ഏജന്റുമാരും വില്പനക്കാരും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും
Wednesday, April 1, 2015 12:31 AM IST
കൊച്ചി: സേവനനികുതി പിന്‍വലിക്കുക, സമ്മാനഘടന പരിഷ്കരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 29നു സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരും വില്പനക്കാരും ലോട്ടറി ബന്ദും സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തും. ലോട്ടറി മേഖലയിലെ ഏജന്റുമാരുടെയും വില്പനക്കാരുടെയും യൂണിയനുകള്‍ സംയുക്തമായാണു ബന്ദിന് ആഹ്വാനം ചെയ്തത്. 187-ാം നമ്പര്‍ അക്ഷയ ലോട്ടറി ടിക്കറ്റുകള്‍ ബഹിഷ്കരിച്ചും കടകളടച്ചും 29ന്റെ ബന്ദ് സമ്പൂര്‍ണ വിജയമാക്കാന്‍ കേരള ഭാഗ്യക്കുറി സംരക്ഷണ സമരസമിതി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. 2012 മുതല്‍ ലോട്ടറിക്കുള്ള സേവനനികുതി ഇളവുകള്‍ പിന്‍വലിച്ചുകൊണ്ടാണ് മുന്‍കാലപ്രാബല്യത്തോടെ സേവന നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ഏജന്റുമാരെയും വില്പനക്കാരെയും ഗുരുതരമായി ബാധിക്കും. ലോട്ടറി മേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമാകും. 14 സംസ്ഥാനങ്ങളില്‍ ലോട്ടറി വില്പനയുണ്െടങ്കിലും പ്രമോട്ടറും ഡിസ്ട്രിബ്യൂട്ടറുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു ലോട്ടറി നടത്തുന്ന ഏക സംസ്ഥാനം കേരളമാണ്. അതുകൊണ്ട് കേരളത്തെ സേവന നികുതിയില്‍നിന്ന് ഒഴിവാക്കണം. വികലാംഗരും വൃദ്ധരും രോഗികളുമായ പതിനായിരക്കണക്കിനാളുകളാണ് ഏജന്റുമാരില്‍നിന്ന് ടിക്കറ്റുവാങ്ങി വില്പന നടത്തുന്നത്.

സമ്മാനഘടന മാറ്റണമെന്നു തൊഴിലാളി യൂണിയനുകള്‍ ഏറെനാളായി സര്‍ക്കാരിനോടാവശ്യപ്പെടുന്നുണ്ട്. 25 ലക്ഷം ടിക്കറ്റ് വില്‍ക്കുമ്പോഴുള്ള സമ്മാനഘടനയാണ് 56 ലക്ഷം ടിക്കറ്റ് വില്‍ക്കുമ്പോഴുമെന്നത് അംഗീകരിക്കാനാവില്ല. എഴുത്തുലോട്ടറിയും ലോട്ടറി ചൂതാട്ടവും തടയാന്‍ പ്രത്യേക വിജിലന്‍സ് സംഘം രൂപീകരിക്കണം. ലോട്ടറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ഗുണനിലവാരം കുറഞ്ഞ മഷിയും അച്ചടിക്കടലാസും ഉപയോഗിക്കുന്നത് തടയണം. ക്ഷേമനിധിയില്‍ അംശാദായം അടയ്ക്കാനും അംഗത്വം പുതുക്കി നല്‍കാനും നടപടിയെടുക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

എറണാകുളം ടൌണ്‍ ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഫിലിപ് ജോസഫ് അധ്യക്ഷത വഹിച്ചു. കേരള ഭാഗ്യക്കുറി സംരക്ഷണ സമരസമിതി സംസ്ഥാന കണ്‍വീനര്‍ എം.വി. ജയരാജന്‍ സമരപ്രഖ്യാപന രേഖ അവതരിപ്പിച്ചു. പി. ശശിധരന്‍, വിവിധ ലോട്ടറി തൊഴിലാളി സംഘടനകളുടെ നേതാക്കളായ വി.എസ്. മണി, വി.ബാലന്‍, സണ്ണി തെക്കേടം, കെ. ജയന്‍, എം. അന്‍സറുദ്ദീന്‍, ഉണ്ണിക്കൃഷ്ണന്‍, കണ്‍വന്‍ഷന്‍ സംഘാടക സമിതി കണ്‍വീനര്‍ പി.എം. ജമാല്‍, വി.ടി. സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.