മുഖപ്രസംഗം: കാലവര്‍ഷം: മുന്‍കരുതല്‍ ഇല്ലാത്തതിന്റെ ദുരിതങ്ങള്‍
Tuesday, June 30, 2015 11:28 PM IST
സംസ്ഥാനത്തു കാലവര്‍ഷം കനത്തതോടെ വ്യാപക നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാത്തതു പലേടത്തും സ്ഥിതി വഷളാക്കി. കാര്‍ഷികമേഖലയില്‍ വന്‍ നഷ്ടമാണുണ്ടായിരിക്കുന്നത്. കനത്ത കടലാക്രമണംമൂലം വീടു നഷ്ടപ്പെട്ടവരേറെയാണ്. കടല്‍ഭിത്തി കടന്നും പലേടത്തും കൂറ്റന്‍ തിരമാലകള്‍ തീരത്തെ കാര്‍ന്നുതിന്നു. ട്രോളിംഗ് നിരോധനം നിലവിലുള്ളതുകൊണ്ട് തീരദേശത്തു വറുതിയുടെ ദിനങ്ങളാണിത്. ട്രോളിംഗ് കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കു സൌജന്യ റേഷന്‍ അനുവദിക്കാറുണ്െടങ്കിലും പലേടത്തും ലഭ്യമായിട്ടില്ലന്നു പരാതിയുണ്ട്. കുട്ടനാട്ടില്‍ മഴവെള്ളവും മലവെള്ളവും ഒഴുകിയെത്തുന്നതോടെ ജനജീവിതം കൂടുതല്‍ ദുഃസഹമാകും. വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളില്‍ കൂടുതല്‍ ആശങ്ക പരത്തുന്നുണ്ട്.

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ മടവീഴ്ച തുടങ്ങിക്കഴിഞ്ഞു. ജലനിരപ്പ് ഉയരുന്നതോടെ മറ്റു നിരവധി നെല്‍പ്പാടങ്ങളും ഭീഷണി നേരിടുകയാണ്. കുട്ടനാട് പാക്കേജില്‍ വന്‍ പദ്ധതികള്‍ വന്നിട്ടും കുട്ടനാട്ടിലെ നിരവധി പാടശേഖരങ്ങള്‍ക്ക് ഇപ്പോഴും ബലവത്തായ പുറംബണ്ടുകളില്ല. കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ദുര്‍ബലമായ പുറംബണ്ടുകള്‍ പൊട്ടി വെള്ളം ഇരച്ചുകയറിയാണു പലേടത്തും കൃഷിനാശമുണ്ടായത്. ആലപ്പുഴ പുറക്കാട്ട് ബണ്ടു സംരക്ഷണത്തിനു പോയയാള്‍ വെള്ളത്തില്‍ വീണും, ആലപ്പുഴ പള്ളിക്കൂട്ടുമ്മയില്‍ കുളിക്കാനിറങ്ങിയയാള്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടും മരിച്ച സംഭവങ്ങള്‍ ജാഗ്രതക്കുറവിന്റെ സൂചന നല്‍കുന്നുണ്ട്. മിന്നലേറ്റും നിരവധിപ്പേര്‍ അപകടത്തില്‍പ്പെടുന്നുണ്ട്. മഴക്കാല രോഗങ്ങളും വ്യാപകമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചു പലര്‍ക്കും അറിഞ്ഞുകൂടാ. കാലവര്‍ഷക്കാലത്തു സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളെക്കുറിച്ചു ദീപിക ഏതാനും ദിവസം മുമ്പ് വിശദമായി പ്രതിപാദിച്ചിരുന്നു.

സ്കൂളുകളിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ക്ളാസുകളും പ്രായോഗിക പരിശീലനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്. നാഷണല്‍ സര്‍വീസ് സ്കീം, എന്‍സിസി തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ദുരന്തനിവാരണ പാഠങ്ങള്‍ കുട്ടികളെ അഭ്യസിപ്പിക്കണം. കാലവര്‍ഷത്തെ നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും പല അപ്രതീക്ഷിത ദുരന്തങ്ങള്‍ക്കു മുന്നിലും പകച്ചുനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ദുരന്തരംഗങ്ങളില്‍ നിര്‍ണായക സേവനം കാഴ്ചവയ്ക്കേണ്ട ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ് പോലുള്ള സംവിധാനങ്ങളുടെ പോരായ്മകള്‍ വ്യക്തമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. മരം വീണും വൈദ്യുതലൈന്‍ പൊട്ടിവീണുമൊക്കെ അപകടമുണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും ആള്‍ശേഷിയും ഇല്ലാത്തതു പലേടത്തും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. പല അപകടരംഗങ്ങളിലും നാട്ടുകാരുടെ ആത്മാര്‍ഥമായ സഹകരണം ഉള്ളതുകൊണ്ടാണ് കാര്യങ്ങള്‍ കുറെയെങ്കിലും കാര്യക്ഷമതയോടെ നടക്കുന്നത്. ദുരന്തനിവാരണത്തിനുള്ള സംവിധാനം കുറേക്കൂടി ശാസ്ത്രീയമാകണം. ഉദ്യോഗസ്ഥന്മാരുടെ സംഘങ്ങളെ നിയോഗിച്ചതുകൊണ്ടുമാത്രം ദുരന്തനിവാരണം ഭംഗിയായി നടക്കണമെന്നില്ല. അവര്‍ക്ക് അതിനുള്ള പരിശീലനവും സൌകര്യങ്ങളും ഉപകരണങ്ങളും നല്‍കണം.


കാലവര്‍ഷം ആരംഭിച്ച് ഇതുവരെ 29 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നാശനഷ്ടം നൂറു കോടി രൂപയോളം വരും. 5000 ഹെക്ടര്‍ സ്ഥലത്തു കൃഷിനാശമുണ്ടായി. പ്രധാന വിളകള്‍ക്കൊപ്പം ഇടവിളകളും വന്‍തോതില്‍ നശിച്ചു. ഇവയ്ക്കൊക്കെ ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണം. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തു കോര്‍മലയിടിഞ്ഞുവീണു മൂന്നുനില മന്ദിരം തകര്‍ന്നുവീണതുപോലെ കനത്ത മഴ ആശങ്കയുയര്‍ത്തുന്ന നിരവധിപ്രദേശങ്ങളുണ്ട്. ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും ഉണ്ടായി. കോട്ടയം ചിങ്ങവനത്ത് റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണു കഴിഞ്ഞദിവസം കുറേ സമയം ഗതാഗതം തടസപ്പെട്ടിരുന്നു. ഈ മേഖലയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ പലേടത്തും മണ്ണെടുത്തിട്ടുണ്ട്. തുടര്‍നിര്‍മാണങ്ങളിലുണ്ടാകുന്ന കാലതാമസം മണ്ണെടുത്ത വശങ്ങളില്‍നിന്നു വീണ്ടും ഇടിവുണ്ടാകാന്‍ ഇടയാക്കും.

എംസി റോഡില്‍ ചെങ്ങന്നൂര്‍-മൂവാറ്റുപുഴ ഭാഗത്തു പലേടത്തും മണ്ണെടുപ്പും വശങ്ങളില്‍ കരിങ്കല്ലുകെട്ടും ഓട നിര്‍മാണവും റോഡിനു കുറുകേ വെള്ളം ഒഴുകാനുള്ള കലുങ്കു നിര്‍മാണവുമൊക്കെ നടന്നുവരുന്നു. ഭാവിയിലെ യാത്രാസൌകര്യത്തിന് ഇവയൊക്കെ അനിവാര്യമാണെങ്കിലും ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ നമ്മുടെ കാലാവസ്ഥാ സാഹചര്യംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. മണ്ണെടുപ്പും കോണ്‍ക്രീറ്റ് ജോലികളുമൊക്കെ കഴിവതും വേനല്‍ക്കാലത്തുതന്നെ പൂര്‍ത്തിയാക്കാനാണു ശ്രമിക്കേണ്ടത്. മഴക്കാലത്തും ഇത്തരം പണികള്‍ നീണ്ടുപോയാല്‍ യാത്രാദുരിതം മാത്രമല്ല, അപകടത്തിനും അതിടയാക്കും.

ഇക്കഴിഞ്ഞ മഴദിവസങ്ങളില്‍ മാത്രം കേരളത്തില്‍ എണ്ണായിരത്തിലേറെ ഇലക്ട്രിക് പോസ്റുകളാണു കടപുഴകി വീണത്. വടക്കന്‍ കേരളത്തില്‍ 44 ട്രാന്‍സ്ഫോമറുകളും മധ്യകേരളത്തില്‍ 28 ട്രാന്‍സ്ഫോമറുകളും കേടായി. പലേടത്തും വൈദ്യുതിവിതരണം തടസപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീക്കാറ്റുപോലൊരു വിചിത്രപ്രതിഭാസം ഈ ദിവസങ്ങളില്‍ ജനങ്ങളില്‍ വലിയ ആശങ്ക ഉളവാക്കി. ചെടികളുടെയും മരങ്ങളുടെയും ഇലകള്‍ വാടിക്കരിയുന്നതാണീ പ്രതിഭാസം. വ്യക്തമായ ശാസ്ത്രീയ വിശദീകരണം ഇനിയും ഇക്കാര്യത്തില്‍ നല്‍കാനായിട്ടില്ല. പ്രകൃതിയുടെ ഇത്തരം വിചിത്ര പ്രതിഭാസങ്ങളെയും അപ്രതീക്ഷിത ദുരന്തങ്ങളെയും തടയാനാകില്ലെങ്കില്‍ത്തന്നെ നേരിടാനും പ്രതിരോധിക്കാനുമുള്ള തയാറെടുപ്പ് അനിവാര്യമാണ്. അതിനുള്ള ഗൌരവതരമായ ശ്രമമാണു ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.