എല്‍എന്‍ജി പൈപ്പ്ലൈന്‍ ആശങ്കകള്‍ ബാലിശമെന്നു ചീഫ് സെക്രട്ടറി
എല്‍എന്‍ജി പൈപ്പ്ലൈന്‍ ആശങ്കകള്‍ ബാലിശമെന്നു ചീഫ് സെക്രട്ടറി
Wednesday, June 3, 2015 12:36 AM IST
തിരുവനന്തപുരം: എല്‍എന്‍ജി പൈപ്പ്ലൈനുമായി ബന്ധപ്പെട്ടു ചിലര്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കകള്‍ ബാലിശമാണെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. പ്രസ്ക്ളബ് സംഘടിപ്പിച്ച 'കേരളം ഇനി എങ്ങോട്ട്' സംവാദപരമ്പരയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍എന്‍ജി ഗ്യാസ്ലൈന്‍ കേരളത്തിന്റെ വികസനത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായാല്‍ മാത്രമേ വ്യാവസായിക രംഗത്തു പുതിയ പദ്ധതികളുമായി കേരളത്തിനു മുന്നോട്ടുപോകാന്‍ കഴിയൂ.

2003ല്‍ സംഘടിപ്പിച്ച ഗ്ളോബല്‍ ഇന്‍വെസ്റേഴ്സ് മീറ്റില്‍ വച്ച രണ്ടു പദ്ധതികളായിരുന്നു വല്ലാര്‍പാടം കണ്െടയ്നര്‍ ടെര്‍മിനലും വൈപ്പിന്‍ എല്‍എന്‍ജിയും. ഇപ്പോള്‍ വല്ലാര്‍പാടത്തിന്റെ ആകെ ശേഷിയുടെ 10 ശതമാനം മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്. 4550 കോടി ചെലവിട്ടു നിര്‍മിച്ച എല്‍എന്‍ജി ടെര്‍മിനലില്‍ മൊത്തം ശേഷിയുടെ രണ്ടു ശതമാനം മാത്രമാണ് ഉപയോഗിക്കാനാകുന്നത്. എല്‍എന്‍ജി വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് കാരണം.

ആകെ 17 കിലോമീറ്റര്‍ ലൈന്‍ മാത്രമാണ് ഇതുവരെ കേരളത്തിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. 1500 കോടി ചെലവിട്ട് പൈപ്പ് വാങ്ങിയെങ്കിലും പ്രാദേശികമായ എതിര്‍പ്പുകാരണം പൈപ്പിടല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. കേരളത്തിനൊപ്പം പദ്ധതി ആരംഭിച്ച ഗുജറാത്തില്‍ 2800 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാവുകയും പദ്ധതി യാഥാര്‍ഥ്യമാവുകയും ചെയ്തു. ഇതുവഴി വാര്‍ഷിക നികുതി ഇനത്തില്‍ 3000 കോടി രൂപയാണ് ഗുജറാത്തിന്റെ ഖജനാവിലേക്ക് പോകുന്നത്. പൈപ്പിടല്‍ പൂര്‍ത്തിയാക്കുന്നതോടെ സമാനമായ നേട്ടം സംസ്ഥാനത്തിനുമുണ്ടാകുമെന്നും ജിജി തോംസണ്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റപ്പെടേണ്ടതുണ്ട്. കായംകുളം താപവൈദ്യുതി നിലയത്തിന്റെ ശേഷി 300 മെഗാവാട്ടില്‍നിന്ന് ഇരട്ടിയാക്കി വര്‍ധിപ്പിക്കണം. ഇപ്പോള്‍ ഒരു യൂണിറ്റിന് 14 രൂപയ്ക്കാണ് കെഎസ്ഇബിക്ക് ഇവിടെനിന്നു വൈദ്യുതി ലഭിക്കുന്നത്. ഉത്പാദനം വര്‍ധിപ്പിക്കുന്നതോടെ 14 രൂപയെന്നത് പകുതിയായി കുറയ്ക്കാന്‍ കഴിയും. ഇത് കെഎസ്ഇബിക്കും ഉപയോക്താക്കള്‍ക്കും ഗുണം ചെയ്യും.

ചീമേനി, ബ്രഹ്മപുരം നിലയങ്ങളും എല്‍എന്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലേക്കു മാറ്റേണ്ടതുണ്ട്. ഇതുകൂടാതെ വീടുകളിലേക്കുള്ള പാചകവാതക വിതരണവും പൈപ്പ്ലൈന്‍ വഴിയാക്കണം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഈ സംവിധാനം വന്നുകഴിഞ്ഞു. സംസ്ഥാനത്ത് കൊച്ചിയിലാണ് ഈ സംവിധാനം ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളുമായി ഡല്‍ഹിയിലെത്തുമ്പോഴെല്ലാം പ്രധാനമന്ത്രിയടക്കം കേരളത്തില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ കാരണം അന്വേഷിക്കുകയാണ്. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ലോകത്ത് എല്ലായിടത്തും ഭൂമിക്കടിയിലൂടെയാണ് എല്‍എന്‍ജി കൊണ്ടുപോകുന്നത്. ഒരു വീടുപോലും മാറ്റാതെ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. കേരളത്തെക്കാള്‍ ജനസാന്ദ്രത കൂടിയ മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പൈപ്പിടല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയായതാണ്. സംസ്ഥാനത്തു പൈപ്പിടല്‍ പൂര്‍ത്തിയാക്കാനാകാത്തത് സങ്കടകരമാണ്. യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വികസന പദ്ധതികള്‍ക്കു തടസം നില്‍ക്കുന്ന രീതിക്കു മാറ്റംവന്നേ മതിയാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സംസ്ഥാനത്തു പുതിയ വികസന സംരംഭങ്ങള്‍ ആരംഭിക്കുന്നതു വേഗത്തിലാക്കാന്‍ നിലവിലുള്ള ഏകജാലക സംവിധാനം കാര്യക്ഷമമാക്കണം. വ്യവസായ സംരംഭങ്ങള്‍ക്ക് തടസം നില്‍ക്കുന്ന കാലഹരണപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും പൊളിച്ചെഴുതണം. ഇതു സംബന്ധിച്ച നിയമങ്ങള്‍ ലളിതമാക്കേണ്ടതുണ്ട്. സംരംഭങ്ങള്‍ തടസം കൂടാതെ യാഥാര്‍ഥ്യമാക്കുന്നതിനായി കൊണ്ടുവന്ന ഏകജാലക സംവിധാനം കാര്യക്ഷമമല്ല. ഈ സാഹചര്യത്തില്‍ ഭാവി നടപടികള്‍ ആലോചിക്കുന്നതിനായി ഇന്നലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതായും ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. ഓരോ മേഖലയും തരംതിരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സ്ഥിതിക്ക് മാറ്റം വരണമെന്നും ഒരു പദ്ധതിയെ സംബന്ധിച്ച ഏകജാലക സംവിധാനത്തിലെ തീരുമാനം അന്തിമമാകണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ലൈറ്റ് മെട്രോ സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭായോഗമാണു സ്വീകരിക്കേണ്ടത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ചില മാധ്യമങ്ങള്‍ എഴുതിയതു പോലെ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നതടക്കമുള്ള യാതൊരു നിര്‍ദേശവും താന്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.