സ്വത്തുതര്‍ക്കം: അച്ഛന്റെ വെട്ടേറ്റ് യുവാവ് മരിച്ചു
സ്വത്തുതര്‍ക്കം: അച്ഛന്റെ വെട്ടേറ്റ് യുവാവ് മരിച്ചു
Wednesday, June 3, 2015 12:23 AM IST
ചിറ്റൂര്‍: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വഴക്കില്‍ അത്തിക്കോട്ടില്‍ കുടുംബനാഥന്‍ ഭാര്യ, മകന്‍, മരുമകള്‍ എന്നിവരെ കൊടുവാള്‍ കൊണ്ടു വെട്ടി. അത്തിക്കോട് പനയൂര്‍ ശ്രീധരനാണ് (66) കുടുംബാംഗങ്ങളെ വെട്ടിയത്. മകന്‍ പ്രവീണ്‍ (34) സംഭവസ്ഥലത്തുതന്നെ മരിച്ചു. ശ്രീധരന്റെ ഭാര്യ സത്യഭാമ (50), മരുമകള്‍ ലളിത (21) എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സത്യഭാമയുടെ നില ഗുരുതരമാണ്.

അത്തിക്കോട് ശീതളപാനീയക്കടയില്‍ ജീവനക്കാരനായിരുന്നു പ്രവീണ്‍. മലബാര്‍ സിമന്റ്സില്‍ ജോലിക്കാരനായ മറ്റൊരു മകന്‍ പ്രശോഭ് വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഇന്നലെ പുലര്‍ച്ചെ 5.30നാണ് അത്തിക്കോട് ഗ്രാമത്തെ ഞെട്ടിച്ച അരുംകൊല നടന്നത്. മൂവരെയും ആക്രമിച്ചശേഷം ഇടതുനെഞ്ചില്‍ മുറിവുകളോടെ അവശനിലയില്‍ വീട്ടില്‍ കിടന്നിരുന്ന ശ്രീധരനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീധരന്‍ കിടന്നതിനു സമീപത്തുനിന്നും ഒരു പേനാക്കത്തി പോലീസ് കണ്െടടുത്തു. കൊലപാതകത്തിനുശേഷം പ്രതി കത്തികൊണ്ടു സ്വയംകുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കാമെന്നു പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നുള്ള കുടുംബവഴക്കു കാരണം സത്യഭാമ, മകനും മരുമകളുമൊത്ത് അത്തിക്കോട് പനയൂരിലെ നായര്‍മന്ദിരത്തിലാണ് താമസം. ശ്രീധരന്‍ അത്തിക്കോട് രാഘവപുരത്തുള്ള സ്വകാര്യ തടിമില്ലില്‍ ആശാരിപ്പണി ചെയ്ത് അവിടെയാണ് താമസം. ഇന്നലെ പുലര്‍ച്ചെ പ്രവീണും കുടുംബവും താമസിക്കുന്നിടത്തെത്തിയ ശ്രീധരന്‍ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന സത്യഭാമയെ വെട്ടുന്നതുകണ്ട് തടയാന്‍ എത്തിയ പ്രവീണിനെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തടയാന്‍ ചെന്നതിനിടയിലാണ് ലളിതയ്ക്കും വെട്ടേറ്റത്.


കോട്ടയം സ്വദേശിയായ ശ്രീധരന്‍ സത്യഭാമയെ വിവാഹം കഴിച്ചതിനുശേഷം ജോലി ആവശ്യാര്‍ഥം കുറച്ചുകാലം അട്ടപ്പാടിയിലായിരുന്നു താമസം. പിന്നീട് അവിടത്തെ സ്ഥലം വിറ്റു പനയൂരില്‍ സ്ഥലം വാങ്ങി താമസമാക്കുകയായിരുന്നു. അട്ടപ്പാടിയിലെ സ്ഥലം വിറ്റതില്‍ ബാക്കി ഒരുലക്ഷം രൂപ ഉണ്ടായിരുന്നതു ശ്രീധരന്റെയും സത്യഭാമയുടെയും പേരില്‍ ജോയിന്റ് അക്കൌണ്ടായി ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.

മകളുടെ പ്രസവ ആവശ്യത്തിനായി ശ്രീധരന്‍ അറിയാതെ അക്കൌണ്ടില്‍നിന്ന് 50,000 രൂപ പിന്‍വലിക്കുകയും ഇതിനെച്ചൊല്ലി വീട്ടില്‍ കലഹം പതിവാകുകയും ഭാര്യയോടും മക്കളോടും പിണങ്ങി ഇയാള്‍ ജോലിസ്ഥലത്തുതന്നെ താമസിച്ചുവരികയുമായിരുന്നു. ഇതിനിടയില്‍ പനയൂരിലെ സ്ഥലവും മരങ്ങളും വില്പന നടത്താനുള്ള ശ്രീധരന്റെ ശ്രമം വീട്ടുകാര്‍ തടഞ്ഞതോടെ ഇവരോടു വിരോധം തീര്‍ക്കാന്‍ ഈ സ്ഥലത്തില്‍നിന്ന് 29 സെന്റ് സ്ഥലം പനയൂര്‍ ചീറ്റൂര്‍ ഭഗവതി ക്ഷേത്രകമ്മിറ്റിക്ക് ഇഷ്ടദാനമായി കൈമാറി. ബാക്കി സ്ഥലത്തിനായി കേസുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവീണിന്റെ ഇടപെടല്‍മൂലം ഇതും പരാജയപ്പെട്ടു. ഇതോടെ മകനുമായി ശത്രുതയിലായ ശ്രീധരന്‍ ഒന്നരവര്‍ഷംമുമ്പ് വീടുവിട്ടിറങ്ങി. പ്രവീണിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി. രണ്ടുവയസുകാരി ശ്രീനന്ദയാണ് പ്രവീണിന്റെ ഏകമകള്‍. പാലക്കാട് ഡിവൈഎസ്പി പി.ഡി.ശശി, ചിറ്റൂര്‍ സിഐ എന്നിവര്‍ സംഭവസ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.