അലിഗഡ് മലപ്പുറം കേന്ദ്രം: ശിലാസ്ഥാപനം രാഷ്ട്രപതി നിര്‍വഹിക്കും
Saturday, February 28, 2015 12:35 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ചേലാമലയിലെ അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രത്തിലെ സ്ഥിരം കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മേയ് ആദ്യവാരത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നിര്‍വഹിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.

അലിഗഡ് കേന്ദ്രത്തിന്റെ വികസന പുരോഗതി നേരിട്ടു വിലയിരുത്തുന്നതിന് ചേലാമല കാമ്പസിലെത്തിയ മന്ത്രി കേന്ദ്രം ഡയറക്ടര്‍ ഡോ.എച്ച്. അബ്ദുള്‍ അസീസിനൊപ്പം കാമ്പസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ആര്‍കിടെക്ചറല്‍ വിഭാഗം തയാറാക്കിയ പരിസ്ഥിതി സൌഹൃദ മാസ്റര്‍ പ്ളാന്‍ പ്രകാരമുള്ള കെട്ടിട സമുച്ചയമാണ് കാമ്പസില്‍ ഉയരുന്നത്. ഒന്നാംഘട്ട വികസനത്തിന് 95 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങളും നവീന കോഴ്സുകളും യാഥാര്‍ഥ്യമാക്കി 2020 ഓടെ സമ്പൂര്‍ണ സ്പെഷല്‍ കാമ്പസാക്കി മലപ്പുറം കേന്ദ്രത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

യൂണിവേഴ്സിറ്റി കേന്ദ്രത്തിന്റെ വികസനത്തിന് പുതിയ കോഴ്സുകള്‍ തുടങ്ങുകയും അടിസ്ഥാന സൌകര്യങ്ങള്‍ വിപുലീകരിക്കുകയും വേണം.

സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങാന്‍ അല്പം കാലതാമസമെടുത്തുവെങ്കിലും മേയില്‍ രാഷ്ട്രപതി എത്തുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവരുമെന്ന് മന്ത്രി പറഞ്ഞു. എല്‍എല്‍എം, എംബിഎ. എക്സിക്യൂട്ടീവ് ഈവനിംഗ് കോഴ്സുകള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. പ്രാദേശിക വിദ്യാര്‍ഥികള്‍ക്കു കേന്ദ്രത്തില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നതിന് ഹൈസ്കൂള്‍, പ്ളസ്ടു സ്കൂളുകള്‍ തുടങ്ങേണ്ടതുണ്ട്.

നിലവിലുള്ള അലിഗഡ് യൂണിവേഴ്സിറ്റി നിയമ പ്രകാരം അതിനു തടസങ്ങളുള്ളതിനാല്‍ നിയമഭേദഗതിക്കു ശ്രമങ്ങള്‍ നടന്നുവരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈയാഴ്ചയും കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിക്കു കത്തെഴുതിയതായി മന്ത്രി പറഞ്ഞു. സ്കൂള്‍ സ്ഥാപിക്കപ്പെടുന്നതോടെ കൂടുതല്‍ പ്രാദേശിക വിദ്യാര്‍ഥികള്‍ പ്രവേശനം നേടുകയും അവര്‍ യൂണിവേഴ്സിറ്റിയില്‍ ഉന്നത പഠനത്തിനു എത്തുകയും ചെയ്യും. അലിഗഡ് കേന്ദ്രത്തിനു വേണ്ട എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുവരുന്നുണ്ട്. യൂണിവേഴ്സിറ്റി ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അനുവദിച്ചു. 30 മീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനു സ്ഥലം ഏറ്റെടുത്ത് നല്‍കി. നിര്‍മാണം നടത്തേണ്ടതു യൂണിവേഴ്സിറ്റിയാണ്. അതിനു ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്. കാമ്പസ് പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്നതോടെ വിപുലമായ ശുദ്ധജല പ്ളാന്റും 11 കെ.വി. സബ്സ്റേഷനും അനുവദിക്കും.


അതോടെ കാമ്പസിലേക്കു പൊതുഗതാഗത സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ചേലാമലയിലെ അലിഗഡ് കാമ്പസില്‍ ഒരു മാസത്തിനകം ഹൈമാസ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണു ലൈറ്റ് സ്ഥാപിക്കുക. ചേലാമല കാമ്പസിലെ ഫലവൃക്ഷങ്ങളില്‍ നിന്നും ഗസ്റ് ഹൌസില്‍ നിന്നും ലഭിക്കുന്ന വരുമാനം ഇവിടെ തന്നെ വിനിയോഗിക്കുന്നതിന് റിവോള്‍വിംഗ് ഫണ്ട് രൂപവത്കരിക്കാന്‍ അനുമതി ലഭിച്ചതായി കേന്ദ്രം ഡയറക്ടര്‍ ഡോ.എച്ച്. അബ്ദുള്‍ അസീസ് അറിയിച്ചു. ഇതുവരെ തുക കേന്ദ്ര യൂണിവേഴ്സിറ്റി ഫണ്ടിലടയ്ക്കുകയായിരുന്നു. കാമ്പസിലെ 17 ഏക്കര്‍ റബര്‍, 800 കശുമാവ്, തെങ്ങ്, മറ്റു ഫലവൃക്ഷങ്ങള്‍ എന്നിവയില്‍ നിന്നായി ലഭിച്ച 81 ലക്ഷം രൂപ ഇതിനകം അടച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.