ദീപിക സംശുദ്ധ രാഷ്ട്രീയത്തിനായി നിലകൊള്ളുന്ന മാധ്യമം: മന്ത്രി തിരുവഞ്ചൂര്‍
ദീപിക സംശുദ്ധ രാഷ്ട്രീയത്തിനായി നിലകൊള്ളുന്ന മാധ്യമം: മന്ത്രി തിരുവഞ്ചൂര്‍
Monday, May 4, 2015 12:11 AM IST
സ്വന്തം ലേഖകന്‍

കോട്ടയം: കേരളത്തിന്റെ മനഃസാക്ഷിയോടു ചേര്‍ന്നുനിന്നു സംശുദ്ധ രാഷ്ട്രീയത്തിനു സമ്പൂര്‍ണ പിന്തുണ നല്‍കിവരുന്ന മാധ്യമമാണു ദീപികയെന്നു വനം-ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ സാരഥികള്‍ക്കു ദീപികയുടെ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ തെറ്റുകള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്കൊപ്പം എക്കാലവും നിലകൊണ്ട കര്‍ഷകരുടെ ശബ്ദമാണത്. ശരിയുടെ ഭാഗത്തു നിന്നു പത്രപ്രവര്‍ത്തനം നടത്തുന്നതോടൊപ്പം എല്ലാ വിഭാഗം ആളുകളുടെയും കഴിവുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദീപികയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊശമറ്റം ഗ്രൂപ്പ് സിഎംഡി മാത്യു കെ. ചെറിയാന്‍, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, കട്ടപ്പന കേജീസ് ജ്വല്ലറി ഗ്രൂപ്പ് എംഡി സാജന്‍ ജോര്‍ജ്, തലയോലപ്പറമ്പ് എസ്ഐഐടി ഡയറക്ടര്‍ ഷാജി ജോസഫ് എന്നിവര്‍ക്കാണു ദീപികയുടെ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രദീപിക കമ്പനി സിഎംഡി മോണ്‍. മാത്യു എം. ചാലില്‍ അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ ആമുഖസന്ദേശം നല്‍കി. ഗവണ്‍മെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, കോട്ടയം ജില്ലാ കളക്ടര്‍ യു.വി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.


മലയാളിക്കു ലഭിച്ച ഭാഗ്യമാണ് ദീപികയെന്നും 128 വര്‍ഷമായി മലയാളിക്ക് വിജ്ഞാനം പകര്‍ന്നു തന്ന ദീപിക എന്നും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

ചലച്ചിത്ര അഭിനയരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ കോട്ടയം നസീറിനെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കോട്ടയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മോണ്‍. മാത്യു എം. ചാലില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ദീപിക യുഎഎം ജോസഫ് ജോസഫ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.

ദീപിക ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) കെ.സി. തോമസ് സ്വാഗതവും പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് നന്ദിയും പറഞ്ഞു. അവാര്‍ഡ് ജേതാക്കള്‍ മറുപടിപ്രസംഗം നടത്തി. സമ്മേളനത്തെത്തുടര്‍ന്ന് സംഗീതവിരുന്നും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.