വേങ്ങല്‍ പാടശേഖരത്തില്‍ 2,471 താറാവുകളെ കൊന്നു, നഷ്ടപരിഹാരം ലഭ്യമായില്ല
വേങ്ങല്‍ പാടശേഖരത്തില്‍ 2,471 താറാവുകളെ കൊന്നു, നഷ്ടപരിഹാരം ലഭ്യമായില്ല
Friday, November 28, 2014 1:00 AM IST
തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങല്‍ പാടശേഖരത്തില്‍ ഇന്നലെ 2,471 താറാവുകളെ കൊന്നൊടുക്കി. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ താറാവുകളെ കൊന്നു കത്തിച്ചുകളയുകയായിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മുണ്ടപ്പള്ളി പാടശേഖരത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണു വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്നത്.

ബുധനാഴ്ച മുതലാണു താറാവുകളെ കൊല്ലാന്‍ തുടങ്ങിയത്. ആദ്യദിവസം 75 താറാവുകളെ കൂട്ടത്തോടെ ചാക്കിലാക്കി ജീവനോടെ കത്തിക്കുകയായിരുന്നു. എന്നാല്‍, ഇന്നലെ കഴുത്തുഞെരിച്ചു കൊന്നശേഷമാണു കത്തിച്ചത്. തിരുവല്ല ആര്‍ഡിഒ എ.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് സ്ക്വാഡുകളാണ് ഇന്നലെ രംഗത്തുണ്ടായിരുന്നത്.

വേങ്ങല്‍ പാടശേഖരത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ 5,800 താറാവുകള്‍, 1,250 കോഴി, കാട, ലൌബേര്‍ഡ്സ് തുടങ്ങിയ വിഭാഗങ്ങളിലായി 200 പക്ഷികള്‍ ഉണ്െടന്നാണു മൃഗസംരക്ഷണവകുപ്പ് കണക്കു നല്‍കിയിരിക്കുന്നത്. ഇവയെ നശിപ്പിക്കാനുള്ള നടപടികളാണു നടക്കുന്നത്. എന്നാല്‍, നശിപ്പിക്കുന്ന താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കാത്തതു കര്‍ഷകരുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. കണക്കെടുപ്പ് പൂര്‍ത്തിയാക്കി ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്നലെ സ്ഥലത്തെത്തിയ മന്ത്രി അടൂര്‍ പ്രകാശ് നിര്‍ദേശിച്ചു. മന്ത്രിമാരായ കെ.പി.മോഹനന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ പുളിക്കീഴ് ബ്ളോക്ക് ഓഫീസില്‍ അവലോകനയോഗം ചേര്‍ന്നു.

രോഗം മനുഷ്യരിലേക്കു പടരുന്നില്ലെന്നുറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്െടന്നു യോഗത്തില്‍ അധികൃതര്‍ പറഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ ശുദ്ധജലം വിതരണം നടത്തും. രോഗനിര്‍ണയത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഉപകരണങ്ങള്‍ എത്തിക്കാനും അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികളില്‍ ക്രമീകരണമുണ്ടാക്കാനും തീരുമാനിച്ചു.


ആലപ്പുഴയില്‍ ഇന്നലെ കൊന്നത് 10,586 താറാവുകളെ

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്നലെ കൊന്നത് 10,586 താറാവുകളെ. പുറക്കാട് ഇല്ലിച്ചിറയില്‍ 1597 താറാവുകളെയും നെടുമുടിയില്‍ 3,058 എണ്ണത്തെയും നെഹ്റുട്രോഫി വാര്‍ഡിലെ ഭഗവതി പാടശേഖരത്ത് 2,356 എണ്ണത്തിനെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കൊപ്പാറക്കടവിനു സമീപം 1475 എണ്ണത്തിനെയും തലവടിയില്‍ 2100 താറാവുകളെയും കൊന്നു. 150 കിലോ താറാവു തീറ്റയും 350 മുട്ടകളും നശിപ്പിച്ചു.

രോഗബാധയുള്ള താറാവുകളുള്ള പുറക്കാട് ഇല്ലിച്ചിറയിലെയും, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കൊപ്പാറക്കടവിനു സമീപത്തെയും നെടുമുടി മൂന്നാംവാര്‍ഡിലേയും, തലവടിയിലെ ഒമ്പതാം വാര്‍ഡിലെയും പ്രദേശങ്ങള്‍ ജില്ലാകളക്ടര്‍ എന്‍.പത്മകുമാര്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. മധു, വി. ധ്യാനസുതന്‍, സുഷമ സുധാകരന്‍, എ.ഡി.എം. ആന്റണി ഡൊമനിക്, ഡെപ്യൂട്ടി കളക്ടര്‍(ദുരന്തനിവാരണം) കെ.ആര്‍. ചിത്രാധരന്‍, തഹസില്‍ദാര്‍ പി. സുനില്‍കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് പ്രേംജി, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ കളക്ടര്‍ക്കൊപ്പ മുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.