ചന്ദ്രബോസ് വധക്കേസ്: കുറ്റപത്രം ബുധനാഴ്ച
Monday, March 30, 2015 12:21 AM IST
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍നിന്നു ലഭ്യമാക്കേണ്ട ഏതാനും ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭ്യമായാല്‍ ബുധനാഴ്ചയോടെ കുന്നംകുളം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നു സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി. ഉദയഭാനു പറഞ്ഞു.

കേസിലെ പ്രോസിക്യൂഷന്‍ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഇതുവരെയുള്ള മുഴുവന്‍ രേഖകളും തെളിവുകളും പരിശോധിച്ചു നൂറിലധികം പേജുകളുള്ള കുറ്റപത്രം തയാറാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടി വൈകിയിട്ടില്ലെന്ന് ഇന്നലെ തൃശൂരിലെത്തിയ പ്രോസിക്യൂട്ടര്‍ മാധ്യമങ്ങള്‍ക്കു മറുപടി നല്‍കി. 90 ദിവസമാണു കുറ്റപത്രം നല്‍കാനുള്ള സമയം. എന്നാല്‍, 60 ദിവസത്തിനകം സമര്‍പ്പിക്കാനുള്ള നടപടിയാണു വേഗത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്ചയോടെയാണ് 60 ദിവസം പൂര്‍ത്തിയാകുക.

പോലീസിന്റെ ഭാഗത്തുനിന്നുള്ള മുഴുവന്‍ നടപടിക്രമങ്ങളും ജോലികളും പൂര്‍ത്തിയായിട്ടും ലാബില്‍നിന്നു പരിശോധനാഫലം വൈകുന്നതാണ് ഇപ്പോഴത്തെ തടസം. ഇന്നോ നാളെയോ അതു ലഭിക്കുന്നതോടെ നടപടി പൂര്‍ത്തിയാകും. ഏപ്രില്‍ 10നുശേഷം കോടതി അവധിക്കാലമായതിനാല്‍ അതിനുമുമ്പേ അതിവേഗ വിചാരണ നടപടികള്‍ക്കുള്ള ഇടപെടല്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിനു മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സ്വീകരിക്കുന്ന മുറയ്ക്ക് അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.


12 ദൃക്സാക്ഷികളടക്കം നൂറിലധികം സാക്ഷികളാണു പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ളത്. ഇതില്‍ നിസാമിന്റെ ഭാര്യ അമല്‍ ഉള്‍പ്പടെയുള്ളവരുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അമല്‍ കൂറുമാറിയാല്‍ പ്രതിക്കുള്ള സമാനശിക്ഷവരെ ലഭിക്കാവുന്ന കുറ്റമായി അതും മാറും.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും മറ്റും അന്വേഷിക്കാന്‍ വിജിലന്‍സിനെയാണു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും താന്‍ അവര്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടും രേഖകളും തെളിവുകളുമാണു പരിശോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, കമ്മീഷണറുടെ നേതൃത്വത്തിലുള്ള പുതിയ സംഘം കേസിന്റെ അന്വേഷണം ഏറ്റെടുത്തതോടെ എല്ലാം വ്യക്തതയോടെയാണു നീങ്ങിയിട്ടുള്ളതെന്ന് ഉദയഭാനു പറഞ്ഞു.

പ്രോസിക്യൂട്ടര്‍ അന്വേഷണസംഘവുമായും തയാറാക്കിയ കുറ്റപത്രത്തെക്കുറിച്ച് ഇന്നലെ വീണ്ടും ചര്‍ച്ച നടത്തി. ലഭിക്കാനുള്ള പരിശോധനാഫലം കൂട്ടി ചേര്‍ത്തു തൊട്ടടുത്ത ദിവസം നല്‍കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. കമ്മീഷണര്‍ ആര്‍. നിശാന്തിനി, അസി.കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍പിള്ള എന്നിവരാണു പ്രോസിക്യൂട്ടറോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തത്. അഭിഭാഷകരായ അഡ്വ.റോബ്സണ്‍ പോള്‍, രാജന്‍, സി.എസ്. ഋത്വിക് എന്നിവരും പ്രോസിക്യൂട്ടര്‍ക്കൊപ്പ മുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.