പി. കൃഷ്ണപിള്ള കേന്ദ്രകഥാപാത്രമാകുന്ന ചിത്രം വീണ്ടും പ്രദര്‍ശനത്തിന്
Wednesday, October 22, 2014 12:42 AM IST
ആലപ്പുഴ: കമ്യൂണിസ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയെ കേന്ദ്രകഥാപാത്രമാക്കി നിര്‍മിച്ച ചിത്രം വീണ്ടും പ്രദര്‍ശനത്തിന്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ വിവാദത്തെത്തുടര്‍ന്നു പ്രദര്‍ശനം നിര്‍ത്തിയ വസന്തത്തിന്റെ കനല്‍വഴികളെന്ന ചിത്രമാണു നവംബര്‍ 14ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്. സംസ്ഥാന വ്യാപകമായി 60 തിയറ്ററുകളിലാണു ചിത്രമെത്തുന്നതെന്നു സംവിധായകന്‍ അനില്‍ ബി. നാഗേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ തമിഴ്നടന്‍ സമുദ്രകനിയാണ് കൃഷ്ണപിള്ളയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.


മുകേഷ്, സിദ്ധിക്, ദേവന്‍, കെപിഎസി ലളിത, ഊര്‍മിള ഉണ്ണി തുടങ്ങിയ താരങ്ങളോടൊപ്പം മൂവായിരത്തോളം അഭിനേതാക്കളാണു ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. വിപ്ളവ ഗായിക പി.കെ. മേദിനി ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തി സ്വാമിയടക്കം എട്ട് സംഗീത സംവിധായകരാണ് ചിത്രത്തിലെ ഒമ്പതു ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നിരിക്കുന്നത്. ദക്ഷിണാമൂര്‍ത്തി അവസാനം സംഗീതം നല്‍കിയ ചിത്രമെന്ന പ്രത്യേകതയും വസന്തത്തിന്റെ കനല്‍വഴികള്‍ക്കുണ്ട്. നാടന്‍പാട്ട് കലാകാരനായ സി.ജെ. കുട്ടപ്പന്‍, യേശുദാസ്, ചിത്ര, പി.കെ. മേദിനി, അനുരാധാ ശ്രീറാം, ശ്രീകാന്ത്, ശ്രീറാം എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതെന്നു സംവിധായകന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.