ശബരിമലയില്‍ ഇന്നു മണ്ഡലപൂജ
Saturday, December 27, 2014 1:10 AM IST
ശബരിമല: 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ചു ശബരിമല അയ്യപ്പക്ഷേത്രത്തില്‍ ഇന്നു മണ്ഡലപൂജ നടക്കും.

ഉച്ചയ്ക്ക് 12നാണു മണ്ഡലപൂജ. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നെത്തിച്ച തങ്കഅങ്കി ചാര്‍ത്തിയാണു മണ്ഡലപൂജ. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും. മണ്ഡലപൂജയ്ക്കുശേഷം ഇന്നു രാത്രി 10ന് നട അടയ്ക്കും. പിന്നീടു മകരവിളക്ക് മഹോത്സവത്തിനായി 30നു വൈകുന്നേരം 5.30നു നട തുറക്കും.

തങ്ക അങ്കി ഘോഷയാത്ര ഇന്നലെ ഉച്ചയോടെ പമ്പയിലെത്തി. പമ്പയില്‍ ദേവസ്വം അധികൃതരുടെയും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തങ്കഅങ്കി സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു. വൈകുന്നേരം ശരംകുത്തിയിലെത്തിച്ച തങ്കഅങ്കിയെ ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ ഭാരവാഹികളും ചേര്‍ന്നു സ്വീകരിച്ചു.


പതിനെട്ടാംപടിക്കു മുമ്പില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം പ്രതിനിധികള്‍ ഏറ്റുവാങ്ങി.

ശ്രീകോവിലിനു മുന്നില്‍ തന്ത്രി കണ്ഠര് രാജീവരുടെയും മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ തങ്കഅങ്കി സ്വീകരിച്ചു ശ്രീകോവിലിലേക്കാനയിച്ചു. തങ്ക അങ്കി ചാര്‍ത്തി നടന്ന ദീപാരാധന നൂറുകണക്കിന് അയ്യപ്പഭക്തരാണു ദര്‍ശിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ ശബരിമലയില്‍ നടയ്ക്കുവച്ചതാണ് 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.