മുഖപ്രസംഗം: പാചകവാതക വിതരണം തടസപ്പെടരുത്
Tuesday, April 21, 2015 10:57 PM IST
പാചകവാതക വിതരണത്തില്‍ തടസം നേരിടുന്നതു കേരളത്തില്‍ പുതുമയല്ല. തൊഴിലാളിസമരമാകും പലപ്പോഴും കാരണം. ഒരാഴ്ചയായി സംസ്ഥാനത്തെ പകുതിയിലേറെ ജില്ലകളില്‍ പാചകവാതകവിതരണം തടസപ്പെട്ടിരിക്കുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പേഷന്റെ ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിംഗ് പ്ളാന്റില്‍ ഹൌസ് കീപ്പിംഗ് തൊഴിലാളികളും കയറ്റിറക്കു തൊഴിലാളികളും നടത്തിവന്ന സമരമാണു നിരവധി എല്‍പിജി ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കിയത്. സമരം ഇന്നലെ ഒത്തുതീര്‍പ്പായെങ്കിലും സിലിണ്ടര്‍ വിതരണം സാധാരണഗതിയിലാകാന്‍ കുറെ ദിവസമെടുക്കും.

അനാവശ്യ സമരങ്ങള്‍ക്കും പണിമുടക്കിനും ഹര്‍ത്താലിനുമെതിരേ ശക്തമായ ബഹുജനരോഷം ഉയരാറുണ്െടങ്കിലും കേരളത്തില്‍ സമരങ്ങള്‍ക്ക് ഒരു കുറവുമില്ല. 'സേ നോ ടു ഹര്‍ത്താലു'കാരെ ഓടിച്ചിട്ടു മര്‍ദിക്കുന്നിടംവരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഹര്‍ത്താലിനോടു ജനങ്ങളും നിസംഗതാഭാവം കാട്ടിത്തുടങ്ങിയിരിക്കുന്നു. പണിമുടക്കോ ഹര്‍ത്താലോ വന്നാല്‍ വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കാമല്ലോ എന്ന ചിന്തയാണു പലര്‍ക്കും. സ്വന്തം സൌകര്യങ്ങള്‍ക്കു കുറവുണ്ടായാല്‍ മാത്രമേ ആളുകളില്‍നിന്നു കുറെയെങ്കിലും പ്രതികരണമുണ്ടാവൂ.

പാചകവാതകം ലഭിക്കാതെ വരുകയെന്നതു മലയാളിയുടെ ദൈനംദിന ജീവിതത്തെ ഏറെ ബാധിക്കുന്ന കാര്യമാണ്. ഗ്യാസ് ലഭ്യമല്ലെങ്കില്‍ പല വീടുകളിലും ഭക്ഷണം പാകംചെയ്യാനാവാത്ത അവസ്ഥയാകും. വിറക് ഉപയോഗിക്കുന്ന അടുപ്പ് ഒട്ടെല്ലാ വീടുകളില്‍നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇനി അത്തരം അടുപ്പുണ്െടങ്കില്‍ത്തന്നെ അതില്‍ ഉപയോഗിക്കാനുള്ള വിറകു കിട്ടാന്‍ പ്രയാസം. വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്യാനറിയാവുന്ന വീട്ടമ്മമാരുടെ എണ്ണവും കുറഞ്ഞുവരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എല്‍പിജി വിതരണം ദിവസങ്ങളോളം തടസപ്പെട്ടിട്ടും ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുന്നത് അദ്ഭുതകരമാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ എല്‍പിജി പ്ളാന്റിലെ സമരം തുടങ്ങുന്നതിനുമുമ്പാണു കൊച്ചിയിലെ ഭാരത് ഗ്യാസ് ബോട്ടിലിംഗ് പ്ളാന്റിലെ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ സമരം നടന്നത്. അന്നും സിലിണ്ടര്‍ വിതരണം തടസപ്പെട്ടിരുന്നു. ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍നിന്നു പാചകവാതകം കൊണ്ടുപോകുന്ന ലോറിജീവനക്കാരുടെ സമരം ഒരാഴ്ച നീണ്ടു. അത് ഒത്തുതീര്‍പ്പായതിനു പിന്നാലെയാണ് ഉദയംപേരൂരിലെ ഒരു വിഭാഗം തൊഴിലാളികള്‍ സമരം തുടങ്ങിയത്.

വെട്ടിക്കുറച്ച ഇന്‍സെന്റീവ് പുനഃസ്ഥാപിക്കുക, ഇടക്കാലാശ്വാസം നല്‍കുക, മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇന്‍ഡേന്‍ ബോട്ടിലിംഗ് പ്ളാന്റിലെ തൊഴിലാളികള്‍ സമരം തുടങ്ങിയത്. 2012ലെ വേതന കരാര്‍ പ്രകാരം ലഭിക്കേണ്ട ഇന്‍സെന്റീവ് രണ്ടര വര്‍ഷമായി കിട്ടുന്നില്ലെന്നാണു തൊഴിലാളികളുടെ പരാതി. ദിവസക്കൂലി വേതനക്കാര്‍ക്കുകൂടി ഇന്‍സെന്റീവ് നല്‍കാന്‍ തുടങ്ങിയതോടെ മറ്റുള്ളവര്‍ക്ക് ഇന്‍സെന്റീവില്‍ കുറവു വന്നെന്നു മറ്റൊരു വിഭാഗം പരാതിപ്പെട്ടു. കാലാവധി പൂര്‍ത്തിയായതോടെ പുതിയ കരാറുകാരന്‍ വരുന്നതിനുമുമ്പു കുടിശികയെല്ലാം കൊടുത്തുതീര്‍ക്കണമെന്നും തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തില്‍നിന്നു വിട്ടുനിന്നെങ്കിലും പ്രമുഖ യൂണിയനുകള്‍ പണിമുടക്കിയതിനാല്‍ കാര്യങ്ങളൊന്നും നടന്നില്ല.


ദിവസം രണ്ടു ഷിഫ്റ്റുകളിലായി അമ്പതിനായിരം സിലിണ്ടറുകള്‍ നിറയ്ക്കുന്ന പ്ളാന്റാണ് ഉദയംപേരൂരിലേത്. അവിടെ ദിവസങ്ങളോളം പണി തടസപ്പെട്ടാല്‍ എത്രമാത്രം ഗുരുതരമാകും പാചകവാതകക്ഷാമം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വിഷുക്കാലത്തുപോലും രൂക്ഷമായ സിലിണ്ടര്‍ ക്ഷാമം നേരിട്ടതു വീട്ടമ്മമാരെ ഏറെ വിഷമത്തിലാക്കി. ഏതാണ്ട് ഒരു വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നമാണു പണിമുടക്കിലെത്തിയത്. അവശ്യസേവന മേഖലകളില്‍ ഉണ്ടാകുന്ന തൊഴില്‍ പ്രശ്നങ്ങള്‍ സത്വരമായി പരിഹരിക്കാന്‍ വേണ്ട സംവിധാനം ശക്തമല്ലാത്തതാണു പ്രധാന പ്രതിസന്ധി.

തൊഴിലാളി യൂണിയനുകളുടെ നിലപാടുകളും നിര്‍ണായകമാണ്. പൊതുജനങ്ങളെ ബാധിക്കുന്ന ചില സേവനമേഖലകളില്‍ പ്രശ്നങ്ങള്‍ യഥാസമയം പരിഹരിക്കപ്പെടുന്നുണ്െടന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും തീരുമാനങ്ങള്‍ക്കു പിന്നില്‍ പല സമ്മര്‍ദങ്ങളുമുണ്ടാകാം. സജീവമായ തൊഴില്‍ മേഖലകളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും സജീവമായിരിക്കും. അവിടെ തൊഴിലാളി നേതാക്കള്‍ക്കു കൂടുതല്‍ വിലപേശല്‍ശക്തിയുമുണ്ടാകും. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്നാല്‍, സംഘടിതശക്തി ഉപയോഗിച്ചു ജനജീവിതം സ്തംഭിപ്പിക്കുന്നതും അത്യാവശ്യ സേവനങ്ങള്‍ തടസപ്പെടുത്തുന്നതും ഇനിയെങ്കിലും ഒഴിവാക്കിയേ തീരൂ.

കേരളത്തിലെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് ഉണ്ടായിവരുന്ന പ്രതീക്ഷകള്‍ തകര്‍ക്കാന്‍ ഇത്തരം സമരങ്ങള്‍ ഇടയാക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാസമയം ഇടപെടലുകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ട്രേഡ് യൂണിയന്‍ നേതാക്കളുടെ ഭാഗത്തുനിന്നും പ്രശ്നപരിഹാരത്തിനുള്ള സഹകരണം ഉണ്ടാകണം. രാഷ്ട്രീയ താത്പര്യങ്ങളുടെയോ ചേരികളുടെയോ പേരില്‍ പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകുന്നതു ജനദ്രോഹമാണ്.

ഡ്രൈവര്‍മാരും ക്ളീനര്‍മാരും തമ്മിലുള്ള പ്രശ്നങ്ങളും വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തമ്മിലുള്ള തര്‍ക്കങ്ങളുമൊക്കെ പാചകവാതക വിതരണത്തെ മൊത്തം ബാധിക്കുന്ന നിലയിലേക്കു വളര്‍ന്നു. തൊഴിലാളികള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ സംഘടനകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന പാചകവാതകം പോലുള്ള വസ്തുക്കളുടെ ഉത്പാദനം, വിതരണം എന്നിവ തടസപ്പെടാതെ നോക്കാന്‍ സര്‍ക്കാരിനു പ്രത്യേക ചുമതലയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.