കേസിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു
Thursday, April 2, 2015 1:18 AM IST
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന വാദം കേരള കോണ്‍ഗ്രസില്‍ ശക്തമാകുന്നു. ഇത്രയുംനാള്‍ അടക്കം പറഞ്ഞിരുന്ന ഗൂഢാലോചനാവാദം പാര്‍ട്ടി ഇപ്പോള്‍ ഉറപ്പിച്ചുപറഞ്ഞു തുടങ്ങിയിരിക്കുകയാണ്.

കെ.എം. മാണിക്കെതിരെ ആരോപണം ഉയര്‍ന്ന ഉടന്‍ പരാതി വിജിലന്‍സിനു കൈമാറി ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ട സര്‍ക്കാര്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ സമാന ആരോപണം വന്നപ്പോള്‍ പരാതി തള്ളി മറ്റു ന്യായങ്ങളുമായി രംഗത്തുവന്നതു ഗൂഢാലോചന വെളിവാക്കുന്നു എന്നാണവരുടെ വാദം. ക്വിക്ക് വെരിഫിക്കേഷനു പിന്നാലെ എഫ്ഐആര്‍ ഇട്ട് മാണിക്കെതിരേ വിശദമായ അന്വേഷണം നടന്നുവരികയാണിപ്പോള്‍. കേസില്‍ വിജിലന്‍സിന്റെ കുറ്റപത്രം വരുമോ മാണിയെ പ്രതിയാക്കുമോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം ഊഹാപോഹങ്ങളും രാഷ്ട്രീയകേന്ദ്രങ്ങളില്‍ പ്രചരിക്കുന്നു.

ബാറുടമ ബിജു രമേശ് മാണിക്കെതിരെ ആരോപണമുന്നയിച്ചതിനു തൊട്ടുപിന്നാലെ അതുസംബന്ധിച്ചു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കിയിരുന്നു. കേസ് രജിസ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഉടന്‍ തന്നെ വിജിലന്‍സിനു കത്തു കൈമാറി ക്വിക് വെരിഫിക്കേഷന് ഉത്തരവിട്ടു. നിയമപരമായി ഈ നടപടിക്രമം പാലിച്ചേ പറ്റൂ എന്നായിരുന്നു അന്ന് ആഭ്യന്തരവകുപ്പും സര്‍ക്കാരും പറഞ്ഞത്. ലളിതാകുമാരി കേസിലെ സുപ്രീംകോടതി വിധി ആണ് ഇതിന് ആസ്പദമായി ചൂണ്ടിക്കാട്ടിയത്. ഒരു ആരോപണം വന്നാല്‍ ശരിതെറ്റുകള്‍ പരിശോധിക്കുന്നതിനു മുമ്പു തന്നെ ക്വിക് വെരിഫിക്കേഷന്‍ നടത്തണമെന്നായിരുന്നു വാദം. അതിനുശേഷം മാണിക്കെതിരേ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തപ്പോഴും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നു എന്നായിരുന്നു ന്യായം പറഞ്ഞതെന്നു കേരള കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

മാണിക്കെതിരായ ആരോപണം ഉന്നയിച്ച ബിജു രമേശ് കൈക്കൂലി കൊടുത്തു എന്നു പറഞ്ഞിട്ടില്ലായിരുന്നു. കൈക്കൂലി കൊടുത്തതായി അറിയാം എന്നായിരുന്നു പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നിയമപരമായി ആവശ്യമില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ വാദം. പിന്നീടു കൊണ്ടുവന്ന തെളിവ് ശബ്ദരേഖ ആയിരുന്നു. അതാകട്ടെ ചിലയാളുകള്‍ ഒരുമിച്ചിരുന്നു നടത്തുന്ന സംഭാഷണം മാത്രമായിരുന്നു. എന്നാല്‍ ഇവയുടെ അടിസ്ഥാനത്തില്‍ അന്വേഷണവും പിന്നാലെ എഫ്ഐആറും വന്നു.

എക്സൈസ് മന്ത്രി കെ. ബാബു, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും ഇതേ ശബ്ദരേഖയാണ് തെളിവായി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ഈ ശബ്ദരേഖ പുറത്തുവന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ അതിനെ തള്ളിപ്പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. നിയമസഭാ സമ്മേളന കാലയളവില്‍ തന്നെ മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരേ ആരോപണം ഉയര്‍ന്നുവന്നിരുന്നു.


പിന്നീടു ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കിയത്. അതും ബിജു രമേശ് വെളിപ്പെടുത്തല്‍ നടത്തിയശേഷം. അപ്പോള്‍ ശബ്ദരേഖ അവ്യക്തം എന്നു പറഞ്ഞ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണു വിജിലന്‍സ് കൈക്കൊണ്ടത്.

ഇത് ഇരട്ടത്താപ്പാണെന്നു കേരള കോണ്‍ഗ്രസ് പറയുന്നു. മാണിക്ക് ഒരു നീതി, കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു മറ്റൊരു നീതി എന്നാണു സ്ഥിതിയെന്നും അവര്‍ പറയുന്നു. ഏതായാലും കേരള കോണ്‍ഗ്രസിന്റെ അതൃപ്തി അവര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഗൂഢാലോചനയെക്കുറിച്ചു പാര്‍ട്ടി പറയുന്നതിലൂടെ ഉന്നംവയ്ക്കുന്നത് കോണ്‍ഗ്രസിനെ തന്നെയെന്നും വ്യക്തം.

കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്യേണ്ടതില്ലെങ്കില്‍ എന്തിന് കെ.എം. മാണിക്കെതിരെ കേസ് രജിസ്റര്‍ ചെയ്തു എന്ന ചോദ്യമാണ് കേരള കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിശ്വസനീയമായ ഉത്തരം നല്‍കാന്‍ ഇപ്പോഴത്തെ നിലയില്‍ എളുപ്പമല്ല.

ബാര്‍കോഴ കേസിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്െടന്ന വിശ്വാസമാണു വലിയൊരു പങ്കു കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്. ഇപ്പോഴത്തെ സംഭവവികാസങ്ങളിലൂടെ അതു സംശയാതീതമായി തെളിഞ്ഞിരിക്കുന്നതായും അവര്‍ പറയുന്നു. ലളിതാകുമാരി കേസിലെ സുപ്രീംകോടതി വിധിയില്‍ കെ.എം. മാണിക്കെതിരെ ആരോപണം വന്നാല്‍ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്യണമെന്നു പ്രത്യേകം പറയുന്നുണ്േടാ എന്നു കേരള കോണ്‍ഗ്രസ് - എം ജനറല്‍ സെക്രട്ടറി ആന്റണി രാജു ചോദിച്ചത് അവരുടെ അതൃപ്തിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

ഏതായാലും കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് ബന്ധം കൂടുതല്‍ വഷളാകുന്ന സൂചനകളാണു പുറത്തുവരുന്നത്. വിജിലന്‍സ് കേസില്‍ കുറ്റപത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തു വരാനിരിക്കുകയാണ്. ഇപ്പോഴത്തെ നിലയില്‍ കുറ്റപത്രം യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും യുഡിഎഫിലെ സ്ഥിതിഗതികള്‍ എന്തായി മാറുമെന്നു പറയാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.