അട്ടപ്പാടിയില്‍ ആദിവാസിബാലികയെ 80,000 രൂപയ്ക്കു വിറ്റു
അട്ടപ്പാടിയില്‍ ആദിവാസിബാലികയെ  80,000 രൂപയ്ക്കു വിറ്റു
Saturday, November 29, 2014 11:56 PM IST
പാലക്കാട്: മന്ത്രിപ്പടയും ഉദ്യോഗസ്ഥവൃന്ദവും വാഗ്ദാനങ്ങളും സഹായപ്പെരുമഴയും വര്‍ഷിച്ച് അട്ടപ്പാടി ചുരമിറങ്ങിയതിനു പിന്നാലെ ആദിവാസികളുടെ ദുരവസ്ഥകള്‍ വീണ്ടും തലപൊക്കി. ശിശുമരണങ്ങള്‍ക്കുപുറമേ രണ്ടര വയസുകാരിയെ പിതാവ് മാതാവറിയാതെ വിറ്റ വാര്‍ത്തയാണ് ഇന്നലെ പുറംലോകത്തെ ഞെട്ടിച്ചത്. അട്ടപ്പാടി ഷോളയൂര്‍ വണ്ണന്തറ ഊരിലാണു സംഭവം.

ഇരുള വിഭാഗത്തില്‍പ്പെട്ട തുളസിയുടെ മകള്‍ സൌമ്യയെയാണു പിതാവ് ഷംസുദീന്‍ തൃപ്പൂണിത്തുറ സ്വദേശികള്‍ക്കു വിറ്റത്. കുഞ്ഞിന്റെ മാതാവിന്റെ പരാതിയില്‍ പിതാവിനെയും കച്ചവടത്തിന് ഇടനിലക്കാരനായ ആളെയും പോലീസ് അറസ്റ് ചെയ്തു. ഷംസുദീന്‍, ഇടനിലക്കാരന്‍ ജോണ്‍ എന്നിവരാണ് അറസ്റിലായത്.

എണ്‍പതിനായിരം രൂപയ്ക്കായിരുന്നു കച്ചവടം. കഴിഞ്ഞ ഇരുപതാം തീയതിയാണു സംഭവം. കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്കിയതോടെ സംഭവം പുറത്തറിഞ്ഞത്. എണ്‍പതിനായിരം രൂപ കൈപ്പറ്റിയതില്‍ ഇരുപതിനായിരം രൂപ ഇടനിലക്കാരന്‍ ജോണ്‍ കമ്മീഷനായി എടുത്തു. ബാക്കി അറുപതിനായിരം രൂപയാണു ഷംസുദീനു ലഭിച്ചത്. തുളസിയുടെ രണ്ടാം ഭര്‍ത്താവാണ് ആലത്തൂര്‍ സ്വദേശിയായ ഷംസുദീന്‍. സംഭവത്തെപ്പറ്റി ഷോളയൂര്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

ബാലികയെ 80,000 രൂപയ്ക്കു വിറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിയില്‍നിന്നു റിപ്പോര്‍ട്ട് തേടി. മാധ്യമവാര്‍ത്തകളെത്തുടര്‍ന്നു കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

പ്രഥമവിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, കുട്ടിയെ രക്ഷപ്പെടുത്തിയെങ്കില്‍ അതിന്റെ വിവരങ്ങളും കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയും, ശിശുക്ഷേമസമിതി പുറപ്പെടുവിച്ച ഉത്തരവിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാനാണു കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഡിസംബര്‍ ഒന്നിനു കമ്മീഷന്‍ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.