കൈപ്പന്‍പ്ളാക്കലച്ചന്റെ വേര്‍പാടിന് നാളെ ഒരു വയസ്
കൈപ്പന്‍പ്ളാക്കലച്ചന്റെ വേര്‍പാടിന് നാളെ ഒരു വയസ്
Sunday, May 3, 2015 11:45 PM IST
കോട്ടയം: അഗതികളുടെ അത്താണിയായിരുന്ന ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കലിന്റെ വേര്‍പാടിനു നാളെ ഒരു വര്‍ഷം. ദരിദ്രരിലും അനാഥരിലും യേശുവിനെ കണ്ടു സ്നേഹപൂര്‍ണമായ സംരക്ഷണം നല്‍കി അവര്‍ക്കു സാന്ത്വനവും പരിചരണവും നല്‍കുകയായിരുന്നു ജീവിതത്തിന്റെ അവസാന ശ്വാസം വരെ ഈ മനുഷ്യസ്നേഹി. നൂറാം വയസിലും അഗതികളെ സംരക്ഷിക്കുകയും അവര്‍ക്കൊപ്പം ലളിത ജീവിതം നയിക്കുകയും ചെയ്ത കൈപ്പന്‍പ്ളാക്കലച്ചന്‍ ചെയ്തു വന്ന ശുശ്രൂഷ, അദ്ദേഹം സ്ഥാപിച്ച സ്നേഹഗിരി, ദൈവദാന്‍ സന്യാസിനീ സമൂഹങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രേഷിതസഹോദരങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.1914 ഏപ്രില്‍ 16ന് കോട്ടയം ജില്ലയിലെ കൊഴുവനാല്‍ കൈപ്പന്‍പ്ളാക്കല്‍ ഇട്ടിയേപ്പ് -ത്യേസ്യാ ദമ്പതികളുടെ ഇളയമകനായി ജനിച്ച അച്ചന്‍, 1939ല്‍ വൈദികനായി. 1959ല്‍ അനാഥരായ മൂന്നു കുട്ടികളെ സംരക്ഷിച്ചു തുടങ്ങിയ കരൂര്‍ ബോയ്സ് ടൌണിലാണ് ആതുര സേവനത്തിന്റെ തുടക്കം. 1962ല്‍ സാധുക്കളായ പെണ്‍കുട്ടികളെ സംരക്ഷിക്കാനായി ഗേള്‍സ് ടൌണ്‍ ആരംഭിച്ചു.

1969ല്‍ സ്നേഹഗിരി മിഷനറി സന്യാസിനി സഭ സ്ഥാപിച്ചു. 1998ല്‍ മലയാറ്റൂര്‍ ആസ്ഥാനമാക്കി ദൈവദാന്‍ സന്യാസിനി സമൂഹത്തിനും രൂപം നല്‍കി. സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരും നിര്‍ധനരും നിരാലംബരുമായവരെ സംരക്ഷിക്കുന്നതിനായി നൂറോളം സ്ഥാപനങ്ങളാണ് ഫാ. കൈപ്പന്‍പ്ളാക്കല്‍ സ്ഥാപിച്ചത്. ഇവിടങ്ങളില്‍ വിവിധ ദേശക്കാരും ഭാഷക്കാരുമായ അയ്യായിരം പേര്‍ സംരക്ഷിക്കപ്പെടുന്നു.

കേരളത്തിലുടനീളം ആതുരാലയങ്ങള്‍ സ്ഥാപിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രധാന കര്‍മ മണ്ഡലം പാലായായിരുന്നു. ജാതിമതഭേദമന്യേ എല്ലാ അന്തേവാസികളെയും സഹോദരനും സഹോദരിയുമായി അദ്ദേഹം കണ്ടു പരിപാലിച്ചു.

അച്ചന്‍ സ്ഥാപിച്ച ബോയ്സ് ടൌണിലെ കുട്ടികളുടെ ഉപജീവന മാര്‍ഗമെന്ന നിലയില്‍ ആരംഭിച്ച പാലാ മില്‍ക്ക് ബാര്‍ ഇന്നും പാലാക്കാരുടെ പ്രധാന ഭക്ഷണശാലകളിലൊന്നാണ്. കരൂര്‍ ബോയ്സ് ടൌണിലെ കുട്ടികള്‍ പാലാ പട്ടണത്തിലൂടെ വരിവരിയായി നടന്ന് സെന്റ് തോമസ് സ്കൂളിലേക്കു വരുന്നതും വൈകുന്നേരം തിരികെ പോകുന്നതും, ചെത്തിമറ്റം ദൈവദാന്‍ സെന്ററില്‍ മരിക്കുന്ന അന്തേവാസികളുടെ മൃതദേഹവുമായി ഉന്തുവണ്ടിയില്‍ നഗ്നപാദനായി ളാലം പള്ളി സെമിത്തേരിയിലേക്കു പോകുന്ന കൈപ്പന്‍പ്ളാക്കലച്ചനും പാലാക്കാരുടെ മനസില്‍ ഇന്നും മായാത്ത ഓര്‍മയാണ്. 2014 ഏപ്രില്‍ 13നായിരുന്നു അച്ചന്റെ നൂറാം ജന്മദിനം. ആയിരമായിരം ആശംസകള്‍ ഒന്നുചേര്‍ന്ന പിറന്നാള്‍ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നും ആഗ്രഹിക്കാതെ 100 വൃദ്ധര്‍ക്കു താമസസൌകര്യം ഒരുക്കുന്ന ഒരു ഭവനം കൂടി പണിയണമെന്നതായിരുന്നു അച്ചന്റെ ആഗ്രഹമെന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ടോമി ഈപ്പന്‍ അഞ്ചേരില്‍ ഓര്‍മിക്കുന്നു. സുമനസുകളുടെ സഹായത്താല്‍ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്കു സമീപമായി കരുണാ ഭവന്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായി.


നിരാശയിലും വേദനയിലും രോഗത്തിലും വലഞ്ഞ അനേകര്‍ക്കിടയില്‍ അധരം നിറയെ പുഞ്ചിരിയും ഹൃദയം നിറഞ്ഞ സ്നേഹവുമായി അച്ചന്‍ സാന്ത്വനശുശ്രൂഷ പകര്‍ന്നതായി ടോമി ഈപ്പന്‍ അനുസ്മരിക്കുന്നു.കൈപ്പന്‍പ്ളാക്കലച്ചനോടൊപ്പം ബോയ്സ് ടൌണ്‍ എന്ന അനാഥ മന്ദിരം സ്ഥാപിക്കാനായി നടത്തിയ കഷ്ടപ്പാടുകളും ദുരിതങ്ങളും ഇപ്പോഴും മനസില്‍ മായാതെ നില്‍ക്കുന്നതായി ഫാ. കൈപ്പന്‍പ്ളാക്കലിനൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി.സി. തോമസ് പരുവിലാങ്കല്‍ അനുസ്മരിച്ചു.

മാതാവു മരിച്ച ഈരാറ്റുപേട്ട സ്വദേശികളായ മൂന്നു കുട്ടികളെ അനാഥമന്ദിരത്തിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റുന്നതല്ല. അസുഖം ബാധിച്ച മരിച്ചു പോയി എന്നു കരുതിയ ആ മൂന്നു കുട്ടികളെ അനാഥ മന്ദിരത്തിലെത്തിച്ചു ജീവന്‍ നല്‍കുകയാണ് ചെയ്തത്. അവര്‍ ഇന്ന് നല്ല നിലയില്‍ ജീവിക്കുന്നുണ്െടന്ന് പി.സി. തോമസ് പറഞ്ഞു.

പുണ്യജീവിതത്തിന്റെ വഴിത്താരകള്‍ പിന്നിട്ടു യാത്രയായ അച്ചന്റെ ചരമവാര്‍ഷിക ആചരണത്തോട് അനുബന്ധിച്ചു നാളെ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ എട്ടിനു ളാലം പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷയും നടക്കും. ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കല്‍ ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.