പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കും: മുഖ്യമന്ത്രി
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കും: മുഖ്യമന്ത്രി
Wednesday, June 3, 2015 12:24 AM IST
കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നതടക്കം കണ്ണൂര്‍ ജില്ലയ്ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്തൊന്‍പതിന വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ജവഹര്‍ സ്റേഡിയത്തില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കവേയായിരുന്നു പ്രഖ്യാപനം.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലയിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജെങ്കിലും സ്ഥാപിക്കുകയെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണു കണ്ണൂര്‍ ജനതയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി പരിയാരത്ത് നിലവിലുള്ള ജീവനക്കാരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ചട്ടങ്ങള്‍ക്കാനുപാതികമായി പുന:ക്രമീകരിക്കും. അതോടൊപ്പം സാമ്പത്തിക അച്ചടക്കവും മികച്ച നിലവാരവും ഉറപ്പാക്കും.

പയ്യന്നൂരില്‍ പുതിയ താലൂക്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു യാഥാര്‍ഥ്യമാക്കും. കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മേലെചൊവ്വ- പുതിയൊരു ഫ്ളൈഓവര്‍ നിര്‍മാണത്തിന് വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കും. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കു പദ്ധതി നടപ്പാക്കും.

വളപട്ടണം മുതല്‍ മാഹി അഴിയൂര്‍ വരെ നിര്‍മിക്കുന്ന ബൈപ്പാസ് മൂന്നുഘട്ടമായി പ്രാവര്‍ത്തികമാക്കും. മുഴപ്പിലങ്ങാട് മുതല്‍ പള്ളൂര്‍ നാലുതറ വരെയുള്ള 12 കിലോമീറ്റര്‍ ബൈപ്പാസിനു സ്ഥലമേറ്റെടുക്കുകയും 390 കോടി രൂപയുടെ രൂപരേഖ തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നാലുതറ മുതല്‍ അഴിയൂര്‍ വരെ ആറു കിലോമീറ്റര്‍ ഭാഗത്തെ സ്ഥലമേറ്റെടുക്കല്‍ താമസിയാതെ പൂര്‍ത്തിയാകും. വളപട്ടണം മുതല്‍ മുഴപ്പിലങ്ങാട് വരെ സ്ഥലമേറ്റെടുക്കാനുള്ള തടസങ്ങള്‍ നീക്കി ഉടന്‍ ഭൂമി ഏറ്റെടുക്കും.

തലശേരി, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളില്‍ കാരുണ്യ ബെനവലന്റ് ഫണ്ട് ഉപയോഗിച്ചു ഡയാലിസിസ് യൂണിറ്റുകള്‍ ഉടന്‍ ആരംഭിക്കും. ഇരിട്ടി താലൂക്കില്‍ അടുത്ത വര്‍ഷം യൂണിറ്റ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറളം ആദിവാസി കോളനിയില്‍ സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നതു വേഗത്തിലാക്കും.

ആറളം ഫാം സര്‍ക്കാര്‍ ഏറ്റെടുത്ത കാലം മുതല്‍ക്കേ ഫാമിലുള്ള 32 കുടുംബങ്ങള്‍ക്കു വേറെ ഭൂമി നല്കും. റവന്യൂവകുപ്പിന് ആറളം പഞ്ചായത്ത് നല്കിയ രണ്േടക്കര്‍ ഭൂമി 12 കുടുംബങ്ങള്‍ക്കു വീതിച്ചു നല്കും. ബാക്കി 20 കുടുംബത്തിന് 2.67 ഏക്കര്‍ മിച്ചഭൂമിയും വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ 40 വര്‍ഷത്തെ ഭൂപ്രശ്നത്തിനാണ് പരിഹാരമാകുന്നത്. ആറളം ഫാം ജീവനക്കാരുടെ വേതനം കഴിഞ്ഞ ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിക്കും.

അഴീക്കല്‍ തുറമുഖത്ത് കപ്പല്‍ അറ്റകുറ്റപ്പണിശാല തുടങ്ങും. ഇതിനായി കൊച്ചി കപ്പല്‍ശാലയുടെ സഹകരണത്തോടെ തുറമുഖത്ത് ആറുമീറ്റര്‍ ആഴം ഉറപ്പാക്കും. ഇതിനായി നിയോഗിച്ച പഠനസമിതി അടുത്തയാഴ്ച തുറമുഖം സന്ദര്‍ശിക്കും. തുറമുഖത്തിനായി 19 കോടി രൂപയുടെ ക്രെയിന് ഓര്‍ഡര്‍ നല്കിയതായും ഉമ്മന്‍ചാണ്ടി അറിയിച്ചു. കാട്ടാമ്പള്ളിയെ ടൂറിസം കേന്ദ്രമായി വികസിപ്പിക്കും. മുഴപ്പിലങ്ങാട്, പൈതല്‍മല, കാഞ്ഞിരക്കൊല്ലി, ആറളം, പാലക്കയംതട്ട്, പറശിനിക്കടവ്, കൊട്ടിയൂര്‍ ടൂറിസം മേഖലകളെ ബന്ധിപ്പിച്ചു ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കാനും തീരുമാനിച്ചു.

മിച്ചഭൂമി പ്രശ്നത്തില്‍പ്പെട്ടു വലയുന്ന വടക്കേക്കളത്തെ 634 കര്‍ഷകര്‍ക്കായി 1234 ഏക്കര്‍ ഭൂമിയുടെ പട്ടയരേഖകള്‍ ഉടന്‍ വിതരണം ചെയ്യും. കൊട്ടിയൂരിലും ആറളത്തും മിച്ചഭൂമി പ്രശ്നമുള്ളവര്‍ക്കും പട്ടയം നല്‍കും. ഭൂരഹിതര്‍ക്കായി വെള്ളോറ വില്ലേജില്‍ നല്‍കിയ ഭൂമിയില്‍ കുടിവെള്ളം, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ അടിയന്തരമായി ഒരുക്കും. മട്ടന്നൂര്‍ വെളിയമ്പ്രയില്‍ കിന്‍ഫ്ര ഏറ്റെടുത്ത ഭൂമിയില്‍ ഐടി അധിഷ്ഠിത പാര്‍ക്ക് സ്ഥാപിക്കും.

പൊതുമരാമത്ത് വകുപ്പിന്റെ ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി മലയോര ഹൈവേ പദ്ധതി പുനരാരംഭിക്കും. ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍ 58 കിലോ മീറ്റര്‍ റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു പ്രവൃത്തി ഉടന്‍ ആരംഭിക്കും. സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഇവരുടെ പണം വര്‍ഷത്തില്‍ നിശ്ചിത തുക പ്രകാരം 15 വര്‍ഷത്തിനകം തിരിച്ചുനല്‍കും. ബജറ്റില്‍ പ്രഖ്യാപിച്ച പൂരക്കളി അക്കാദമി പയ്യന്നൂര്‍ ആസ്ഥാനമായി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.

മലബാറിലെ കുടിയേറ്റ ചരിത്രം പ്രതിപാദിക്കുന്ന വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ നിര്‍മാണം ഈ വര്‍ഷം തന്നെ തുടങ്ങും. പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനു തലശേരിയില്‍ എട്ടേക്കര്‍ അനുവദിക്കും. കൊടുവള്ളിയില്‍ റെയില്‍വേ മേല്‍പ്പാലത്തിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും. കണ്ണൂര്‍ നടാലിലും താഴെചൊവ്വയിലും റെയില്‍ മേല്‍പ്പാലത്തിന് അടിയന്തര നടപടി സ്വീകരിക്കും. ഇവിടെ പുതിയ ബൈപ്പാസ് വന്നതോടെയാണ് റെയില്‍ മേല്‍പ്പാലത്തിന് കൂടുതല്‍ പരിഗണന ലഭിക്കാതിരുന്നത്. എന്നാല്‍ ഏറെ ഓഫീസുകളും മറ്റുമുള്ളതിനാല്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടും.

തലശേരി-വളവുപാറ റോഡിന്റെ കരാറുകാരന്‍ പിന്മാറിയ സാഹചര്യത്തില്‍ റീടെന്‍ഡര്‍ ചെയ്യും. നിര്‍മാണപ്രവൃത്തി രണ്ടായി വിഭജിച്ചു രണ്ടു കരാറുകാര്‍ക്കായി വീതിച്ചു നല്‍കും. തിരുവനന്തപുരത്തെ ശാന്തി കവാടത്തിന്റെ മാതൃകയില്‍ പയ്യാമ്പലത്ത് ശവസംസ്കാരത്തിന് സംവിധാനമൊരുക്കും. ഇതിനായി ഒരു കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. ജില്ലാ ആസ്ഥാനത്ത് വിവിധ ഓഫീസുകള്‍ പല കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പുതിയ മിനി സിവില്‍സ്റേഷന്‍ സ്ഥാപിക്കും.

ജനങ്ങള്‍ക്കു നീതി ലഭിക്കാന്‍ തടസം നില്‍ക്കുന്ന ചട്ടങ്ങളില്‍ മാറ്റം വരുത്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണു ജനസമ്പര്‍ക്ക പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അല്ലാതെ ചികിത്സാ സഹായ വിതരണം മാത്രമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷവഹിച്ചു. മന്ത്രി കെ.പി. മോഹനന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, എംഎല്‍എമാരായ എ.പി. അബ്ദുള്ളക്കുട്ടി, കെ.എം. ഷാജി, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സരള, നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ്, ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.