പിണറായി മാറിയിട്ടും വി.എസിനോടു മാറ്റമില്ല
പിണറായി മാറിയിട്ടും വി.എസിനോടു മാറ്റമില്ല
Friday, May 22, 2015 12:01 AM IST
എം.പ്രേംകുമാര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ അമരത്തുനിന്നു മാറിയാലും വി.എസ്. അച്യുതാനന്ദനോടുള്ള സംസ്ഥാന നേതൃത്വത്തിന്റെ സമീപനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നുള്ളതിനു തെളിവായിരുന്നു അദ്ദേഹത്തിനെതിരേയുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കുറ്റപത്രം. സംസ്ഥാന സമ്മേളനത്തിനു മുമ്പു പാര്‍ട്ടി വിരുദ്ധനായി മുദ്രകുത്തപ്പെട്ട വി.എസ് സമാന്തര പാര്‍ട്ടി നേതൃത്വത്തിനു ശ്രമിക്കുന്നുവെന്ന ഗുരുതരമായ കണ്െടത്തലാണു കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായുള്ള സംസ്ഥാന നേതൃത്വം നടത്തിയിരിക്കുന്നത്. ഒപ്പം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രതിപക്ഷ നേതാവിനെ ഇനി വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും. പിണറായി വിജയന്‍ കാര്‍ക്കശ്യത്തോടെ പറയുന്നതു കോടിയേരി ബാലകൃഷ്ണന്‍ സൌമ്യതയോടെ പറഞ്ഞുവെന്നു മാത്രം.

പാര്‍ട്ടിയെയും നേതൃത്വത്തെയും പരസ്യമായി തള്ളിപ്പറഞ്ഞ വി.എസിനെ അതേ നാണയത്തില്‍ തന്നെ അദ്ദേഹത്തിനെതിരേയുള്ള കുറ്റപത്രം പരസ്യപ്പെടുത്തി തിരിച്ചടിക്കാനും ഔദ്യോഗികപക്ഷത്തിനായി. തനിക്കെതിരേയുള്ള പ്രമേയത്തെ സംബന്ധിച്ചു വി.എസ് സ്വീകരിക്കുന്ന നിലപാടായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ സിപിഎമ്മിലെ ചര്‍ച്ച.

പ്രകാശ് കാരാട്ടിനെയും പിണറായി വിജയനെയും പരോക്ഷമായി വിമര്‍ശിച്ചു കഴിഞ്ഞ ദിവസം അച്യുതാനന്ദന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ഇത്രയും വേഗം ഇങ്ങനെയൊരു മറുപടി ലഭിക്കുമെന്ന് അദ്ദേഹം പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇടതുപക്ഷ മുന്നണി വിപുലീകരിക്കാന്‍ ഒരാള്‍ ഒറ്റയ്ക്കു ശ്രമിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ചു പാര്‍ട്ടിയുടെ അഭിപ്രായമാണു പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ താന്‍ പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ മറികടന്ന് ഒന്നും ചെയ്യേണ്ടതില്ലെന്ന സൂചനയാണു വി.എസിനു നല്‍കുന്നത്.

വി.എസിനെതിരെയുള്ള കുറ്റപത്രം സെക്രട്ടേറിയറ്റ് യോഗത്തിനു തലേദിവസം തന്നെ പാര്‍ട്ടി ആസ്ഥാനത്തു തയാറായിരുന്നു. അദ്ദേഹത്തിനെതിരെയുള്ള അച്ചടക്ക നടപടികളും അതിന്റെ ഭാഗമായി കേന്ദ്രക്കമ്മിറ്റി പറഞ്ഞിട്ടുള്ള വിവരണങ്ങളും പ്രമേയത്തില്‍ ഉള്‍പ്പെടുത്തി സമഗ്രമായ കുറ്റവിചാരണയാണ് ഇന്നലെ സെക്രട്ടേറിയറ്റില്‍ നടന്നത്. അതുകൊണ്ടുതന്നെ പ്രമേയത്തില്‍ ഒരു മാറ്റവും വരുത്താതെ തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് അയച്ചുകൊടുക്കാനാകും. വി.എസ് കേന്ദ്രക്കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായതിനാല്‍ അദ്ദേഹത്തിനെതിരേ നടപടിയൊന്നും തീരുമാനിക്കാന്‍ സംസ്ഥാന നേതൃത്വത്തിനു സാധിക്കില്ല. എന്നാല്‍, അടുത്ത മാസം ആറ്, ഏഴ് തീയതികളില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റിയില്‍ പ്രമേയം ചര്‍ച്ചയ്ക്കെടുപ്പിച്ചു വി.എസിനെതിരേ അച്ചടക്ക നടപടി ആവശ്യപ്പെടാനും സംസ്ഥാന നേതൃത്വത്തിനു കഴിയും. വി.എസ് പാര്‍ട്ടി വിരുദ്ധനാണെന്നു നേതൃത്വം ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും പ്രതിപക്ഷ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന അഭിപ്രായമാണു കോടിയേരി ബാലകൃഷ്ണനുള്ളത്. ഒരുതരത്തില്‍ വി.എസിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണു കേരളത്തിലെ പാര്‍ട്ടി.


പ്രമേയത്തിന്മേല്‍ എന്തു നിലപാടാകും സീതാറാം യെച്ചൂരിയും കേന്ദ്ര നേതൃത്വവും സ്വീകരിക്കുക എന്നതാണു ഇനി പ്രധാനം. സംസ്ഥാന പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു കേന്ദ്ര നേതൃത്വം നിയോഗിച്ച പോളിറ്റ്ബ്യൂറോ കമ്മീഷനു മുന്നില്‍ ഈ പ്രമേയവും എത്തുമോ എന്ന കാര്യവും പ്രസക്തമാണ്. പിബി കമ്മീഷനു മുന്നില്‍ വി.എസിനെതിരായും സംസ്ഥാന നേതൃത്വത്തിനെതിരേ അദ്ദേഹം നല്‍കിയ പരാതികളും ഉണ്ട്. വി.എസിന്റെ നിലപാടുകളെല്ലാം പാര്‍ട്ടി കോണ്‍ഗ്രസും കേന്ദ്ര കമ്മിറ്റിയും പലതവണ ചര്‍ച്ച ചെയ്തു തള്ളിയതാണെന്നു സംസ്ഥാന നേതൃത്വം അക്കമിട്ടു പറയുമ്പോള്‍ പിബി കമ്മീഷനു മുന്നിലുള്ള അദ്ദേഹത്തിന്റെ കത്തുകള്‍ക്കു എന്തു പ്രസക്തിയാണ് ഉള്ളതെന്ന കാര്യം പ്രധാനമാണ്.

എന്നാല്‍, പോളിറ്റ്ബ്യൂറോയെ പോലും വെല്ലുവിളിച്ചു നിരന്തരമായി അച്ചടക്കലംഘനം നടത്തുന്ന വി.എസിനെതിരേ എന്തു നടപടി ശിപാര്‍ശ ചെയ്യുമെന്ന കാര്യമാണു പിബി കമ്മീഷനു തലവേദനയാകാന്‍ പോകുന്നത്. കമ്മീഷന്റെ ശിപാര്‍ശകള്‍ കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്തുവേണം തീരുമാനമെടുക്കാന്‍. രണ്ടു തെരഞ്ഞെടുപ്പുകളാണു സിപിഎം നേതൃത്വം അഭിമുഖീകരിക്കാന്‍ പോകുന്നത്. ദേശീയതലത്തിലും കേരളത്തിലും രണ്ടു തെരഞ്ഞെടുപ്പു ഫലവും പാര്‍ട്ടിക്കു നിര്‍ണായകമാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ വി.എസിനെപ്പോലെ ജനപിന്തുണയുള്ള ഒരു നേതാവിനെതിരേ നടപടിയെടുക്കുക എന്നതു വിഷമകരമായ കാര്യമാണ്. പലപ്പോഴും വി.എസിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. ഇക്കാര്യം അദ്ദേഹത്തിനും നന്നായി അറിയാമെന്നതിനാല്‍ തക്കം നോക്കി തന്നെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ മിടുക്കനുമാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും അഭിമുഖീകരിക്കേണ്ട കേരളത്തിലെ പാര്‍ട്ടിക്കു വി.എസിനെ ഒപ്പം കൂട്ടാതെ മുന്നോട്ടുപോകാനാകില്ല. അതു തിരിച്ചറിഞ്ഞു തന്നെയാണു പാര്‍ട്ടി വിരുദ്ധനാണെന്നു പറയുമ്പോഴും പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തെ വാനോളം പുകഴ്ത്താന്‍ കോടിയേരി മടി കാണിക്കാത്തത്. കോടിയേരിയുടെ നിലപാടു തന്നെയാകും ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരിയും സ്വീകരിക്കുക.

സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രമേയത്തിനെതിരേ വി.എസ് രംഗത്തുവരാന്‍ സാധ്യതയുണ്ട്. ഇതു മുന്നില്‍ കണ്ടു പ്രകോപിതനാകരുതെന്ന ഉപദേശമാകും സീതാറാം യെച്ചൂരി അദ്ദേഹത്തിനു നല്‍കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ എളമരം കരീമി4നെതിരായ അഴിമതി ആരോപണത്തില്‍ വി.എസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്കു വി.എസ് കത്തു നല്‍കാനിടയുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിക്കാനുള്ള അവസരമായി വി.എസ് ഇതിനെ കണ്ടാല്‍ അതു സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.