ചുംബനസമരം: മോഹന്‍ലാലിനെ തിരുത്തി മേയര്‍
ചുംബനസമരം: മോഹന്‍ലാലിനെ തിരുത്തി മേയര്‍
Thursday, November 27, 2014 1:03 AM IST
കൊച്ചി: ചുംബനസമരത്തെക്കുറിച്ചും സദാചാര പോലീസിനെക്കുറിച്ചും നടന്‍ മോഹന്‍ലാലിന്റെ നിലപാടുകളോടു കൊച്ചി മേയര്‍ ടോണി ചമ്മണിക്ക് വിയോജിപ്പ്. സ്നേഹപൂര്‍വം മോഹന്‍ലാലിന് എന്ന ശീര്‍ഷകത്തില്‍ തന്റെ ബ്ളോഗിലൂടെയാണു മേയര്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചുംബനസമരത്തെ അനുകൂലിച്ചു ബ്ളോഗ് എഴുതിയിരുന്നു. എന്നാല്‍, ഇതില്‍ പലതിനോടും യോജിക്കാനാവില്ലെന്നു മേയര്‍ പറഞ്ഞു. സദാചാര പോലീസിനെയും കപടസദാചാരവാദത്തെയും എതിര്‍ക്കുമ്പോള്‍തന്നെ ചുംബനസമരം പോലുള്ള പ്രതിലോമകരമായ സമരരീതികളെ അനുകൂലിക്കാനില്ല. ഒരു തലമുറയുടേയും ജീവിതം നിശ്ചയിക്കണ്േടതു രാഷ്ട്രീയ പാര്‍ട്ടികളല്ല എന്ന മോഹന്‍ലാലിന്റെ പരാമര്‍ശം പുതിയ തലമുറയില്‍ അരാഷ്ട്രീയ വാദത്തിന്റെ കനലുകള്‍ ജ്വലിപ്പിക്കാനേ ഉപകരിക്കൂ.

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ കാലങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങളും ഇടപെടലുകളുമാണു കേരളീയ സമൂഹത്തെ വേറിട്ട തലത്തില്‍ എത്തിച്ചത്. വിവിധ തലമുറകളുടെ ജീവിതം നിശ്ചയിച്ചതും ജീവിതത്തിനു ദിശാബോധം നല്‍കിയതും രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്.

ചുംബനസമരത്തില്‍ ഇടപെട്ട വീര്യത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുപ്രശ്നങ്ങളില്‍ ഇടപെടുന്നില്ല എന്നാണു മോഹന്‍ലാല്‍ പറയുന്നത്. എന്നാല്‍, ചുംബനസമരത്തിനു കൊച്ചിയില്‍ ആവേശം കാണിച്ച ചെറുപ്പക്കാര്‍ ഏതൊക്കെ പൊതുപ്രശ്നങ്ങളില്‍ ഇത്ര വീര്യത്തോടെ ഇടപെടുന്നു എന്ന ചോദ്യം അവരോടും ഉന്നയിക്കേണ്ടതാണ്. ചുംബനസമരത്തേക്കാള്‍ ഏറ്റവും അടിയന്തരമായ പ്രശ്നങ്ങള്‍ കേരളത്തിലുണ്െടന്നു പരസ്യചുംബനത്തിനായി സമരം ചെയ്തവരെയായിരുന്നു മോഹന്‍ലാല്‍ ഓര്‍മിപ്പിക്കേണ്ടത്.


പഠിക്കേണ്ട കാലത്തു കുട്ടികള്‍ പാര്‍ക്കിലോ ഐസ്ക്രീം പാര്‍ലറുകളിലോ ഇന്റര്‍നെറ്റ് കഫേകളിലോ കുടുങ്ങിപ്പോകേണ്ടവരല്ലെന്നും മേയര്‍ ചൂണ്ടിക്കാട്ടി. ചുംബനസമരങ്ങള്‍ പോലുള്ള സംഭവങ്ങള്‍ സ്വന്തം സ്വാതന്ത്യ്രത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചും കുട്ടികളില്‍ തെറ്റായ ധാരണയുണ്ടാക്കും. പൊതുപ്രശ്നങ്ങളില്‍ ഇടപെടാന്‍ പാകത്തിനുള്ള മാനസികാവസ്ഥ പുതുതലമുറയില്‍ സൃഷ്ടിക്കാനാണു മോഹന്‍ലാലിനെപ്പോലെ അവരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിത്വം ശ്രമിക്കേണ്ടത്. അതുകൊണ്ടുതന്നെ നിലപാടുകളില്‍ വ്യക്തതയും ജാഗ്രതയും വേണം.

മറൈന്‍ഡ്രൈവില്‍ത്തന്നെ ടച്ച് ഒഫ് ലവ് എന്ന ചെറുപ്പക്കാരുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സാന്ത്വന സ്നേഹ സ്പര്‍ശത്തിലേക്കും മേയര്‍ മോഹന്‍ലാലിന്റെ ശ്രദ്ധ ക്ഷണിച്ചു.

സമൂഹത്തില്‍ ജീവിക്കുന്നവര്‍ പാലിക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ചും കാണിക്കേണ്ട വിവേകത്തെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഇഷ്ടമില്ലാത്ത കാഴ്ചകളില്‍നിന്നു മാറിപ്പോകണം എന്ന ആശയത്തോടു യോജിക്കാനാവില്ല. അത്തരം കാഴ്ചകള്‍ സമൂഹത്തില്‍ സൃഷ്ടിക്കാതിരിക്കലല്ലേ നല്ലത് എന്നു മേയര്‍ ചോദിക്കുന്നു. വഴിമാറി നടക്കാനല്ല മാന്യതയുടെയും മര്യാദയുടെയും നേരായ വഴിക്കു തന്നെ നടക്കാന്‍ പാകത്തില്‍ കാഴ്ചകള്‍ സൃഷ്ടിക്കാനുള്ള നന്മയിലേക്കു യുവതലമുറയെ നയിക്കാന്‍ മുന്നില്‍നിന്നു ശ്രമിക്കണമെന്നു മോഹന്‍ലാലിനോട് അഭ്യര്‍ഥിച്ചാണു മേയര്‍ ബ്ളോഗ് അവസാനിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.