പോലീസിന്റെ മോശം പെരുമാറ്റം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
Monday, September 22, 2014 12:09 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പരാതിയുമായി എത്തുന്ന ജനങ്ങളോടു ചില പോലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നുവെന്ന പരാതി വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്നു നടക്കും. മദ്യനിയന്ത്രണത്തിന്റെ ഭാഗമായി പോലീസ് സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടെയുള്ളവയും ആഭ്യന്തര വകുപ്പ് വിളിച്ചു ചേര്‍ത്ത പോലീസ് ഉന്നതരുടെ യോഗം ചര്‍ച്ച ചെയ്യും.

ബ്ളേഡ് മാഫിയയ്ക്കെതിരേ പോലീസ് സ്വീകരിച്ചു വരുന്ന ഓപ്പറേഷന്‍ കുബേരയുടെ ഇതുവരെയുള്ള പ്രവര്‍ത്തന പുരോഗതിയും ഇനി സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്യും. അപകടങ്ങള്‍ കുറയ്ക്കുന്നതിനായി സ്വീകരിക്കേണ്ട ഗതാഗത നടപടിക്രമങ്ങള്‍, നിലവിലുള്ള കേസന്വേഷണങ്ങളുടെ പ്രവര്‍ത്തന പുരോഗതി എന്നിവയും യോഗം വിശദമായി ചര്‍ച്ച ചെയ്യും.

പുതിയ അബ്കാരി നിയമം നിലവില്‍ വരുമ്പോള്‍ പോലീസ് കര്‍ശന പരിശോധനാ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ വ്യാജമദ്യവും സ്പിരിറ്റും ഒഴുകുന്ന സംസ്ഥാനമായി കേരളം മാറും. ഇതു തടയാന്‍ ചെക്ക്പോസ്റുകളില്‍ ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തുന്നതും കടല്‍മാര്‍ഗം സ്പിരിറ്റ് കടത്ത് തടയാന്‍ തീരദേശ പോലീസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുമുണ്ടാകും.


പോലീസ് സ്റ്റേഷനുകളിലെത്തുന്നവരോടു ചില പോലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നുവെന്നും പരാതികളില്‍ കേസ് രജിസ്റര്‍ ചെയ്യാന്‍ വൈകുന്നുവെന്ന ആക്ഷേപവും വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്ത്രീയെ അതിക്രൂരമായി മര്‍ദിച്ച സംഭവവുമുണ്ടായി.

ജനങ്ങളോടു മോശമായി പെരുമാറുന്ന ഉദ്യോസ്ഥര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കൊച്ചി സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ഇത്തരക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.

ആഭ്യന്തരമന്ത്രിയെ കൂടാതെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍, ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.

ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കു പുറമേ സ്പെഷല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളുടെ തലവന്മാരും യോഗത്തില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.