പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം: വിളംബര ഘോഷയാത്ര ഒന്നിന്
Monday, January 26, 2015 12:48 AM IST
കോട്ടയം: സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രഥമ ഭാരത സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള കോട്ടയം ഭദ്രാസനവിളംബര കൊടി, കൊടിമരഘോഷയാത്ര ഫെബ്രുവരി ഒന്നിനു നടക്കും. പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള ഘോഷയാത്ര രാവിലെ ഒമ്പതിനു പാണംപടി സെന്റ് മേരീസ് പള്ളിയില്‍നിന്നു തുടങ്ങും. ഡോ.തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായില്‍നിന്നു പാത്രിയര്‍ക്കാ പതാക കണ്‍വീനര്‍ ഫാ. തോമസ് കുര്യന്‍ കണ്ടാന്തറ ഏറ്റുവാങ്ങും. കിഴക്കന്‍ മേഖലയില്‍നിന്നുള്ള ഘോഷയാത്ര വാഴൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍നിന്നു ജോയിന്റ് കണ്‍വീനര്‍ ഫാ. പോള്‍ വര്‍ഗീസ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതിനു നടക്കും.

പടിഞ്ഞാറന്‍ മേഖല ഘോഷയാത്ര പടിഞ്ഞാറ്, വടക്ക് പ്രദേശങ്ങളിലെ പള്ളികളും കിഴക്കന്‍മേഖല യാത്ര കിഴക്ക്, തെക്ക് പ്രദേശങ്ങളിലെ പള്ളികളും സന്ദര്‍ശിച്ചു വൈകുന്നേരം ആറിനു പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ സംഗമിക്കും. തുടര്‍ന്നു ഇവിടെനിന്നുള്ള കൊടിമരം, കൊടി ഘോഷയാത്ര മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍, വടവാതൂര്‍ മാര്‍ അപ്രേം പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി 7.30നു സമ്മേളന നഗരിയായ കോട്ടയം നെഹ്റു സ്റേഡിയ(മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ നഗര്‍)ത്തില്‍ എത്തിച്ചേരും. രാത്രി എട്ടിനു കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത, സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും വൈദികരും പങ്കെടുക്കും. ഘോഷയാത്ര ദേവാലയങ്ങളില്‍ എത്തിച്ചേരുമ്പോള്‍ പള്ളി വികാരി മാലയിട്ടു സ്വീകരിക്കും.


പള്ളി ട്രസ്റി, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നു പള്ളികളില്‍നിന്നുള്ള പാത്രിയര്‍ക്കാ പതാക നല്കും. വിവിധ ദേവാലയങ്ങളില്‍നിന്നു ലഭിക്കുന്ന 122 കൊടികളും സഭ അടിസ്ഥാനത്തിലുള്ള കൊടിയും ഉള്‍പ്പെടെ 123 പതാകള്‍ ചേര്‍ത്താണു സമ്മേളനനഗരിയില്‍ കൊടി ഉയര്‍ത്തുന്നത്. പരിശുദ്ധ അപ്രേം ദ്വിതീയന്‍ ബാവാ സുറിയാനി സഭയുടെ 123-ാമത്തെ പാത്രിയര്‍ക്കീസാണ്. കൊടിമര ഘോഷയാത്രയ്ക്കു കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ മണലേല്‍ച്ചിറയില്‍, തോമസ് ഇട്ടി കോര്‍ എപ്പിസ്കോപ്പ കുന്നത്തൈയ്യേട്ട്, ഫാ. ജോസി എബ്രഹാം അട്ടച്ചിറ, ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍, മാത്യൂസ് കോര്‍ എപ്പിസ്കോപ്പ കാവുങ്കല്‍ എന്നിവര്‍ നേതൃത്വം നല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.