കുനിയില്‍ അതീഖ് റഹ്മാന്‍ വധക്കേസ്: ഹൈക്കോടതിയുടെ വിമര്‍ശനം
കുനിയില്‍ അതീഖ് റഹ്മാന്‍ വധക്കേസ്:  ഹൈക്കോടതിയുടെ വിമര്‍ശനം
Friday, July 3, 2015 1:35 AM IST
കൊച്ചി: കുനിയില്‍ അതീഖ് റഹ്മാന്‍ വധക്കേസില്‍ മൂന്നു വര്‍ഷമായിട്ടും പോലീസ് കുറ്റപത്രം നല്‍കാത്തതു നാണക്കേടാണെന്നു ഹൈക്കോടതി. കുനിയില്‍ ഇരട്ടക്കൊലപാതകത്തിനു വഴിയൊരുക്കിയ ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടിലെ ചില വസ്തുതകള്‍ പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനു സമര്‍പ്പിച്ചിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചിരുന്നു.

കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ടു മാസത്തെ സാവകാശം വേണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച് ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം ഈ കേസിന്റെ കാര്യത്തില്‍ എന്തോ പ്രശ്നമുണ്െടന്ന് കോടതിക്കു കരുതേണ്ടിവരും. കുനിയില്‍ ഇരട്ടക്കൊലക്കേസിന്റെ വിചാരണയും ഈ കേസിന്റെ വിചാരണയും ഒരേസമയം നടത്തുന്ന കാര്യത്തില്‍ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നും ജസ്റീസ് പി. ഉബൈദ് ഉത്തരവില്‍ വ്യക്തമാക്കി. അതീഖ് റഹ്മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ അബൂബക്കര്‍, കൊളക്കാടന്‍ ആസാദ് എന്നിവരെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച പോലീസ് അതീഖ് റഹ്മാന്‍ വധക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതിനെതിരെ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.