കെഇആര്‍ ഭേദഗതിക്കെതിരേ അധ്യാപകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് 15ന്
Wednesday, October 1, 2014 12:45 AM IST
കൊച്ചി: കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ ഭരണഘടനാവിരുദ്ധമായ പുതിയ ഭേദഗതികള്‍ പിന്‍വലിക്കുക, മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കുക, അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആയി ക്രമീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

അധ്യാപകരുടെ ദീര്‍ഘകാല, ഹ്രസ്വകാല ഒഴിവുകളിലേക്ക് ടീച്ചേഴ്സ് ബാങ്കില്‍നിന്നു മാത്രമേ നിയമനം നടത്താവൂ എന്ന സര്‍ക്കാര്‍ നിലപാടു ഭരണഘടനാനുസൃതമായ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനമാണ്. കേരളത്തിലെ വിവിധ കോര്‍പറേറ്റ് മാനേജ്മെന്റ് സ്കൂളുകളില്‍ നിരവധി വര്‍ഷങ്ങളായി ജോലി ചെയ്തുവന്നിരുന്ന 51 എ അവകാശികളും ദിവസവേതനക്കാരുമായ നൂറുകണക്കിന് അധ്യാപകര്‍ നിയമനം കാത്തുനില്‍ക്കുമ്പോള്‍, അവരെ മാറ്റിനിര്‍ത്തി ടീച്ചേഴ്സ് ബാങ്കില്‍നിന്നു നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ല. അധ്യാപകരെ വിലയിരുത്താനുള്ള പുതിയ അപ്രൈസല്‍ കമ്മിറ്റിയുടെ ഘടന പ്രതിഷേധാര്‍ഹമാണ്. അധ്യാപകരുടെയോ മാനേജ്മെന്റിന്റെയോ പ്രതിനിധികളില്ലാതെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍ക്കൊള്ളിക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥിയുടെ അവകാശമാണെന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മാനിച്ചു സംസ്ഥാനത്തെ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആയി ക്രമീകരിക്കണം. നിയമന അംഗീകാരം ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകര്‍ ദിനം തോറും വിദ്യാഭ്യാസ ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി.


പൊതുവിദ്യാഭ്യാസരംഗം നേരിടുന്ന അതീവ ഗുരുതരമായ ഈ പ്രതിസന്ധികള്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാനോ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താനോ സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ മുതല്‍ 12 വരെ വിവിധ രൂപതാസമിതികളുടെ നേതൃത്വത്തില്‍ അധ്യാപകരുടെ പ്രതിഷേധ കണ്‍വന്‍ഷനുകളും വിദ്യാഭ്യാസ ഓഫീസുകള്‍ക്കു മുമ്പില്‍ സമര പരിപാടികളും സംഘടിപ്പിക്കും. 15ന് ആയിരക്കണക്കിന് അധ്യാപകരെ പങ്കെടുപ്പിച്ചു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. അന്നേ ദിവസം രാവിലെ പാളയത്തുനിന്ന് മാര്‍ച്ച് തുടങ്ങും. മതമേലധ്യക്ഷന്മാര്‍, സാംസ്കാരിക നായകര്‍, ഇതര സമുദായ നേതാക്കള്‍ എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്െടന്നു ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി സാലു പതാലില്‍, എം.എല്‍. സേവ്യര്‍, സിസ്റര്‍ ആല്‍ഫി, പോള്‍ ജെയിംസ്, ജെ. മരിയദാസ്, ജെസി ജെയിംസ്, സി.ടി. വര്‍ഗീസ്, ജയിംസ് കോശി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.