ന്യൂനപക്ഷാവകാശം സാമൂഹികസമത്വം ഉറപ്പാക്കാനുള്ളതെന്നു ഹൈക്കോടതി
ന്യൂനപക്ഷാവകാശം സാമൂഹികസമത്വം ഉറപ്പാക്കാനുള്ളതെന്നു ഹൈക്കോടതി
Wednesday, June 3, 2015 12:27 AM IST
കൊച്ചി: ന്യൂനപക്ഷാവകാശമെന്നതു സാമൂഹിക സമത്വം ഉറപ്പാക്കാനുള്ളതാണെന്നും മേല്‍ക്കോയ്മ നേടാനുള്ളതല്ലെന്നും ഹൈക്കോടതി. ഹെഡ്മിസ്ട്രസ് നിയമനത്തില്‍ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ നിയമിച്ചുവെന്ന് ആരോപിച്ച് മലപ്പുറം സുല്ലാമുസ്സലാം ഓറിയന്റ ല്‍ ഹൈസ്കൂളിലെ അധ്യാപിക കെ. ജമീല നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റേതാണ് നിരീക്ഷണം.

ഹെഡ്മിസ്ട്രസ് നിയമനത്തിനു മതിയായ യോഗ്യതയുള്ളവരില്‍ നിന്നു ന്യൂനപക്ഷ പദവിയുള്ള സ്കൂളിന്റെ മാനേജ്മെന്റിനു താത്പര്യമുള്ളവരെ നിയമിക്കാമെന്നതില്‍ തര്‍ക്കമില്ലെന്നു കോടതി വ്യക്തമാ ക്കി. ഭരണഘടനാപരമായ ഈ അവകാശത്തിനുമേലെയല്ല കേരള വിദ്യാഭ്യാസ ചട്ടം. വസ്തുതകള്‍ ഇതാണെങ്കിലും ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നു സഹായം ലഭിക്കുന്നുണ്ട്. ആ നിലയ്ക്ക് ഇത്തരമൊരു പദവി നല്‍കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസപരമായ ദൌത്യം നിര്‍വഹിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഒരു നിയമനത്തിന്റെ പേരില്‍ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കു കോട്ടം വരരുത്. ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ മാനേജ്മെന്റുകള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്യ്രമില്ല. വിദ്യാഭ്യാസപരമായ ദൌത്യം നിറവേറ്റുകയെന്നതാണ് ഈ പദവി നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഈ അവകാശം ഭൂരിപക്ഷ വിഭാഗങ്ങളെക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ കൈവരിക്കാനോ മേല്‍ക്കോയ്മ നേടാനോ ഉള്ളതല്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു.


അധ്യാപകര്‍ പച്ചക്കോട്ട് ധരിച്ചു സ്കൂളില്‍ എത്തണമെന്ന മാനേജ്മെന്റിന്റെ നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് ജമീലയെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ഹെഡ്മിസ്ട്രസ് ആകാന്‍ തനിക്കു യോഗ്യത ഉണ്ടായിട്ടും തന്നെക്കാള്‍ ജൂണിയറായ മറ്റൊരു അധ്യാപികയെ ഹെഡ്മിസ്ട്രസായി നിയമിച്ചു എന്നാണു ഹര്‍ജിക്കാരിയുടെ ആക്ഷേപം. ഹര്‍ജിക്കാരിയെക്കാള്‍ യോഗ്യത ഉള്ളതിനാലാണ് ഈ അധ്യാപികയെ ഹെഡ്മിസ്ട്രസായി നിയമിച്ചതെന്ന സ്കൂളിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. 2013 ഏപ്രില്‍ ഒന്നിന് ഇവര്‍ ഹെഡ്മിസ്ട്രസായി എന്നു കണക്കാക്കി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവായി. ഹര്‍ജിക്കാരി കഴിഞ്ഞ ദിവസം റിട്ടയര്‍ ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഇനി പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.