ബാംഗളൂരില്‍ കെഎസ്ആര്‍ടിസിക്ക് ഓപ്പറേറ്റിംഗ് സെന്ററുകള്‍: തിരുവഞ്ചൂര്‍
ബാംഗളൂരില്‍ കെഎസ്ആര്‍ടിസിക്ക് ഓപ്പറേറ്റിംഗ് സെന്ററുകള്‍: തിരുവഞ്ചൂര്‍
Thursday, October 23, 2014 11:57 PM IST
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബാംഗളൂര്‍ നഗരത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളില്‍ നിന്നു ബസുകള്‍ ഓപ്പറേറ്റ് ചെയ്യുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പത്തനംതിട്ട പ്രസ്ക്ളബില്‍ ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായ സുഖദര്‍ശനം സംവാദം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ബാംഗളൂരില്‍ ശാന്തിനഗര്‍, സാറ്റലൈറ്റ് നഗര്‍, മജിസ്റിക് പോയിന്റ് എന്നിവിടങ്ങളില്‍ നിന്ന് 28 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ കയറാനാകും. 28ന് കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ്സെന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും. കര്‍ണാടക ഗതാഗതമന്ത്രി രംഗറെഡിയും ആഭ്യന്തരമന്ത്രി കെ.ജെ.ജോര്‍ജും ചടങ്ങില്‍ പങ്കെടുക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ ബാംഗളൂര്‍ നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെനിന്നാണ് കെഎസ്ആര്‍ടിസി ബസുകള്‍ യാത്ര തുടങ്ങിയിരുന്നത്. നഗരത്തിലെ തിരക്കു കാരണം കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ കയറിപ്പറ്റാന്‍ ആകുമായിരുന്നില്ല. ഇവരുടെ യാത്രാസൌകര്യം കൂടി പരിഗണിച്ചാണ് നഗരത്തിലെ പ്രധാന മൂന്നു പോയിന്റുകളില്‍ നിന്നും ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ശബരിമല തീര്‍ഥാടനകാലത്ത് പമ്പയിലേക്കുള്ള ബസുകളും ഈ സ്ഥലങ്ങളില്‍ നിന്നുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പമ്പയിലേക്കു ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള അന്തര്‍സംസ്ഥാന ബസുകളെ സംബന്ധിച്ചും ധാരണയായിട്ടുണ്ട്. കെഎസ്ആര്‍ടിസി കന്യാകുമാരി, തേനി, മധുര, കോയമ്പത്തൂര്‍, പഴനി, തെങ്കാശി റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്തും. ആന്ധ്രപ്രദേശില്‍ നിന്നു ശബരിമല തീര്‍ഥാടനകാലത്ത് 1200 ബസുകള്‍ കേരളത്തിലേക്ക് ഓടിക്കാനും ധാരണയായിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ചുമതലയേറ്റെടുക്കുമ്പോള്‍ 4.75 കോടി രൂപയായിരുന്നു പ്രതിദിന വരുമാനം. ഇന്നിത് 5.75 കോടി രൂപയാ യി വര്‍ധിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ഒരുകോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഒരു വര്‍ഷം 365 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന വിധത്തിലുള്ള നടപടിയിലേക്ക് വരികയാണ്. ഒരു ദിവസം ഏഴു കോടി രൂപ വരുമാനം നേടുകയാണ് ല ക്ഷ്യം. ഇതു പ്രകാരം ഒരു മാസം 210 കോടി രൂപയുടെ വരുമാനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.ശബരിമല തീര്‍ഥാടനകാലത്ത് ആദ്യഘട്ടത്തില്‍ 100 ബസുകളും മകരവിളക്കിന് 1000 ബസുകളും പമ്പയിലേക്ക് ക്രമീകരിക്കും. നിലയ്ക്കല്‍ - പമ്പ ചെയിന്‍സര്‍വീസുക ള്‍ ഉള്‍പ്പെടെയാണിത്. പുതിയ ബസുകള്‍ നിരത്തിലിറക്കാനില്ലെങ്കിലും ജെന്റം ബസുകളടക്കം പുതിയ ബസുകള്‍ ലഭ്യമാകുമ്പോള്‍ പമ്പയിലേക്കുതന്നെ ഓടിത്തുടങ്ങും. അഞ്ചുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസുകളാണ് പമ്പ സര്‍വീസിന് ഉപയോഗിക്കുന്നത്. പമ്പ ബസുകളില്‍ അധിക യാത്രാനിരക്ക് ഉണ്ടാകില്ല. സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ സമാഹരിക്കുന്ന പണമാണ് ഇതിനായി വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.