ആദ്യ വോട്ടറാകാന്‍ സുധാകരന്‍ നേരത്തെയെത്തി; പെട്ടിയില്‍ വീണ ആദ്യ വോട്ട് ഉമ്മന്‍ ചാണ്ടിയുടേത്
Tuesday, April 21, 2015 12:18 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടറാകാന്‍ പതിവുപോലെ സിപിഎമ്മിന്റെ നിയമസഭാംഗം ജി. സുധാകരന്‍ നേരത്തേയെത്തി ക്യൂ നിന്നു. ജനസമ്പര്‍ക്ക പരിപാടിയിലേക്കു പോകാനായി വോട്ടെടുപ്പ് ആരംഭിക്കുന്നതിനു തൊട്ടു മുന്‍പു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാഞ്ഞെത്തിയതോടെ രാഷ്ട്രീയവൈരം മറന്ന് ആദ്യ വോട്ടര്‍ സ്ഥാനം മുഖ്യമന്ത്രിക്കായി ജി. സുധാകരന്‍ വിട്ടു നല്‍കി. ഇതോടെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആദ്യം പെട്ടിയില്‍ വീണതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വോട്ട്.

രാജ്യസഭയിലേക്കു വോട്ട് ചെയ്യാന്‍ എംഎല്‍എമാരും മന്ത്രിമാരും രാവിലെ മുതല്‍ ക്യൂവിലായി. 8.30ന് എത്തിയ ജി. സുധാകരന്‍ നിരയിലെ ആദ്യസ്ഥാനക്കാരനായപ്പോള്‍ ഗുരുവായൂരില്‍നിന്നുള്ള അതേ പാര്‍ട്ടിക്കാരനായ കെ.വി. അബ്ദുള്‍ ഖാദര്‍ രണ്ടാമനായി. രാവിലെ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം അവസാനിച്ച ഉടന്‍ ഓടിയെത്തിയ കെ. മുരളീധരന്‍ നിരയിലെ മൂന്നാം സ്ഥാനത്ത് ഇടംനേടി. മന്ത്രി വി.എസ്. ശിവകുമാറും മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും നീണ്ട നിരയിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം നേടി വോട്ട് ചെയ്യാന്‍ കാത്തുനിന്നു.

ഇതിനിടെയാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അതിവേഗമുള്ള വരവ്. തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കണമെന്നും ആദ്യം വോട്ടു ചെയ്തു പോകാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചതോടെ ഭരണ നിരയിലെ ഒന്നാമന്‍ ക്യൂവിലെയും ഒന്നാമനായി.

രാവിലെ ഒന്‍പതിനു വോട്ടെടുപ്പു തുടങ്ങുമെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനം. സമയം കഴിഞ്ഞു രണ്ടു മിനിറ്റു പിന്നിട്ടിട്ടും വോട്ടെടുപ്പു തുടങ്ങാതായപ്പോള്‍ ജി. സുധാകരന്‍ കാര്യം തിരക്കി. തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗ സ്ഥര്‍ സാങ്കേതികതടസം അറിയിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ വോട്ടെടുപ്പ് തുടങ്ങുകയുമായിരുന്നു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു വിവാദ നായകനായ പി.സി. ജോര്‍ജിന്റെ വോട്ടു ചെയ്യല്‍ കാമറയില്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ തിക്കിത്തിരക്കി. പി.സി. ജോര്‍ജ് വോട്ട് ചെയ്ത ശേഷം കേരള കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റായ മോന്‍സ് ജോസഫിനെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാട്ടി. യുഡിഎഫ് നിര്‍ദേശിച്ചതുപോലെ ആദ്യ വോട്ട് പി.വി. അബ്ദുള്‍ വഹാബിന്, രണ്ടാം വോട്ട് വയലാര്‍ രവിക്കും. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം അതതു രാഷ്ട്രീയപാര്‍ട്ടികളുടെ പോളിംഗ് ഏജന്റുമാരെ ഉയര്‍ത്തി കാണിക്കണമെന്ന വ്യവസ്ഥ തെരഞ്ഞെടുപ്പു കമ്മീഷന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയതിനാലാണു പി.സി. ജോര്‍ജിനു വോട്ട് ഉയര്‍ത്തി കാട്ടേണ്ടി വന്നത്. പുറത്തിറങ്ങിയ പി.സി. ജോര്‍ജ് അതൃപ്തി പരസ്യമാക്കുകയും ചെയ്തു. സ്ഥാനാര്‍ഥികളായ കെ.കെ. രാഗേഷും പി.വി. അബ്ദുള്‍ വഹാബും കെ. രാജനുമൊക്കെ ഓടി നടന്നു വോട്ടിന്റെ കാര്യം ഓര്‍മപ്പെടുത്തി. വയലാര്‍ രവി ഒരു സ്ഥലത്തു കേന്ദ്രീകരിച്ചായിരുന്നു വോട്ട് ചോദിക്കല്‍.


വനിതാ അംഗങ്ങളില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയായിരുന്നു ആദ്യ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫിലെ വനിതാ എംഎല്‍എമാര്‍ പത്തോടെയാണ് എത്തിയത്. വോട്ട് രേഖപ്പെടുത്താനെത്തുന്ന നിയമസഭാംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പുറത്തു വച്ച ശേഷം മാത്രമേ വോട്ടിംഗ് ഹാളിലേക്കു പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. വോട്ടിംഗ് തുടങ്ങി ആദ്യ ഒരു മണിക്കൂറിനുള്ളില്‍തന്നെ 60 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി.

മുന്നണിമാറ്റത്തിന്റെ സൂചന ന ല്‍കി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയ ജനതാദള്‍- യുവിന്റെ അംഗങ്ങളെ ആദ്യസമയങ്ങളില്‍ കാണാതിരുന്നതു യുഡിഎഫ് ക്യാംപില്‍ നേരിയ പരിഭ്രാന്തിക്കിടയാക്കിയിരുന്നു. എന്നാല്‍, ഒരു മണിക്കൂറിനകം മന്ത്രി കെ.പി. മോഹനന്‍ സ്ഥലത്തെത്തി വോട്ട് ചെയ്തു. അല്പസമയത്തിനകം എം.വി. ശ്രേയാംസ്കുമാറും എത്തിയതോടെ ആശ്വാസമായി.

10.20നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വോട്ട് ചെയ്തു. തിരിക്കില്ലാത്തതിനാല്‍ വിഎസിനു ക്യൂ നില്‍ക്കേണ്ടി വന്നില്ല. പത്തു മിനിറ്റു കഴിഞ്ഞതോടെ സ്പീക്കര്‍ എന്‍. ശക്തനും വോട്ട് രേഖപ്പെടുത്തി. പിന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും വിശാഖപട്ടണത്തുനിന്നു മടങ്ങിയെത്തിയ സിപിഎം നേതാക്കളുമെത്തി.

11നു ശേഷം കെ.ബി. ഗണേഷ്കുമാറിനു വേണ്ടിയായിരുന്നു പിന്നീടുള്ള കാത്തിരിപ്പ്. ഷൂട്ടിംഗ് സൈറ്റിലായതിനാല്‍ ഗണേഷ് ഉച്ചയ്ക്കുശേഷമേ എത്തൂവെന്നായിരുന്നു ആദ്യ അറിയിപ്പ്. ഉച്ചയ്ക്കു മുന്‍പ് എങ്ങനെയും എത്തണമെന്നു കോടിയേരി ഫോണില്‍ ആവശ്യപ്പെട്ടതിനു പിന്നാലെ 11.30നോടെ ഗണേഷും എത്തി. അവസാന വോട്ടറായ ബി. സത്യന്‍ 11.50നെത്തി വോട്ട് ചെയ്തതോടെ വോട്ടെടുപ്പു നടപടി പൂര്‍ത്തിയായി. വോട്ടെണ്ണല്‍ നേരത്തെ നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ നളിനി നെറ്റോ തേടിയെങ്കിലും ലഭിക്കാത്തതിനാലാണു ഫലമറിയാല്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.