്‍ വില്പനകേന്ദ്രങ്ങളില്‍ അയച്ചു ലിറ്റര്‍ കണക്കിനു മദ്യം വാങ്ങി, വീടുകളില്‍ കൊണ്ടുവന്ന്, വീടുകള്‍ മിനി ബാറുകളാക്കി മാറ്റിയിരിക്കുന്നു. തന്മൂലം നിരവധി കുടുംബങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ന്നിരിക്കുന്നു. കേരളം പോലുള്ള ഒരു സംസ്ഥാനത്തു സമ്പൂര്‍ണ മദ്യനിരോധനം സാധ്യമാകുമോയെന്നു വിശദമായി ചര്‍ച്ചകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

കേരളത്തില്‍ മദ്യനിരോധനമല്ല മദ്യവര്‍ജനമാണു വേണ്ടതെന്ന അഭിപ്രായവും പ്രബലമായിട്ടുണ്ട്. മദ്യത്തിനെതിരെ വ്യാപകമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച്, മദ്യ ഉപയോഗത്തില്‍ പടിപടിയായി കുറവു വരുത്തിക്കൊണ്ടുള്ള നടപടിയാണ് അഭികാമ്യം. വ്യാപകമായ തോതില്‍ കള്ളവാറ്റുകള്‍ നടത്താനുള്ള തയാറെടുപ്പും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പുതിയ മദ്യനയം മൂലം സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടവും വിലയിരുത്തേണ്ടതായിട്ടുണ്ട്. പ്രഖ്യാപിത നയം നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്െടങ്കില്‍ സര്‍ക്കാരിന്റെ ഉമസ്ഥതയിലുള്ള മദ്യവില്പനശാലകള്‍ അടച്ചുപൂട്ടി മാതൃക കാട്ടേണ്ടതാണ്. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനുള്ള നടപടികള്‍ക്കാണ് ആക്കംകൂട്ടേണ്ടത്.

ഈ പുതിയ നയംമൂലം തൊഴില്‍ നഷ്ടപ്പെടുന്ന ആയിരങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും എന്ന കാര്യത്തില്‍ വ്യക്തമായ പദ്ധതികളൊന്നും രൂപീകരിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന മദ്യനയത്തിന് അനുസൃതമായി വലിയ മുതല്‍മുടക്കി ബാറുകള്‍ തുടങ്ങിയ വ്യവസായ സംരംഭകരുടെ കാര്യത്തിലും ഗൌരവമായ ചര്‍ച്ച ആവശ്യമാണ്. കോടിക്കണക്കിനു രൂപ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്തു സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായി വ്യവസായ സംരംഭത്തിലേക്കു കടന്നുവന്നവര്‍ക്കു യാതൊരു സാവകാശവും നല്‍കാതെ പെട്ടെന്നു വ്യവസായങ്ങള്‍ അവസാനിപ്പിക്കേണ്ടിവന്നത് അവരെ തകര്‍ച്ചയിലാക്കി. പൊതുവെ കേരളീയ സമൂഹം അംഗീകരിക്കപ്പെട്ട മദ്യനയം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുമ്പോള്‍ ബാറുകള്‍ ഒന്നിച്ച് അടച്ചിടാന്‍ തീരുമാനിച്ചതുപോലെ മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉത്പാദനകേന്ദ്രങ്ങളും ഒന്നായി അടച്ചിട്ടു മദ്യരഹിത കേരളം, മദ്യവിമുക്തകേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാവരും കൈകോര്‍ത്തു മുന്നേറണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.