ഇടുക്കി ഗവ. മെഡിക്കല്‍ കോളജിനു കേന്ദ്ര സഹായമില്ലെന്നു മന്ത്രി ശിവകുമാര്‍
ഇടുക്കി ഗവ. മെഡിക്കല്‍ കോളജിനു കേന്ദ്ര സഹായമില്ലെന്നു  മന്ത്രി ശിവകുമാര്‍
Saturday, December 27, 2014 1:09 AM IST
തിരുവനന്തപുരം: ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ബ്ളോക്ക് നിര്‍മാണത്തിന് 49 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിച്ചുവെന്ന ജോയ്സ് ജോര്‍ജ് എംപി യുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

പൊതുമേഖലാ സ്ഥാപനമായ നബാര്‍ഡാണ്, റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി, ഇതിനായി 48.54 കോടി രൂപ അനുവദിച്ചത്; കേന്ദ്ര സര്‍ക്കാരല്ല. വായ്പയായി അനുവദിച്ച ഈ തുക പലിശസഹിതം തിരികെ നല്‍കേണ്ടതാണ്. 57.11 കോടി രൂപയാണ് ഒന്നാംഘട്ട പദ്ധതിച്ചെലവ്. ഇതില്‍ 8.57 കോടി രൂപ സംസ്ഥാന വിഹിതമായി നല്‍കും.

ഡിസംബര്‍ രണ്ടിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ആശുപത്രി ബ്ളോക്കുകളുടെ നിര്‍മാണത്തിനുവേണ്ടി, കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജിന് 58.18 കോടി രൂപയും കോന്നി ഗവ. മെഡിക്കല്‍ കോളജിന് 140 കോടി രൂപയും നബാര്‍ഡ്, വായ്പയായി അനുവദിച്ചിട്ടുണ്ട്. 1,80,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഇടുക്കിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കുവേണ്ടി സ്ഥാപിക്കുന്നത്. ഇതിന്റെ നിര്‍മാണച്ചുമതല സിഡ്കോയ്ക്കാണെന്നും മന്ത്രി അറിയിച്ചു.


സംസ്ഥാനത്തു പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിന് ഒരു പൈസയുടെ കേന്ദ്ര സഹായംപോലും ഇതുവരെ ലഭ്യമായിട്ടില്ല. അതിനായി എംപിമാര്‍ ശ്രമിക്കുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.