ഇന്റര്‍നെറ്റ് തട്ടിപ്പ്: നൈജീരിയക്കാരനെ തിരുവനന്തപുരത്ത് എത്തിച്ചു
ഇന്റര്‍നെറ്റ് തട്ടിപ്പ്: നൈജീരിയക്കാരനെ തിരുവനന്തപുരത്ത് എത്തിച്ചു
Thursday, March 5, 2015 12:03 AM IST
തിരുവനന്തപുരം: ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും വ്യാജ സന്ദേശങ്ങള്‍ അയച്ച് ഇന്ത്യയില്‍നിന്നു കോടികള്‍ കവര്‍ന്ന കേസില്‍ കേരള പോലീസ് ഡല്‍ഹിയില്‍നിന്ന് അറസ്റ് ചെയ്ത നൈജീരിയന്‍ സംഘത്തലവനും മുഖ്യ ആസൂത്രകനുമായ ഫെസ്റസ് ഇക്കിച്ചുക്കുവു(31)യെ തിരുവനന്തപുരത്ത് എത്തിച്ചു.

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നു നിരവധി ആള്‍ക്കാരെപ്പറ്റിച്ചു പണം കവര്‍ന്ന സംഘത്തിന്റെ പ്രധാനിയെയാണു കേരള പോലീസ് ഡല്‍ഹിയിലെ കൃഷ്ണാ പാര്‍ക്കില്‍നിന്ന് അറസ്റ് ചെയ്തത്. വിവിധ അന്താരാഷ്ട്ര കമ്പനികളുടെ ലോട്ടറി നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചുവെന്നും ആതുരസേവനം നടത്തുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനം നടത്താനും ഇന്ത്യയില്‍ കോടികള്‍ ചെലവഴിക്കാന്‍ താത്പര്യം ഉണ്െടന്നും മറ്റും സന്ദേശങ്ങള്‍ അയച്ചാണ് ഈ സംഘം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിവന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും റിസര്‍വ് ബാങ്ക്, ഇന്‍കം ടാക്സ് തുടങ്ങിയവയുടെയും അന്താരാഷ്ട്ര കമ്പനികളുടെയും പേരില്‍ വ്യാജ കത്തിടപാടുകള്‍ നടത്തിയാണ് ഇവര്‍ സാധാരണക്കാരെ വലയില്‍ വീഴ്ത്തിയിരുന്നത്.

തിരുവനന്തപുരം തിരുമല സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഇന്ത്യയില്‍ ആശുപത്രി പണിയുന്നതിന് ഇംഗ്ളണ്ട് സ്വദേശിനിയായ ജന്നിഫര്‍ എഡ്വേര്‍ഡ് 85 ലക്ഷം ഡോളര്‍ കൈമാറാന്‍ തയാറാണെന്നു പറഞ്ഞ് അയച്ച മൊബൈല്‍ സന്ദേശം വിശ്വാസിച്ചു ഇവര്‍ മൂന്നു ലക്ഷം രൂപ വിവിധ ദേശീയ ബാങ്കുകളില്‍ ഇടപാടു നടത്തുന്നതിനായി നിക്ഷേപിച്ചു ചതിക്കപ്പെട്ടു. തുടര്‍ന്നു തിരുവനന്തപുരം സൈബര്‍ പോലീസ് സ്റേഷനില്‍ ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പണം കൈമാറിയതു മണിപ്പൂരിലെ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയും വിവിധ ശാഖകളിലുള്ള അക്കൌണ്ടുകള്‍ വഴിയാണെന്നു കണ്െടത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുകളും ഇന്റര്‍നെറ്റ് കണക്ഷനുകളും പരിശോധിച്ചപ്പോള്‍ അവ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലുള്ള വ്യാജ മേല്‍വിലാസങ്ങള്‍ ഉപയോഗിച്ചാണ് എടുത്തിട്ടുള്ളതെന്നു വ്യക്തമായി. ഫോണ്‍ നമ്പരുകളുടെ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വീട്ടമ്മയെ ബന്ധപ്പെട്ടു പണം നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയും വ്യാജരേഖകള്‍ അയയ്ക്കുകയും അതിനു സഹായിക്കുകയും ചെയ്ത നാലു നൈജീരിയന്‍ യുവാക്കളെയും ഒരു ബിഹാര്‍ സ്വദേശിയെയും രണ്ടാഴ്ച മുന്‍പ് ഡല്‍ഹിയിലെ മാള്‍ വിയാ നഗറില്‍നിന്ന് അറസ്റ് ചെയ്തിരുന്നു. അവരില്‍നിന്നു വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് ഉപയോഗിച്ച ഏഴു ലാപ്ടോപ്പുകളും പതിനെട്ട് മൊബൈല്‍ ഫോണുകളും അന്‍പതില്‍പരം സിം കാര്‍ഡുകളും മെമ്മറി കാര്‍ഡുകളും ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ ഉപയോഗിച്ചിരുന്ന വിവിധ കമ്പനികളുടെ ഉപകരണങ്ങളും പോലീസ് സംഘം പിടിച്ചെടുത്തിരുന്നു.


തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരുന്ന പ്രതികളെ പോലീസ് കസ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഈ തട്ടിപ്പു നടത്തുന്നതിന് ആസൂത്രണം ചെയ്തു മണിപ്പൂരില്‍നിന്നു ബാങ്ക് അക്കൌണ്ടുകള്‍ സംഘടിപ്പിച്ചു കൊടുത്തതും എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചു പണം പിന്‍വലിക്കുന്നതും ഈ സംഘത്തിന്റെ തലവനായ ഫെസ്റാണെന്നും തെളിഞ്ഞിരുന്നു. മണിപ്പൂര്‍ സ്വദേശികളായ പാവപ്പെട്ട സ്ത്രീകളെ വലയില്‍ കുടുക്കി സാമ്പത്തിക സഹായം നല്‍കിയാണ് ഇയാള്‍ ബാങ്ക് അക്കൌണ്ടുകള്‍ കരസ്ഥമാക്കിയത്. എടിഎം കൌണ്ടറില്‍നിന്നു പണം പിന്‍വലിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളിലൂടെയുമാണു ഡല്‍ഹിയിലെ കൃഷ്ണാ പാര്‍ക്കില്‍നിന്ന് ഇയാളെ അറസ്റ് ചെയ്തത്. ഇയാളില്‍നിന്നു സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിരുന്നു. ആഡംബര ജീവിതം നയിച്ചു വിവിധ സ്ഥലങ്ങളില്‍ മാറി മാറി കഴിഞ്ഞു വന്ന ഇയാളെ ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണു പോലീസ് സംഘം അറസ്റ് ചെയ്തത്. ഇന്ത്യയില്‍ താമസിക്കുന്ന നൈജീരക്കാരുടെ സംഘടനയുടെ നേതാവെന്ന നിലയിലാണ് ഇയാള്‍ സ്വയം പ്രവര്‍ത്തിച്ചു വന്നത്. നൈജീരിയക്കാരുടെ ഇടയില്‍ മതപ്രഭാഷണങ്ങളും മറ്റും നടത്തി അതിന്റെ മറവിലാണ് ഇയാള്‍ തട്ടിപ്പു സംഘം രൂപീകരിച്ചത്.

ഇവരെ അറസ്റ് ചെയ്തതിനെത്തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവരുടെ തട്ടിപ്പിന് ഇരയായ നിരവധി പേര്‍ പരാതികളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നും ഗോവയില്‍നിന്നും കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്താനായി പോലീസ് സംഘങ്ങള്‍ എത്തിയിട്ടുണ്ട്.

തിരുവനന്തപുരം സൈബര്‍ പോലീസ് സ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാം ലാലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സജികുമാര്‍, സൈബര്‍ വിദഗ്ധനും പോലീസുദ്യോഗസ്ഥനുമായ സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു ഡല്‍ഹിയില്‍നിന്നു പ്രതിയെ അറസ്റ് ചെയ്തത്. ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങളെക്കുറിച്ചു നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് എഡിജിപി ക്രൈംസ് ആനന്ദകൃഷ്ണന്‍, എസ്പി പി. പ്രകാശിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണ സംഘത്തെ ഡല്‍ഹിയിലേക്ക് അയച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ എസ്പി ക്രൈംസ് രാജീവ്, സൈബര്‍ പോലീസ് സ്റേഷന്‍ ഡിവൈഎസ്പി വിജയകുമാര്‍ എന്നിവരും ആവശ്യമായ നിര്‍ദേശങ്ങള്‍ നലകിയിരുന്നു. ആദ്യ സംഘത്തെ പിടികൂടുന്നതിനായി അന്വേഷണ സംഘത്തിന് 17 ദിവസവും ഫെസ്റസിനെ പിടിക്കുന്നതിന് 10 ദിവസവും ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടിവന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.