സ്കൂള്‍ വളപ്പുകളില്‍ നാളെ മുതല്‍ വീണ്ടും ആരവം
Sunday, May 31, 2015 12:40 AM IST
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിനു നാളെ തുടക്കം. പ്രവേശനം ഗംഭീരമാക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി. കഴിഞ്ഞ അധ്യയന വര്‍ഷം ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയതിനേക്കാള്‍ ഒരു ശതമാനം എങ്കിലും കുട്ടികള്‍ ഇത്തവണ അധികമായി പ്രവേശനം നേടുമെന്നാണു പ്രതീക്ഷ. സംസ്ഥാന സിലബസില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി കഴിഞ്ഞ വര്‍ഷം ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയത് 2,54,643 വിദ്യാര്‍ഥികളായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ മൂവായിരം പേര്‍ അധികം കഴിഞ്ഞ വര്‍ഷം പ്രവേശനം നേടി. ഈ വര്‍ഷം മൂവായിരംകൂടി വര്‍ധിക്കുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷ. ഒന്നു മുതല്‍ പത്തുവരെ ക്ളാസുകളിലായി 36.5 ലക്ഷം വിദ്യാര്‍ഥികളാണെത്തുന്നത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് ജില്ലയിലെ കളമ്പക്കാട് സര്‍ക്കാര്‍ യുപി സ്കൂളില്‍ നാളെ നടക്കും. വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

അവധിക്കാലത്ത് ആരോഗ്യവകുപ്പ് സ്കൂളുകളില്‍ പരിശോധന നടത്തി. 346 സ്കൂളുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലെന്നു കണ്െടത്തി. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ ഒന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കൂ.


ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലും സമീപത്തും നടപ്പാക്കേണ്ട ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും നല്കി. സ്കൂള്‍ തുറക്കുന്ന ആഴ്ചയിലെ ആദ്യ സ്കൂള്‍ അസംബ്ളിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എല്ലാ സ്കൂളിലെയും കുട്ടികളെക്കൊണ്ട് എടുപ്പിക്കണം. സ്കൂള്‍ പരിസരത്തിനു 100 മീറ്റര്‍ ചുറ്റളവില്‍ ലഹരിവസ്തു വില്ക്കുന്നവര്‍ക്കെതിരേ കേസെടുക്കും . സ്കൂള്‍ പരിസരത്തു വിദ്യാര്‍ഥികള്‍ക്കു മദ്യം, മയക്കുമരുന്ന് എന്നിവ കൈമാറുന്നവര്‍ക്കെതിരേ ജുവനൈല്‍ ജസ്റീസ് ആക്ട് പ്രകാരം കേസെടുക്കും.

സ്കൂള്‍ ബസുകളുടെ അവസ്ഥ, ഡ്രൈവറുടെ യോഗ്യത എന്നീ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.