ക്രിസ്മസിന് അവധി റദ്ദാക്കിയതില്‍ പ്രതിഷേധം ശക്തം; കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ അധ്യാപക സംഘടനകള്‍
Monday, December 22, 2014 12:16 AM IST
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ അവധി വേണ്െടന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ക്രിസ്മസ് ദിനത്തിലെ അവധി റദ്ദാക്കി സല്‍ഭരണം ആഘോഷിക്കാന്‍ സര്‍വകലാശാലകള്‍ക്കും ഐഐടികള്‍ക്കും നവോദയ-കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് എതിര്‍പ്പുമായി അധ്യാപക സംഘടനകള്‍ അടക്കമുള്ള വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകള്‍ രംഗത്തെത്തിയത്.

ക്രിസ്മസ് അവധി നിലനിര്‍ത്തണമെന്നും അവധി റദ്ദാക്കുന്നതു രാജ്യത്തു നിലനില്‍ക്കുന്ന മതനിരപേക്ഷത നഷ്ടമാകാന്‍ ഇടയാക്കുമെന്നും ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടോമിച്ചന്‍ ജോസഫ് ദീപികയോടു പറഞ്ഞു. സല്‍ഭരണം ആഘോഷിക്കാന്‍ മറ്റ് എത്രയോ ദിവസങ്ങളുണ്ട്. ക്രിസ്മസ് ദിനത്തില്‍ത്തന്നെ ഇതുമായി രംഗത്തെത്തുന്നതിനു പിന്നില്‍ ജനങ്ങള്‍ക്ക് ഒട്ടേറെ സംശയങ്ങള്‍ക്ക് ഇടയാക്കും. വര്‍ഷങ്ങളായി ഡിസംബര്‍ 25ന് അവധി നല്‍കുകയാണു പതിവ്. ഒരു സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യ ക്രിസ്മസ് എത്തുമ്പോള്‍ അവധി റദ്ദാക്കാനുള്ള തീരുമാനം സംശയങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോധപൂര്‍വം ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണോ ക്രിസ്മസ് ദിനത്തിലെ അവധി റദ്ദാക്കുന്നതിനു പിന്നിലുള്ളതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നു കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ പറഞ്ഞു. മതപരമായ ആചാരവുമായി ബന്ധപ്പെട്ട പൊതുഅവധി ദിവസം റദ്ദാക്കാനുള്ള തീരുമാനത്തോടു യോജിക്കാനാകില്ല. മതേതരത്വം തകര്‍ക്കാനുള്ള നീക്കത്തോട് ഒരു തരത്തിലും യോജിപ്പില്ല. മതേതരത്വത്തിനു വിലങ്ങുതടിയാകുന്ന നീക്കങ്ങള്‍ പൊതുസമൂഹം അംഗീകരിക്കില്ല.

ദേശീയ കരിക്കുലം പരിഷ്കരിക്കാനുള്ള നീക്കത്തെയും സംശയത്തോടെ കാണേണ്ടിവരും. ഇതിലും ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളുണ്െടന്ന ആരോപണം ഇപ്പോള്‍ത്തന്നെ ഉയര്‍ന്നിട്ടുണ്ട്. ക്രിസ്മസ് അവധി റദ്ദാക്കാനുള്ള നീക്കങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിലും എന്തെങ്കിലം അജന്‍ഡ ഒളിഞ്ഞിരിപ്പുണ്േടായെന്നു സംശയിക്കേണ്ടി വരുമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.

ക്രിസ്മസ് ദിനത്തിലെ അവധി റദ്ദാക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നു കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന്‍ പറഞ്ഞു. മതപരമായ ആചാരം നടക്കുന്ന ദിനത്തിലെ പൊതു അവധി റദ്ദാക്കാനുള്ള തീരുമാനത്തോടുള്ള സംഘടനയുടെ ശക്തമായ വിയോജിപ്പു രേഖപ്പെടുത്തുന്നു.

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പോയിയുടെ ജന്മദിനമായ ഡിസംബര്‍ 25നു സല്‍ഭരണ ദിനമായി ആചരിക്കാന്‍ തീരുമാനിക്കുമ്പോള്‍ വര്‍ഷങ്ങളായി തുടരുന്ന മതവിഭാഗത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട പ്രധാന ദിനമാണെന്ന് ഓര്‍ക്കുന്നതു നന്ന്. ഇത്തരം നിലപാടുകള്‍ മതേതരത്വത്തിനു ചേര്‍ന്നതല്ല. മതസഹിഷ്ണുതയില്ലാത്ത നിലപാടായി ഇതിനെ വ്യാഖാനിക്കപ്പെട്ടേക്കാമെന്നും ജയിംസ് കുര്യന്‍ പറഞ്ഞു.

ഭരണഘടനാവിരുദ്ധം: ഡോ. അംബികാസുതന്‍ മാങ്ങാട്

കണ്ണൂര്‍: ക്രിസ്മസ്ദിനത്തിലെ മുഴുദിന പൊതുഅവധി ദിനം സല്‍ഭരണദിനമായി ആചരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര കാഴ്ചപ്പാടിനു വിരുദ്ധമാണെന്നു പ്രശസ്ത നോവലിസ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.അംബികാസുതന്‍ മാങ്ങാട്. ക്രിസ്മസ് ലോകത്തിനു നല്‍കുന്ന പ്രകാശത്തിന്റെ, ദയയുടെ, കരുണയുടെ സന്ദേശം കാണാതെ ഇത്തരം സത്യങ്ങള്‍ സങ്കുചിതമായി കാണുന്നതിന്റെ പ്രതിഫലനമാണ് ഈ നീക്കങ്ങളിലൂടെ വെളിവാകുന്നത്. എല്ലാ മനസുകളെയും ദീപ്തമാക്കുന്ന സങ്കല്പമാണു ക്രിസ്മസ്. മഹത്തായ വെളിച്ചത്തിന്റെ സങ്കല്‍പ്പത്തെ ചുരുക്കിക്കാണുന്നതിനോടു യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.




അവധി റദ്ദാക്കിയ നടപടി പിന്‍വലിക്കണം: റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍(സീറോ മലബാര്‍ സഭ ഹയര്‍ എഡ്യുക്കേഷന്‍ സെക്രട്ടറി)

കൊച്ചി: പൊതു അവധിദിവസമായ ക്രിസ്മസിന് കോളജുകളും യൂണിവേഴ്സിറ്റികളും പ്രവൃത്തിദിനമാക്കാനും ആദിനത്തില്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യാനും ആവശ്യപ്പെടുന്ന യുജിസിയുടെ സര്‍ക്കുലര്‍ പ്രതിഷേധാര്‍ഹമാണെന്നും അതു പിന്‍വലിക്കണമെന്നും സീറോ മലബാര്‍ ഹയര്‍ എഡ്യുക്കേഷന്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു. സാര്‍വത്രിക സ്നേഹത്തിന്റെ ദിനമായി ആചരിക്കപ്പെടാന്‍ അര്‍ഹതയുള്ള ഏതെങ്കിലുമൊരു ദിവസം ലോകചരിത്രത്തിലുണ്െടങ്കില്‍ അത് ക്രിസ്മസാണ്. ആ ക്രിസ്മസ് ദിനാഘോഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് യുജിസിയും അതിനു നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും ലോകസമാധാനത്തിന് അപകടം വരുത്തുന്ന മനസ്ഥിതിയുടെ ഉടമകളാണെന്ന് കരുതുന്നതില്‍ തെറ്റില്ല. ഈ ശ്രമത്തെ തീര്‍ച്ചയായും എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


സ്വതന്ത്രഭാരതത്തിന്റെ ആവിര്‍ഭാവത്തിനും വളര്‍ച്ചയ്ക്കും നെടുനായകത്വം കൊടുത്ത ഗാന്ധിജിയെയും നെഹ്റുവിനെയും തള്ളിപ്പറയുന്ന ഭരണാധികാരികള്‍ അവര്‍ക്കിപ്പോള്‍ കിട്ടിയ ഭരണവും അധികാരവും ഈ മഹാന്മാരുടെ ജീവത്യാഗവും അധ്വാനവുംകൊണ്ട് ലഭിച്ചതാണെന്ന് ഓര്‍ക്കണം. നെഹ്റുവിന്റെ ചിന്തയും സ്വപ്നവുമാണ് ആധുനിക ഭാരതത്തെ കെട്ടിപ്പടുത്തത്. യൂണിവേഴ്സിറ്റികളും കലാലയങ്ങളും സമരവും ഹര്‍ത്താലുംകൊണ്ടു പൊറുതിമുട്ടുമ്പോള്‍ അല്ലെങ്കില്‍ അവയുടെ അക്കാഡമിക് നിലവാരം താണുപോകുന്ന അവസരത്തില്‍ അതിനെതിരായി പ്രതികരിക്കാന്‍ യുജിസിക്ക് സാധിക്കുന്നില്ല. വ്യാജ യൂണിവേഴ്സിറ്റികളും അവ കൊടുക്കുന്ന ഡിഗ്രികളും പെരുകുമ്പോഴും പ്രതികരിക്കാത്ത യുജിസി ക്രിസ്മസ് ഇല്ലാതാക്കാന്‍ അതിയായ താത്പര്യമാണ് കാണിക്കുന്നത്. കേരളത്തില്‍ എല്ലാ മാനേജ്മെന്റുകളും പ്രിന്‍സിപ്പല്‍മാരും ഗാന്ധിജയന്തി, പൂജവയ്പ്, ബക്രീദ് എന്നീ ദിവസങ്ങള്‍ ആചരിക്കുന്നതുപോലെ ക്രിസ്മസ് ആചരിക്കാന്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം കൊടുക്കണം. വാജ്പേയിയെ ആദരിക്കണമെങ്കില്‍ പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങളെ വിളിച്ചുകൂട്ടി ആദരിക്കണം. മഹത്താ യ ക്രിസ്മസ് ദിനം അതിനായി ഉപയോഗിക്കുന്നത് അധിക്ഷേപാര്‍ഹമാണ്. അപരിപക്വമായ മനസിന്റെയും അഹന്തയുടെയും പര്യായമായാണ് ഈ സര്‍ക്കുലറിനെ ജനങ്ങള്‍ കാണുക. അതിനാല്‍ ഈ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ യുജിസി തയാറാവണം.

അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം: ഡോ. ജോണ്‍ ജോസഫ്(കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം)

കണ്ണൂര്‍: ലോകം മുഴുവനുമുള്ള ക്രൈസ്തവര്‍ പുണ്യദിനമായി ആചരിക്കുന്ന ക്രിസ്മസ് ദിനം സര്‍വകലാശാലകള്‍ക്കു പ്രവൃത്തിദിനമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നു കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റംഗം ഡോ. ജോണ്‍ ജോസഫ്. രാജ്യത്താകെ രണ്ടര ശതമാനം ക്രിസ്തുമത വിശ്വാസികളാണുള്ളത്. എന്നാല്‍ വിശ്വാസികളുടെ എണ്ണം നോക്കിയായിരുന്നില്ല അവകാശങ്ങള്‍ അനുവദിച്ചിരുന്നത്. എല്ലാ മതവിശ്വാസികളുടെയും വികാരങ്ങളെ പരിഗണിച്ചാണ് ഇതുവരെയുള്ള ഭരണാധികാരികള്‍ നിലപാടുകള്‍ സ്വീകരിച്ചിരുന്നത്. മതേതരത്വത്തിനു വിരുദ്ധമായി ഒരു ജനാധിപത്യ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്നും ക്രിസ്മസ് പൊതുഅവധി ദിനമായി തന്നെ നിലനിര്‍ത്തണമെന്നും ഡോ. ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു.

സംഘടിത മതംമാറ്റം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും: കെസിബിസി

കൊച്ചി: ഒരു മതത്തില്‍ വിശ്വസിക്കുന്ന വ്യക്തിയെയോ വ്യക്തികളെയോ മറ്റേതെങ്കിലും മതത്തിലേക്കു സംഘടിതമായും നിര്‍ബന്ധിച്ചും പരിവര്‍ത്തനം ചെയ്യുന്നതു സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിത മതംമാറ്റം നടന്നുവെന്ന വാര്‍ത്ത ശരിയെങ്കില്‍ അതു മതേതര സംസ്കാരത്തിനു നിരക്കുന്നതല്ല. ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കാനും അതില്‍ പ്രവര്‍ത്തിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ട്. സ്വമേധേയാ മറ്റു മതങ്ങളിലേക്കു മാറാനും ഭരണഘടന സ്വാതന്ത്യ്രം നല്‍കുന്നുണ്ട്. എന്നാല്‍, വ്യക്തികളുടെയും കുടുംബങ്ങളുടെയും മതംമാറ്റത്തിനു രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ നേതൃത്വം നല്‍കുന്നുവെങ്കില്‍ അത് അപകടകരമാണ്. ഏതെങ്കിലും മതത്തിലേക്കു തിരിച്ചുപോകണം എന്നു പറയാന്‍ ആര്‍ക്കും അധികാരമില്ല. സംഘടിതമായി നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന മതംമാറ്റങ്ങളെക്കുറിച്ചു സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്നും റവ. ഡോ. വള്ളിക്കാട്ട് പറഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.