കാടയും വന്യജീവി?, ആശങ്കയോടെ കര്‍ഷകര്‍
കാടയും വന്യജീവി?, ആശങ്കയോടെ കര്‍ഷകര്‍
Tuesday, October 21, 2014 12:18 AM IST
കണ്ണൂര്‍: വന്യജീവി സംരക്ഷണം സംബന്ധിച്ച നിയമത്തിലെ അവ്യക്തത കാടക്കൃഷി കര്‍ഷകരെ ആശങ്കയിലാക്കുന്നു. മലപ്പുറം എടപ്പാളില്‍ കാടകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്പിസിഎ അംഗം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ കാട വന്യജീവി വിഭാഗത്തില്‍പ്പെട്ടതാണെന്ന വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മറുപടിയാണു കാടക്കര്‍ഷകരെ അങ്കലാപ്പിലാക്കിയിരിക്കുന്നത്.

ജാപ്പനീസ് ക്വയില്‍ ഇനത്തിലുള്ള കാടപ്പക്ഷികളെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ നാലാം ഉപവകുപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയമപ്രകാരം ഇത്തരം ജീവികളെ കൊല്ലാനോ വേട്ടയാടാനോ പാടില്ല. എന്നാല്‍, മുട്ടയ്ക്കും ഇറച്ചിക്കുമായി വളര്‍ത്തുന്നവയാണ് ഈ ഇനം കാടകളെന്നും ഇവയെ ജപ്പാനില്‍നിന്നു മുമ്പ് ഇതേ ആവശ്യത്തിന് ഇറക്കുമതി ചെയ്തതാണെന്നും വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു.

കാട വളര്‍ത്തലിന് അനുമതിയോ അംഗീകാരമോ നല്കരുതെന്നും നിലവിലെ ഫാമുകള്‍ വിപുലീകരിക്കാന്‍ ലൈസന്‍സ് നല്കരുതെന്നും കാണിച്ച് 2011 സെപ്റ്റംബറില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതു ചോദ്യംചെയ്തു കാട കര്‍ഷകര്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2012ല്‍ ഉത്തരവ് സ്റേ ചെയ്തു. ഈ തീരുമാനം കാട വളര്‍ത്തുന്നവര്‍ക്ക് ആശ്വാസമാകുമ്പോഴാണു കാട വന്യജീവി വിഭാഗത്തിലാണെന്ന പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്.

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവരാണു കാടക്കര്‍ഷകരിലേറെയും. സ്വയംതൊഴിലെന്ന നിലയ്ക്കു വീടുകളിലും ഫാമുകളിലുമായി കാടക്കൃഷി നടത്തുന്നവര്‍ കണ്ണൂര്‍ ജില്ലയില്‍തന്നെ ഇരുന്നൂറിലധികം പേരുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ പിന്തുണയും പ്രോത്സാഹനവും ഇവര്‍ക്കു ലഭിക്കുന്നുമുണ്ട്. എന്നാല്‍, ഇവയെ വളര്‍ത്തുന്നതു വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.