ഹര്‍ത്താല്‍ നിരോധിക്കില്ല: ഹൈക്കോടതി
ഹര്‍ത്താല്‍ നിരോധിക്കില്ല: ഹൈക്കോടതി
Thursday, October 30, 2014 12:04 AM IST
കൊച്ചി: ഹര്‍ത്താലിന് ആഹ്വാനം നല്‍കുന്നതു കുറ്റമല്ലെന്നും സമഗ്ര നിയമനിര്‍മാണം നടത്താതെ കോടതിക്കു നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നും ഹൈക്കോടതി ഫുള്‍ ബെഞ്ച്. ഹര്‍ത്താല്‍ ആഹ്വാനം നല്‍കുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതു തടയാനാവില്ലെന്നും മാധ്യമസ്വാതന്ത്യ്രത്തില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ദുസ്സഹമാക്കുന്നതിനാല്‍ തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ഖാലിദ് മുണ്ടപ്പള്ളി ഉള്‍പ്പെടെ എട്ടു പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ്, ജസ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.

നിര്‍ബന്ധിത ഹര്‍ത്താലും അക്രമങ്ങളും തടയാന്‍ ഹൈക്കോടതിയും മറ്റു കോടതികളും നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഹര്‍ത്താലുകള്‍ അക്രമാസക്തമായി ജനജീവിതത്തെ ബാധിക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടണം. പൌരന്മാരുടെ സുരക്ഷിതത്വത്തിനും പൊതു-സ്വകാര്യസ്വത്ത് നശീകരണം തടയാനും നിയമമുണ്ടാക്കി നടപ്പാക്കണം. ഭരണഘടനയുടെ 19-ാം അനുച്ഛേദപ്രകാരം അഭിപ്രായസ്വാതന്ത്യ്രത്തിനു പൌരന്മാര്‍ക്ക് അവകാശമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രതിഷേധത്തിനും പ്രതികരണത്തിനും അവകാശമുണ്ട്. ഭരണഘടനയുടെ 19(2) അനുച്ഛേദത്തിനു മാറ്റം വരുത്തിയാല്‍ മാത്രമേ പ്രതിഷേധം, നിസഹകരണം എന്നിവയ്ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവൂ.

ഹര്‍ത്താലുമായി ബന്ധപ്പെട്ടു ഹൈക്കോടതി വിധിയെത്തുടര്‍ന്നു 2003 ഡിസംബര്‍ 17നു സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. എന്നാല്‍, നടപടിയെടുക്കാന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. ബന്ദ്, പൊതുപണിമുടക്ക്, ഹര്‍ത്താല്‍ തുടങ്ങിയ സമരങ്ങള്‍ കേരളത്തിന്റെ മാത്രം പ്രശ്നങ്ങളല്ല. പ്രതിഷേധങ്ങള്‍ നിയമപരമായി നിയന്ത്രിക്കുന്നതിനു സംസ്ഥാനത്തെ ലോ കമ്മീഷന്‍ 2008ല്‍ കരടു നിയമത്തിനു രൂപം നല്‍കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ നിയന്ത്രണം, ഹര്‍ത്താലിന്റെ സമയം, പ്രദേശം, ഹര്‍ത്താലിനോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ശിക്ഷ, പോലീസ് സഹായം, നഷ്ടപരിഹാര വ്യവസ്ഥകള്‍, മറ്റു വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണു സര്‍ക്കാര്‍ നിയമനിര്‍മാണത്തിനായി നടപടി സ്വീകരിച്ചിരുന്നത്.

ബന്ദും ഹര്‍ത്താലും പൊതുപണിമുടക്കും തമ്മില്‍ വ്യത്യാസം ഉണ്െടന്നു സുപ്രീംകോടതി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍, പൊതുപണിമുടക്ക് തുടങ്ങിയ പ്രതിഷേധങ്ങള്‍ ചില സാഹചര്യങ്ങളില്‍ വേണ്ടിവന്നേക്കാമെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനുള്ള ആഹ്വാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഉത്തരവു നല്‍കാനാവില്ല. മാധ്യമങ്ങള്‍ ഇത്തരത്തില്‍ കടമ നിറവേറ്റുമ്പോള്‍ ഹൈക്കോടതിയുടെ പ്രത്യേക റിട്ട് അധികാരം ഉപയോഗിച്ചു നിരോധനം ഏര്‍പ്പെടുത്താ നോ നിയന്ത്രണം ഏര്‍പ്പെടുത്താ നോ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.