റബര്‍ കര്‍ഷകരെ രക്ഷിക്കാനുള്ള പുറപ്പാട് വിചിത്രമെന്നു കര്‍ഷക സംഘടനകള്‍
Tuesday, April 21, 2015 12:19 AM IST
കോട്ടയം: റബര്‍ കര്‍ഷകര്‍ പാപ്പരായി പിച്ചപ്പാത്രമെടുക്കേണ്ട ഗതികേടിലെത്തുംവരെ മൌനംപാലിച്ചിരുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഏറെ വൈകി റബര്‍ കര്‍ഷകരെ ഉദ്ധരിക്കാന്‍ രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ടു സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതു കര്‍ഷകരെ കളിയാക്കുന്നതിനു തുല്യമാണെന്ന് ഇന്‍ഫാം, കര്‍ഷകവേദി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

റബര്‍ ഇറക്കുമതി സുതാര്യമാക്കിയതും ഇറക്കുമതി ചുങ്കം പരമാവധി കുറച്ചു ടയര്‍ വ്യവസായികളെ സംരക്ഷിച്ചതും സോണിയാ ഗാന്ധിയും മന്‍മോഹന്‍സിംഗും നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരാണ്. അക്കാലത്തു ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ കര്‍ഷക വിരുദ്ധ നയവും വ്യവസായികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുമാണു റബര്‍ വില ഇന്നത്തെ നിലയിലെത്താന്‍ കാരണം. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ആറ് മലയാളികള്‍ മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകളില്‍ മന്ത്രിമാരായിരുന്നിട്ടും റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ ചെറുവിരല്‍പോലും അനക്കിയില്ല. യുപിഎ സര്‍ക്കാര്‍ നിലംപൊത്തി ബിജെപി അധികാരത്തിലെത്തി ഒന്നാം വാര്‍ഷികത്തിലെത്തിയിരിക്കെയാണു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചത്. റബര്‍വില അനുദിനം താഴേക്കു പതിച്ചുതുടങ്ങിയ കാലത്തു കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ കേന്ദ്രമന്ത്രിമാരായിരുന്നു.

എ. കെ. ആന്റണി, വയലാര്‍ രവി എന്നിവരൊക്കെ പ്രധാന വകുപ്പുകളില്‍ കേന്ദ്രത്തില്‍ മന്ത്രിമാരായിരുന്നിട്ടും പി. ചിദംബരത്തിന്റെ റബര്‍ വിരുദ്ധ സമീപനത്തെ എതിര്‍ക്കാനും ഇക്കാര്യം സോണിയഗാന്ധിയെ ധരിപ്പാക്കാനുമായില്ല. ദുര്‍ബലമായ ഒരു പ്രതിപക്ഷത്തെ നയിക്കുന്ന സോണിയാ ഗാന്ധിക്കു റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയില്ലെന്നു മാത്രമല്ല റബര്‍ എന്താണെന്നു പോലും അറിയാന്‍ ഇടയില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ പറ്റിക്കാന്‍ വിഎം സുധീരന്‍ നടത്തിയ നാടകം തരംതാഴ്ന്നതായിപ്പോയെന്ന് ഇന്‍ഫാം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.


റബര്‍ കര്‍ഷകരോട് അല്‍പമെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിനു സഹതാപമുണ്ടായിരുന്നെങ്കില്‍ 1000 കോടിയുടെ വില സ്ഥിരതാ ഫണ്ട് പ്രയോജനപ്പെടുത്തി കിലോയ്ക്ക് 160 രൂപ നിരക്കില്‍ സംഭരിക്കാമായിരുന്നു. ഇതല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഇറക്കുമതി നിറുത്തിവയ്ക്കാമായിരുന്നു.

സോണിയാ ഗാന്ധിയെ കണ്ടുവെന്നു പറയുന്ന സംഘത്തില്‍പ്പെട്ട ചിലര്‍ റബര്‍ വ്യവസായികളോ വ്യവസായികളുടെ വക്താക്കളോ ആണ്. കര്‍ഷകരുടെയോ കര്‍ഷക സംഘടനകളുടെ പ്രതിനിധികളെയോ ഉള്‍പ്പെടുത്താതെയാണ് ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ടത്. റബര്‍ കര്‍ഷകരെ പട്ടിണിയിലേക്ക് തള്ളിവിട്ട നടപടികളുടെ ഒന്നാം പ്രതി പി. ചിദംബരവും കോണ്‍ഗ്രസ് സര്‍ക്കാരുമാണ്. ഇതേ നയംതന്നെ ബിജെപിയും തുടരുകയാണ്. താരിഫ് നിരക്ക് വര്‍ധിപ്പിക്കുമെന്നു വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ട് ഒരു മാസം പിന്നിട്ടു.

ശക്തരായ ടയര്‍ ലോബിയുടെ സ്വാധീനത്തില്‍ ഈ പ്രഖ്യാപനം നടപടിയിലെത്തിയില്ല. സ്വന്തം സര്‍ക്കാര്‍ അധികാരത്തിലിരിക്കെ റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ ചെറുവിരല്‍ അനക്കാത്ത സോണിയാ ഗാന്ധി നിലവില്‍ പ്രതിപക്ഷത്തായിരിക്കെ റബര്‍ കര്‍ഷകരെ രക്ഷിക്കണമെന്ന് വിഎം സുധീരന്‍ പറയുന്നത് ഇക്കാലത്തെ ഏറ്റവും വലിയ തമാശയാണെന്ന് കര്‍ഷകവേദി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.