ആര്‍പിഎസ് കമ്പനികളില്‍നിന്നു ഷീറ്റ് വാങ്ങുമെന്നു ടയര്‍ കമ്പനികള്‍
Monday, January 26, 2015 12:40 AM IST
കോട്ടയം: ആര്‍പിഎസ് കമ്പനികള്‍ കര്‍ഷകരില്‍നിന്നു ഷീറ്റ് സംഭരിച്ചാല്‍ റബര്‍ ബോര്‍ഡിന്റെ വിലയ്ക്കു ചരക്ക് വാങ്ങാന്‍ തയാറാണെന്നു വിവിധ ടയര്‍ കമ്പനി വക്താക്കള്‍. ഇതുമായി ബന്ധപ്പെട്ടു റബര്‍ ബോര്‍ഡ് ബുധനാഴ്ച കോട്ടയത്തു വിളിച്ചിരിക്കുന്ന യോഗത്തില്‍ അപ്പോളോ, എംആര്‍എഫ്, ജെകെ, സിയറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

ആര്‍പിഎസ് കമ്പനികള്‍ സംഭരിക്കുന്ന ഷീറ്റ് അതാതു കേന്ദ്രങ്ങളില്‍നിന്നോ കോട്ടയത്തും കൊച്ചിയിലുമുള്ള ഗോഡൌണുകളില്‍നിന്നോ വാങ്ങാന്‍ തയാറാണെന്നു സിയറ്റ് പ്രതിനിധി ദീപികയോടു പറഞ്ഞു.

അപ്പോളോ ടയേഴ്സ് നാലു വര്‍ഷമായി കവണാര്‍ ഉള്‍പ്പെടെയുള്ള ആര്‍പിഎസ് കമ്പനികളില്‍നിന്നു ഷീറ്റ് വാങ്ങുന്നുണ്ട്. തുടര്‍ന്നും സംഭരണം നടത്തും. കര്‍ഷകര്‍ ഗുണനിലവാരമുള്ള ഷീറ്റ് തയാറാക്കുന്നില്ലെന്നതാണു നിലവിലുള്ള പരിമിതിയെന്ന് ഇവര്‍ പറയുന്നു. റേഡിയല്‍ ടയറുകളാണു മിക്ക കമ്പനികളും കൂടുതലായി ഉത്പാദിപ്പിക്കുന്നത്. നേരിയ കരടു ഷീറ്റില്‍ കലര്‍ന്നാല്‍ ടയര്‍ വിണ്ടുപോകാനോ പൊട്ടിപ്പോകാനോ സാധ്യതയുണ്ട്. കടുത്ത മത്സരമുള്ള ടയര്‍ വ്യവസായത്തില്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. കേരളത്തില്‍ കൃഷിവിസ്തൃതിയുടെ അളവ് കുറയുന്തോറും ഷീറ്റിന്റെ ഗുണനിലവാരവും കുറയുകയാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.


സാമ്പത്തികമാന്ദ്യം ടയര്‍ വ്യവസായത്തെ പിന്നോട്ടടിച്ചുകൊണ്ടിരിക്കെ ഗുണനിലവാരം ഏറ്റവും പ്രധാനമാണ്. നിലവാരമുള്ള ഷീറ്റ് ഉത്പാദിപ്പിക്കാന്‍ ടാപ്പര്‍മാര്‍ക്കും കര്‍ഷകര്‍ക്കും പരിശീലന ക്ളാസുകള്‍ നല്‍കുന്നുണ്െടന്ന് അപ്പോളോ വക്താവ് പറഞ്ഞു. നിലവാരമുള്ള ഷീറ്റ് തയാറാക്കാന്‍ റബര്‍ വ്യാപാരികള്‍ കര്‍ഷകരോടു നിര്‍ദേശിക്കുന്നില്ലെങ്കില്‍ റബര്‍ വ്യാപാരമേഖലയെയും പ്രതികൂലമായി ബാധിക്കും.

ജെകെ, എംആര്‍എഫ് തുടങ്ങിയ കമ്പനികളും ആര്‍പിഎസ് കമ്പനികളില്‍നിന്നു ഷീറ്റ് വാങ്ങാന്‍ തയാറാണെന്ന് അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിതവില കര്‍ഷകര്‍ക്ക് ഉറപ്പാക്കും. വ്യാപാരികള്‍ ഷീറ്റിനു വിലയിടിച്ചു ചൂഷണം ചെയ്യരുതെന്നുമുള്ള നിലപാടാണു തങ്ങളുടേത്. റബര്‍ ബോര്‍ഡുമായി ധാരണയായാല്‍ അടുത്തയാഴ്ചതന്നെ ആര്‍പിഎസ് കമ്പനികളില്‍നിന്നു റബര്‍ ബോര്‍ഡ് വിലയ്ക്കു ഷീറ്റ് വാങ്ങുമെന്നു കമ്പനികള്‍ റബര്‍ ബോര്‍ഡിനെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.