മുഖപ്രസംഗം: പെണ്‍കുട്ടികള്‍ക്കു രക്ഷയില്ലാത്ത രാജ്യമോ?
Monday, May 4, 2015 11:01 PM IST
പഞ്ചാബില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി ബലാല്‍ത്സംഗശ്രമത്തിനിടെ കൊല്ലപ്പെട്ട സംഭവം ന്യൂഡല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവത്തിന്റെ തനിയാവര്‍ത്തനം തന്നെ. ഡല്‍ഹി സംഭവത്തെത്തുടര്‍ന്നു രാജ്യമൊട്ടാകെ ആഞ്ഞടിച്ച പ്രതിഷേധം രാഷ്ട്രീയമാറ്റത്തിനുപോലും രാസത്വരകമായി. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ രൂപവത്കരണവും തെരഞ്ഞെടുപ്പു വിജയവും നിര്‍ഭയ സംഭവമുയര്‍ത്തിയ ജനവികാരത്തോടു ബന്ധപ്പെട്ടാണെന്നു പറയാം.

പഞ്ചാബില്‍ മോഗ ജില്ലയിലെ ഗില്‍ ഗ്രാമത്തിലാണു കിരാതമായ പുതിയ സംഭവം. ഡല്‍ഹി സംഭവത്തിലെ പെണ്‍കുട്ടി സുഹൃത്തുമൊത്താണു യാത്ര ചെയ്തതെങ്കില്‍, മോഗയില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായ പതിന്നാലുകാരിക്കൊപ്പം അമ്മയും ഇളയ സഹോദരനുമുണ്ടായിരുന്നു. മോഗയിലെ ഗുരുദ്വാരയില്‍ പ്രാര്‍ഥനയ്ക്കു പോയി മടങ്ങുകയായിരുന്ന ഇവരെ ബസിലുണ്ടായിരുന്ന ചിലര്‍ ബസ് ജീവനക്കാരുടെ സഹായത്തോടെ ശല്യപ്പെടുത്തി. ശല്യം സഹിക്കവയ്യാതായപ്പോള്‍ ബസ് നിര്‍ത്താന്‍ പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ കൂടുതല്‍ വേഗത്തില്‍ ബസ് വിടുകയായിരുന്നു. ഇത്രയായിട്ടും സഹയാത്രികര്‍ നിസംഗരായി ഇരുന്നതു നമ്മുടെ സമൂഹത്തിന്റെ മറ്റൊരു വികലമുഖമാണു തുറന്നുകാട്ടുന്നത്. ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെയും അമ്മയെയും ബസിനു പുറത്തേക്കു വലിച്ചെറിയുന്നതുവരെ സംഭവം വളരാന്‍ സഹയാത്രികരുടെ നിഷ്ക്രിയത്വം കാരണമായി.

അധികാരം കൈയാളുന്നവരുടെ ധാര്‍ഷ്ട്യം രാജ്യത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതത്തെ എത്രമാത്രം അരക്ഷിതവും ദുരന്തപൂര്‍ണവുമാക്കുന്നുവെന്നതിന് ഉത്തമോദാഹരണമാണു പഞ്ചാബിലെ ഗില്‍ ഗ്രാമത്തില്‍ നടന്ന ഈ ദാരുണ സംഭവം. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍സിംഗ് ബാദലിന്റെയും, ഭാര്യയും കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രാത് കൌര്‍ ബാദലിന്റെയും ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് ഏവിയേഷന്‍ കമ്പനിയുടേതാണ് ഈ ബസ്. ബാദല്‍ കുടുംബത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കേസ് തുടക്കത്തിലേ നിസാരവത്കരിക്കാനും ദുര്‍ബലപ്പെടുത്താനും ഉപയോഗിക്കപ്പെട്ടുവെന്നു വ്യക്തം. ബസ് ജീവനക്കാര്‍കൂടി പങ്കാളികളായ ബലാത്സംഗശ്രമത്തില്‍ ബസുടമകള്‍ക്കെതിരേയും കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ഒരുപക്ഷേ സംഭവത്തേക്കാള്‍ നാണക്കേടുണ്ടാക്കുന്നതാണ് ഇതേക്കുറിച്ചു പഞ്ചാബിലെ വിദ്യാഭ്യാസമന്ത്രിയും മറ്റു ചില ഉന്നത രാഷ്ട്രീയ നേതാക്കളും നടത്തിയ പ്രതികരണം. കാറുകളും വിമാനങ്ങളും അപകടത്തില്‍പ്പെടുന്നുണ്െടന്നും ദൈവനിശ്ചയത്തിനെതിരായി ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു പഞ്ചാബ് വിദ്യാഭ്യാസമന്ത്രി സുര്‍ജിത് സിംഗ് റാഖ്റയുടെ നാണംകെട്ട പ്രതികരണം. കൊടുംക്രൂരതയ്ക്കും ദൈവത്തെ കൂട്ടുപിടിക്കുന്നു! സംഭവം നടന്ന മോഗ ജില്ലയിലെ നിയമസഭാംഗവും അകാലിദള്‍ എംഎല്‍എയുമായ ജോഗീന്ദര്‍ സിംഗ് പാലും ഇതൊരു അപകടം മാത്രമായാണു ചിത്രീകരിച്ചത്. കോടതിക്കു പുറത്തുവച്ചു നഷ്ടപരിഹാരം നിശ്ചയിക്കുന്നതാണു മെച്ചമെന്നൊരു ഉപദേശവും എംഎല്‍എയുടെ വകയായി ലഭിച്ചു. ഇതനുസരിച്ചാവും, സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മാനത്തിനും ജീവനും വിലയിടുകയും ചെയ്തു: ഇരുപതു ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്കു സര്‍ക്കാര്‍ ജോലിയും. പിന്നോക്കക്കാരും പാവപ്പെട്ടവരുമായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇതുകൊണ്ടു തൃപ്തരായിക്കൊള്ളും എന്നവര്‍ കരുതിയിട്ടുണ്ടാവും.

അന്വേഷണം സിബിഐയെ ഏല്പിക്കണമെന്നും നഷ്ടപരിഹാരം സ്വീകരിക്കില്ലെന്നും പ്രശ്നത്തിനു യുക്തമായ പരിഹാരം കണ്െടത്തുംവരെ പെണ്‍കുട്ടിയുടെ മരണാനന്തര കര്‍മങ്ങള്‍ നടത്തില്ലെന്നും പെണ്‍കുട്ടിയുടെ പിതാവും കുടുംബാംഗങ്ങളും ആദ്യം നിലപാടെടുത്തു. കുറേപ്പേര്‍ അവര്‍ക്കു പിന്തുണയുമായെത്തി. എന്നാല്‍, ഡല്‍ഹി പെണ്‍കുട്ടിക്കു ലഭിച്ചതുപോലൊരു പിന്തുണ ഇവിടെ ഈ പാവം പെണ്‍കുട്ടിക്കു ലഭിച്ചില്ല. കുറേ പ്രതിരോധിച്ചുനിന്നശേഷം പിതാവും കുടുംബവും ഇന്നലെ സര്‍ക്കാര്‍ സൌജന്യങ്ങള്‍ക്കും ഉറപ്പുകള്‍ക്കും വഴങ്ങി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയെത്തുടര്‍ന്നു നഷ്ടപരിഹാരം വാങ്ങാനും പെണ്‍കുട്ടിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താനും ബന്ധുക്കള്‍ സമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ളവരുടെയും കുടുംബത്തിനു പങ്കാളിത്തമുള്ള ഒരു ബസ് സര്‍വീസുമായി ബന്ധപ്പെട്ട കേസ്, അതൊരു കൊലപാതകക്കേസ് ആയിരുന്നിട്ടുകൂടി, ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് സമര്‍ഥമായി ഇടപെട്ടുവെന്നര്‍ഥം.

ദേശീയ നാണക്കേട് എന്നു വിശേഷിപ്പിക്കേണ്ട ഈ സംഭവവികാസത്തെ ഏതു നിലയ്ക്കാണു ന്യായീകരിക്കാനാവുക? സ്ത്രീകള്‍ക്കു പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലുംപോലും സുരക്ഷിതത്വമില്ലാത്ത ഒരു രാജ്യം വേറെ ഏതുണ്ട്? തീര്‍ച്ചയായും പഞ്ചാബ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരവാദിത്വമുണ്ട്. പൊതുസമൂഹത്തില്‍ വളര്‍ന്നുവരുന്ന നിസംഗതയെയും ഇതിന്റെകൂടെ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ടിവരും. പല യാത്രക്കാരുള്ള സര്‍വീസ് ബസില്‍ സ്വന്തം മാതാവിനും സഹോദരനുമൊപ്പം സഞ്ചരിക്കുന്ന കൌമാരക്കാരിയെ ഒരു സംഘം നരാധമന്മാര്‍ മ്ളേച്ഛമായ രീതിയില്‍ ഉപദ്രവിക്കുന്നതു കണ്ടിട്ടും യാതൊരു പ്രതികരണവും സഹയാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകാതിരുന്നതു ഭയം മൂലമാണെങ്കിലും ആ നിഷ്ക്രിയതയ്ക്കു നീതീകരണമില്ല. ഈ നിര്‍വികാരത നമ്മുടെ സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന വലിയ വ്യാധിതന്നെ. ഇരുട്ടുവീണുതുടങ്ങിയാല്‍ ബസ് സ്റാന്‍ഡുകളിലോ റെയില്‍വേ സ്റേഷനുകളിലോ നില്‍ക്കാനോ, ബസിലോ ട്രെയിനിലോ യാത്ര ചെയ്യാനോ പെണ്‍കുട്ടികള്‍ക്കെന്നല്ല, സ്ത്രീകളടങ്ങിയ കുടുംബങ്ങള്‍ക്കുപോലും സാധിക്കാത്ത അവസ്ഥയാണുള്ളതെങ്കില്‍ അത് ഇന്ത്യന്‍ സമൂഹത്തിന്റെ വലിയ അധഃപതനംതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.