ഗുരുവായൂര്‍ ക്ഷേത്രനടയെ വിറപ്പിച്ചു കൊമ്പന്മാരുടെ പോര്
ഗുരുവായൂര്‍ ക്ഷേത്രനടയെ വിറപ്പിച്ചു കൊമ്പന്മാരുടെ പോര്
Saturday, January 31, 2015 1:11 AM IST
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊമ്പന്‍മാര്‍ ഏറ്റുമുട്ടി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ഗോകുല്‍ നാകേരിമന കേശവന്‍ എന്ന കൊമ്പനെയാണു കുത്തിവീഴ്ത്തിയത്. രാത്രി എട്ടേകാലോടെയായിരുന്നു സംഭവം.

നാകേരിമന ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള എഴുന്നള്ളിപ്പ് കിഴക്കേനടപ്പുരയില്‍ എത്തിയതോടെ ഇടതുവശത്തു പറ്റാനയായിരുന്ന കൊമ്പന്‍ ഗോകുല്‍ കോലമേറ്റിയിരുന്ന കേശവനെ കുത്തുകയായിരുന്നു. തലയ്ക്കു പിന്നില്‍ കുത്തേറ്റ കേശവന്‍ നിലത്തുവീണു. നിലത്തുവീണ കേശവനെ നിരക്കിക്കൊണ്ട് സമീപത്തെ കടയോടുചേര്‍ത്തു വീണ്ടും കുത്തി. ഇതോടെ പാപ്പാന്‍മാര്‍ ചേര്‍ന്നു ഗോകുലിനെ പിന്തിരിപ്പിച്ചു.

കുത്തേറ്റ കേശവന്‍ എണീറ്റു വീണ്ടും ഗോകുലുമായി നേര്‍ക്കുനേര്‍ നിന്നെങ്കിലും പിന്നെ കേശവന്‍ പിന്തിരിയുകയായിരുന്നു. ഇതിനിടെ, പാപ്പാന്‍മാര്‍ ചേര്‍ന്നു ഗോകുലിനെ നടപ്പുരയുടെ തൂണില്‍ ബന്ധിച്ചിരുന്നു. നടപ്പുരയുടെ സമീപമുള്ള എ.വി. മെഡിക്കല്‍സിനും ഭാരത് ഹാന്‍ഡിക്രാഫ്റ്റിനും കേടുപാടുകള്‍ സംഭവിച്ചു.


ആനകള്‍ കുത്തുകൂടിയതോടെ ആനപ്പുറത്തിരുന്ന കീഴ്ശാന്തിക്കാര്‍ ചാടി രക്ഷപ്പെട്ടു. എഴുന്നള്ളിപ്പിന് അകമ്പടിയായിരുന്ന പഞ്ചവാദ്യക്കാര്‍ ഓടിരക്ഷപ്പെട്ടു. സമീപത്തെ കടയുടെ ഷട്ടറുകള്‍ അടച്ചു. ആനകള്‍ പോരടിക്കുന്ന വിവരം അറഞ്ഞതോടെ വന്‍ ജനകൂട്ടം കിഴക്കേനടപ്പുരയില്‍ തടിച്ചുകൂടി. ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളും പേടിച്ചുവിറച്ചു. ആദ്യമായി ഗുരുവായൂരിലെത്തിയവര്‍ ആനകള്‍ ഇടഞ്ഞതു കണ്ടതോടെ ഭയന്നോടി. വലതുവശത്തു പറ്റാനയായിരുന്ന ദേവസ്വത്തിന്റെ അച്യുതന്‍ ആനയെ ഉടന്‍തന്നെ പാപ്പാന്‍മാര്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. പാപ്പാന്‍മാര്‍ക്കു മുമ്പില്‍ ശാന്തനായ ഗോകുലിനെ രാത്രി ഒമ്പതോടെ ശീവേലിപ്പറമ്പിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.