ഡോ. സിംഫോറിയന്‍ കീപ്രത്തിന്റെ സംസ്കാരം ശനിയാഴ്ച
Tuesday, May 5, 2015 10:55 PM IST
കുറവിലങ്ങാട്: ജലന്ധര്‍ രൂപതയുടെ പ്രഥമ അധ്യക്ഷന്‍ ബിഷപ് ഡോ.സിംഫോറിയന്‍ കീപ്രത്തിന്റെ സംസ്കാരം ശനിയാഴ്ച ജലന്ധര്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. മക്സുധ എസ്എച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ജലന്ധര്‍ ബിഷപ് ഹൌസിലെത്തിക്കും. രണ്ടുവരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കും. തുടര്‍ന്നു പ്രാര്‍ഥനാ ശുശ്രൂഷകളും രാത്രി ആരാധനയും നടക്കും. ശനിയാഴ്ച രാവിലെ മൃതദേഹം കത്തീഡ്രലിലെത്തിക്കും. ഒന്‍പതുവരെ പൊതുദര്‍ശനം. ഒന്‍പതിന് വിശുദ്ധ കുര്‍ബാന ആരംഭിക്കും. തുടര്‍ന്നു ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്‍മികത്വത്തില്‍ സംസ്കാരശുശ്രൂഷകള്‍. 12നു കത്തീഡ്രലില്‍ അനുശോചന സമ്മേളനം. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, സുവര്‍ണക്ഷേത്രം മുഖ്യപുരോഹിതന്‍ ഗ്യാനി ജര്‍ബയല്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കും.


ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വത്തിലാണ് സംസ്കാര ശുശ്രൂഷകളുടെ ക്രമീകരണം നടക്കുന്നത്.

സംസ്കാരശുശ്രൂഷകളില്‍ പങ്കെടുക്കാനായി കേരളത്തിലെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭാംഗങ്ങളും കടപ്ളാമറ്റത്തുനിന്നുള്ള ബന്ധുക്കളും ബുധനാഴ്ച ജലന്ധറിലേക്കു യാത്രതിരിക്കും. അമ്പതോളം വരുന്ന സംഘം വെള്ളിയാഴ്ച ജലന്ധറിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.