പൈനാപ്പിളും കയ്ക്കുന്നു!
പൈനാപ്പിളും കയ്ക്കുന്നു!
Tuesday, June 30, 2015 12:20 AM IST
ജെയ്സ് വാട്ടപ്പിള്ളില്‍

മൂവാറ്റുപുഴ: പൈനാപ്പിള്‍ (കന്നാരചക്ക) ലാഭകരമായ കൃഷിയെന്നാണു പൊതുവെ അറിയപ്പെട്ടിരുന്നത്, എന്നാല്‍ കഥ മാറിയിരിക്കുന്നു. വിലത്തകര്‍ച്ചമൂലം കൃഷി മുന്നോട്ടുകൊണ്ടുപോകാനാകാതെ ചെറുകിട, വന്‍കിട കര്‍ഷകര്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു വര്‍ഷം മുമ്പു വരെ കിലോയ്ക്ക് 30 മുതല്‍ 40 രൂപ വരെ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കര്‍ഷകനു ലഭിക്കുന്ന ശരാശരി വില 12 മുതല്‍ 15 രൂപവരെയാണ്. ഉത്പാദന ചെലവനുസരിച്ചു കിലോഗ്രാമിനു 20 രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ നഷ്ടം കൂടാതെ കൃഷി മുന്നോട്ടുകൊണ്ടുപോകാനാവൂ.

കൃഷി നഷ്ടത്തിലായതോടെ നിരവധി ചെറുകിട കര്‍ഷകര്‍ കൃഷിയില്‍നിന്നു പിന്‍വാങ്ങി. എന്നാല്‍, വന്‍കിട കര്‍ഷകര്‍ക്കു പെട്ടെന്നു പിന്‍വാങ്ങാനാകാത്ത സ്ഥിതിയാണ്. മൂന്നു വര്‍ഷത്തേക്കെങ്കിലും സ്ഥലം പാട്ടത്തിനെടുത്തു ലക്ഷകണക്കിനു രൂപ ചെലവഴിച്ചാണ് ഇവര്‍ കൃഷിയിറക്കുന്നത്. ഇതുമൂലം നഷ്ടമുണ്ടായാലും പെട്ടെന്നു കൃഷി ഉപേക്ഷിച്ചുപോകാന്‍ ഇവര്‍ക്കു കഴിയില്ല. വില വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ വീണ്ടും കൃഷിയിലേക്കു കൂടുതല്‍ തുക മുടക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

പൈനാപ്പിളിനു സര്‍ക്കാര്‍ അടിസ്ഥാനവില നിശ്ചയിക്കാത്തതാണു കര്‍ഷകര്‍ പ്രതിസന്ധിയിലാകാനുള്ള പ്രധാന കാരണം. സര്‍ക്കാര്‍ ബജറ്റില്‍ ഇതിനുള്ള ഫണ്ട് ഉള്‍പ്പെടുത്തണമെന്ന നാളുകളായുള്ള കര്‍ഷകരുടെ ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. രണ്ടു ഹെക്ടര്‍ വരെ കൃഷിചെയ്യുന്ന കര്‍ഷകന്‍ വര്‍ഷത്തില്‍ രണ്േടാ മൂന്നോ സീസണില്‍ മാത്രമാണു വിളവെടുപ്പ് നടത്തുന്നത്. പലപ്പോഴും ഈ സമയത്തു നല്ല വില ലഭിക്കാറുമില്ല. ഇതോടെ കൃഷി വന്‍ നഷ്ടത്തിലാകും.

അടിസ്ഥാനവില നിശ്ചയിച്ചു വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തിയാല്‍ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണു കര്‍ഷകരുടെ അഭിപ്രായം. എന്നാല്‍, ഇതിനു സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ വാഴക്കുളം നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനി വഴി കര്‍ഷകരില്‍നിന്നു പൈനാപ്പിള്‍ സംഭരിക്കുന്നുണ്െടങ്കിലും വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ല. ഇവിടത്തെ സംഭരണശേഷി 40 ടണ്‍ മാത്രമാണ്. വാഴക്കുളം മാര്‍ക്കറ്റില്‍നിന്നു 100 ടണ്‍ പൈനാപ്പിളെങ്കിലും രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളിലേക്കു ദിനംപ്രതി കയറ്റി അയയ്ക്കുന്നുണ്ട്.


സംഭരണം നടത്തുന്നതിനു സ്ഥിരമായ സംവിധാനം ഉണ്െടങ്കില്‍ മാത്രമേ കര്‍ഷകര്‍ക്കു വേണ്ടത്ര പ്രയോജനം ലഭിക്കൂ. പൈനാപ്പിള്‍ മിഷന്‍ രൂപീകരിച്ചു സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്െടങ്കിലും കര്‍ഷകര്‍ക്കു വേണ്ട സംരക്ഷണം ലഭിക്കുന്നില്ല. ഇതിനിടെ, കൃഷിക്കെതിരേ നടക്കുന്ന കുപ്രചരണങ്ങളും കര്‍ഷകര്‍ക്കു വിനയായി മാറിയിട്ടുണ്ട്. ഒരേസമയം കുലയ്ക്കാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ വരെ മാരക കീടനാശിനിയാണെന്ന വ്യാജപ്രചാരണമാണ് അഴിച്ചുവിടുന്നത്. ഇതുമൂലം നിരവധി തോട്ടങ്ങളില്‍ കൃഷിവകുപ്പ് അംഗീകരിച്ചിട്ടുള്ള കീടനാശിനികളോ ജൈവകീടനാശിനിയോ പോലും തളിക്കാനാകാത്ത സ്ഥിതിയുമുണ്ട്.

സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമായി 50,000 ഏക്കര്‍ സ്ഥലത്തു പൈനാപ്പിള്‍ കൃഷിയുണ്െടന്നാണു കണക്ക്. പ്രതിവര്‍ഷം 60,000 ടണ്ണോളം ഉത്പാദനവും നടക്കുന്നുണ്ട്. പ്രതിവര്‍ഷം 600 കോടി രൂപ പൈനാപ്പിള്‍ കയറ്റുമതിയിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ട്. എന്നാല്‍, കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മാറ്റിവയ്ക്കുന്നതു തുച്ഛമായ തുകയാണ്. കീടബാധ, വേരിനു പഴുപ്പ്, കൂമ്പുചീയല്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷയോ മറ്റു നഷ്ടപരിഹാരമോ ഇല്ലാത്തതും കര്‍ഷകര്‍ക്കു തിരിച്ചടിയാണ്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉണക്ക് ബാധിച്ചും കൃഷിനാശം സംഭവിക്കും. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് കര്‍ഷകര്‍ പലപ്പോഴും കൃഷിയിറക്കുന്നത്.

റബര്‍ ഉള്‍പ്പെടെയുള്ള കൃഷി നഷ്ടമായതോടെ നിരവധി യുവാക്കള്‍ പൈനാപ്പിള്‍ കൃഷിയില്‍ പരീക്ഷണത്തിനു തയാറായി രംഗത്തുവന്നെങ്കിലും ഇവിടെയും രക്ഷയില്ലാതായി. ഉത്പാദന വര്‍ധനയനനുസരിച്ചു കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാ യിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.