വിദ്യാഭ്യാസ പ്രശ്നങ്ങള്‍: ചങ്ങനാശേരി അതിരൂപത മുഖ്യമന്ത്രിക്കു ഭീമഹര്‍ജി നല്‍കി
വിദ്യാഭ്യാസ പ്രശ്നങ്ങള്‍: ചങ്ങനാശേരി അതിരൂപത മുഖ്യമന്ത്രിക്കു ഭീമഹര്‍ജി നല്‍കി
Monday, May 25, 2015 12:32 AM IST
ചങ്ങനാശേരി: എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനവും അധ്യാപക-വിദ്യാര്‍ഥി അനുപാതവും സംബന്ധിച്ച കാര്യങ്ങളില്‍ ജൂണ്‍ മൂന്നിനു നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമനാംഗീകാരവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപതാ പാസ്ററല്‍ കൌണ്‍സിലും കോര്‍പ്പറേറ്റ് മാനേജ്മെന്റും ചേര്‍ന്നു നല്‍കിയ ഭീമഹര്‍ജി സ്വീകരിക്കവേയാണു മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബുമായി ടെലിഫോണില്‍ സംസാരിച്ചതിനുശേഷമാണ് അതിരൂപതയിലെ സമരസമിതി അംഗങ്ങള്‍ക്കു മുഖ്യന്ത്രി ഉറപ്പുനല്‍കിയത്.

അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ.ജോജി ചിറയില്‍, ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ജോസഫ് കെ. നെല്ലുവേലി, വി.ജെ ലാലി, അഡ്വ. ടോമി കണയംപ്ളാക്കല്‍, വര്‍ഗീസ് ആന്റണി, അഡ്വ. പി.പി ജോസഫ്, ജോബി പ്രാക്കുഴി എന്നിവരടങ്ങിയ നിവേദക സംഘമാണ് മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചത്.


അധ്യാപക, വിദ്യാര്‍ഥി അനുപാതം എല്‍പി വിഭാഗത്തില്‍ 1:30, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ 1:35 ആക്കുക, സ്പെഷലിസ്റ് അധ്യാപകരെ നിയമിക്കാനുള്ള മാനേജ്മെന്റുകളുടെ അവകാശം അംഗീകരിക്കുക, 2011നുശേഷം നടന്ന അധ്യാപക, അനധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ലബ്ബ കമ്മീഷന്‍ റിപ്പേര്‍ട്ട് വേഗത്തില്‍ നടപ്പാക്കുക, വര്‍ധിപ്പിച്ച മെയിന്റനന്‍സ് ഗ്രാന്റ് സമയബന്ധിതമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതിരൂപതാംഗങ്ങളായ ഒരുലക്ഷത്തോളം പേര്‍ ഭീമഹര്‍ജിയില്‍ ഒപ്പുവച്ചിട്ടുണ്ട്. അവകാശ നിഷേധങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രത്യക്ഷ സമരങ്ങള്‍ ആരംഭിക്കുവാനും സമരസമിതി തീരുമാനിച്ചതായി മുഖ്യമന്ത്രിയെ കണ്ടശേഷം പ്രതിനിധികള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.